റാറ്റ്സിംഗര്‍ പുരസ്‌കാരം 2022; ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി സാക്ഷ്യം വഹിച്ച സ്വന്തം പേരിലുള്ള അവാർഡ് ദാന ചടങ്ങ്

റാറ്റ്സിംഗര്‍ പുരസ്‌കാരം 2022; ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി സാക്ഷ്യം വഹിച്ച സ്വന്തം പേരിലുള്ള അവാർഡ് ദാന ചടങ്ങ്

വത്തിക്കാൻ സിറ്റി: ഡിസംബർ ഒന്നിന് സമ്മാനിച്ച 2022 ലെ റാറ്റ്സിംഗര്‍ പുരസ്‌കാരദാന ചടങ്ങ് ജീവിച്ചിരിക്കെ എമെരറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്‌ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ച സ്വന്തം പേരിലുള്ള അവസാന അവാർഡ് ദാന ചടങ്ങായിരുന്നു. ജീവിതത്തിലുടനീളം ദൈവശാസ്ത്രത്തിന് ആധികാരികവും അർഥവത്തായതുമായ സംഭാവനകൾ നൽകിയ പണ്ഡിതന്മാരെ അംഗീകരിക്കുന്നതിന് വേണ്ടി 2011 ലാണ് ബെനഡിക്ട് പാപ്പ റാറ്റ്സിംഗര്‍ പുരസ്‌കാരം ആരംഭിച്ചത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ തിരുസഭയ്ക്കും ദൈവശാസ്ത്ര രംഗത്തിനും നല്‍കിയ സംഭാവനകളെക്കുറിച്ച് വത്തിക്കാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചിരുന്നു. സാര്‍വ്വത്രിക സഭക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പ്രവര്‍ത്തനപരമായ സംഭാവനകളും, ചിന്തകളും ഫലപ്രദമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് പ്രധാനപ്പെട്ടതാണെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു.


2022 ലെ റാറ്റ്‌സിംഗർ സമ്മാന ജേതാക്കളായ പ്രൊഫസർ ജോസഫ് എച്ച്. എച്ച്. വെയ്‌ലർ, ഫാദർ മൈക്കൽ ഫെഡോ എന്നിവരോടൊപ്പം ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ

തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവശാസ്ത്രം ഭൂതകാലത്തിനല്ല മറിച്ച് ഭാവിക്ക് വേണ്ടിയുള്ളതാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി. രണ്ടാം വത്തിക്കാൻ കൗൺസിൽ ഉദ്ഘാടനത്തിന്റെ 60-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ കൗൺസിലിന്റെ ചില രേഖകൾ സൃഷ്ടിക്കുന്നതിൽ സഹായിച്ച ഒരു വിദഗ്ദ്ധനെന്ന നിലയിൽ ഫാദർ ജോസഫ് റാറ്റ്‌സിംഗറുടെ പങ്കിനെ ചൂണ്ടിക്കാണിച്ചു.

മാത്രമല്ല വിശുദ്ധ ജോൺ പോൾ രണ്ടാമനോടൊപ്പവും പിന്നെ സാർവത്രിക സഭയുടെ തലവൻ എന്ന നിലയിലും ഇത് നടപ്പിലാക്കുന്നതിൽ സഭാ സമൂഹത്തെ നയിക്കാൻ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് കഴിഞ്ഞുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

കൗൺസിൽ അതിന്റെ നിർണായകമായ പ്രവർത്തനം എങ്ങനെ ശാശ്വതമായി വിനിയോഗിക്കുന്നുവെന്ന് ബെനഡിക്റ്റ് പതിനാറാമൻ ഈ അടുത്തകാലഘട്ടങ്ങളിൽ പോലും ഉയർത്തിക്കാട്ടിയിരുന്നു. ഇക്കാലത്തെ സഭയുടെ സ്വഭാവത്തെയും ദൗത്യത്തെയും സംബന്ധിച്ചുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം തങ്ങൾക്ക് നൽകിയതായും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

"വാസ്തവത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പ 'നവീകരണത്തിന്റെയും നിരന്തരത്വത്തിന്റെയും ഭാഷ്യതന്ത്രം' നിർദ്ദേശിച്ചുകൊണ്ട് അനുരഞ്ജന രേഖകൾ ആഴത്തിൽ വായിക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്" ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവശാസ്ത്രപരമായ സംഭാവനകൾ 'ഓപ്പറ ഒമ്നിയ'യുടെ പ്രസിദ്ധീകരണത്തിലൂടെയാണ് വിശ്വാസി സമൂഹത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. അതിന്റെ ജർമ്മൻ പതിപ്പ് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനവും പുരോഗമിക്കുക്കുകയാണ്.

"ഈ സംഭാവനകൾ സഭയുടെ യാത്രയ്ക്ക് ഒരു ഉറച്ച ദൈവശാസ്ത്രപരമായ അടിസ്ഥാനം നൽകുന്നു. കൂട്ടായ്മയായി കാണാനും ജീവിക്കാനും അദ്ദേഹം നമ്മെ പഠിപ്പിച്ച "സുന്നഹദോസിൽ" കർത്താവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന, സുവിശേഷം പ്രഘോഷിക്കാനും ലോകത്തെ സേവിക്കാനുമുള്ള ദൗത്യത്തിനായി എപ്പോഴും തുറന്നിരിക്കുന്ന ഒരു 'ജീവനുള്ള' സഭ അതിൽ അത് വസിക്കുന്നു" ഫ്രാൻസിസ് മാർപ്പാപ്പ വിശദീകരിച്ചു.

കൂടാതെ വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമന്റെയും സെന്റ് ജോൺ പോൾ രണ്ടാമന്റെയും പേരിലുള്ള വത്തിക്കാൻ ഫൗണ്ടേഷനുകളും ജോസഫ് റാറ്റ്സിംഗർ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തെയും മാർപാപ്പ എടുത്തുപറഞ്ഞു.

ബെനഡിക്റ്റ് പതിനാറാമൻ ഫൗണ്ടേഷന്റെ സേവനം “ഭൂതകാലത്തിലേക്ക് നയിക്കപ്പെടുന്നതല്ല, മറിച്ച് ഭാവിയിലും കൗൺസിലിന്റെ നടത്തിപ്പിനും സഭ തമ്മിലുള്ള സംവാദത്തിനും ഫലപ്രദമാണ്” എന്ന ബോധ്യത്തിന്റെ വീക്ഷണകോണിലാണ് സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ സമഗ്രമായ പരിസ്ഥിതി ശാസ്ത്രം, മനുഷ്യാവകാശങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയ ഇന്ന് ലോകത്ത് ഏറ്റവും പ്രസക്തവും ചർച്ച ചെയ്യപ്പെടുന്നതുമായ മേഖലകളിലും അദ്ദേഹത്തിന്റെ ചിന്തകൾ ഫലപ്രദമാണ്” എന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.


ദൈവശാസ്ത്രജ്ഞനായ ഫാദർ മൈക്കൽ ഫെഡോ, നിയമ പ്രൊഫസർ ജോസഫ് ഹാലെവി ഹൊറോവിറ്റ്സ് വെയ്‌ലർ എന്നിവക്കായിരുന്നു 2022 ലെ റാറ്റ്സിംഗര്‍ പ്രൈസ് ലഭിച്ചിരുന്നത്.

ഫാദർ മൈക്കൽ ഫെഡോ

ഫ്രാൻസിലെ ലിയോണിൽ 1952 ൽ ജനിച്ച ജെസ്യൂട്ട് പുരോഹിതനാണ് മൈക്കൽ ഫെഡോ. 1987 മുതൽ പാരീസിലെ സെന്റർ സെവ്‌റസിൽ ഡോഗ്മാറ്റിക് തിയോളജിയും പാട്രിസ്റ്റിക്‌സും പഠിപ്പിക്കുന്നു. അവിടെ അദ്ദേഹം ദൈവശാസ്ത്ര ഫാക്കൽറ്റിയുടെ ഡീനായും തുടർന്ന് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എക്യുമെനിക്കൽ സംവാദങ്ങളിലും സജീവമായ സാന്നിധ്യമാണ് പ്രൊഫസർ ഫെഡോ.

ലൂഥറൻമാരുമായും ഓർത്തഡോക്സ് ക്രിസ്ത്യാനികളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ദൈവശാസ്ത്ര സംഘടനകളിലും കമ്മീഷനുകളിലും പ്രൊഫസർ മൈക്കൽ ഫെഡോ അംഗമാണ്. കൂടാതെ പാട്രിസ്റ്റിക്സ്, ക്രിസ്റ്റോളജി എന്നിവ ഉൾപ്പെടെ ഉള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ് പ്രൊഫസർ ഫെഡോ.

"ക്രിസ്ത്യൻ ദൈവശാസ്ത്രത്തിന്റെ ഗുരു" കൂടിയായ ഫാ. ഫെഡോ പഠനത്തിനും അധ്യാപനത്തിനുമായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് പൗരസ്ത്യ, പാശ്ചാത്യ സഭാപിതാക്കന്മാരുടെ കൃതികളിലും നൂറ്റാണ്ടുകളായി ഉണ്ടായ ക്രിസ്റ്റോളജിയുടെ വികാസത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പാപ്പ പറഞ്ഞു.

കൂടാതെ, സഭയുടെ ഭൂതകാലത്തിൽ മാത്രം ചിന്തകൾ കേന്ദ്രീകരിക്കാതെ വിശ്വാസ പാരമ്പര്യത്തെക്കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച് എക്യുമെനിസത്തിന്റെ മേഖലയിലും മറ്റ് മതങ്ങളുമായുള്ള ബന്ധത്തിലും നിലവിലുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മാർപ്പാപ്പ വ്യക്തമാക്കി.

ഫ്രഞ്ച് ദൈവശാസ്ത്രത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഒരു ധീരനായ ഈ അവകാശിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും ഈ ഫ്രഞ്ച് ദൈവശാസ്ത്രത്തിന്റെ സംഭാവനയില്ലാതെ രണ്ടാം വത്തിക്കാൻ കൗൺസിൽ പരിപോഷിപ്പിക്കപ്പെട്ട ചിന്തകളുടെ സമ്പന്നതയും ആഴവും പരപ്പും സാധ്യമാകുമായിരുന്നില്ലയെന്നും പാപ്പ കൂട്ടിച്ചേർത്തു.

പ്രൊഫസറായ ജോസഫ് എച്ച്‌എച്ച് വെയ്‌ലർ

യൂണിവേഴ്‌സിറ്റികളിലും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജൂത നിയമ പ്രൊഫസറായ ജോസഫ് എച്ച്‌എച്ച് വെയ്‌ലർ ഒരു അമേരിക്കൻ പൗരനാണ്. 1951-ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ചു. വിവിധ വിഷയങ്ങളിലുള്ള നൈപുണ്യം അദ്ദേഹത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും മറ്റിടങ്ങളിലും നിരവധി സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചു.

നിലവിൽ പ്രൊഫസർ ജോസഫ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ യൂറോപ്യൻ യൂണിയൻ ജീൻ മോണറ്റ് ചെയർ ഹോൾഡറും ആണ്. ഹൗസർ ഗ്ലോബൽ ലോ സ്‌കൂൾ പ്രോഗ്രാമിന്റെ ഡയറക്ടറും കോളേജ് ഓഫ് യൂറോപ്പിലെ പ്രൊഫസറുമാണ് അദ്ദേഹം. മാത്രമല്ല വിവിധ യൂറോപ്യൻ രാജ്യങ്ങളിലും മക്കാവോയിലും അധ്യാപക, കൺസൾട്ടിംഗ് സ്ഥാനങ്ങളും പ്രൊഫസർ ജോസഫ് വഹിക്കുന്നു.

ഭരണഘടനാ, അന്തർദേശീയ, യൂറോപ്യൻ നിയമങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നിരവധി കൃതികളുടെ രചയിതാവാണ് പ്രൊഫസർ വെയ്‌ലർ. യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് മുമ്പാകെ രാജ്യത്തിന്റെ കേസ് വാദിച്ചതിന് ഇറ്റലിയിൽ അദ്ദേഹം പ്രശസ്തനാണ്.

2011 മാർച്ച് 18 ന്, സ്കൂളുകളിലെ ക്ലാസ് മുറികളിൽ ക്രൂശിതരൂപങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇറ്റാലിയൻ നിയമം യൂറോപ്യൻ കൺവെൻഷൻ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച നിയമത്തെ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനൊക്കെ പുറമെ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഓണററി ബിരുദം ലഭിച്ചിട്ടുണ്ട്.

യഹൂദ വിശ്വാസത്തിന്റെ ആദ്യ അനുയായി പ്രൊഫ. വെയ്‌ലർക്ക് അഭിമാനകരമായ സമ്മാനം ലഭ്യമായതിൽ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു. "തന്റെ വ്യക്തിപരമായ ദൈവശാസ്ത്ര പ്രവർത്തനത്തിന്റെ ലക്ഷ്യം തുടക്കം മുതൽ ക്രിസ്ത്യാനികളും ജൂതന്മാരും തമ്മിലുള്ള അനുരഞ്ജനത്തിന്റെ എല്ലാ നടപടികളും പങ്കുവയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയിരുന്നു" എന്ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പ മുമ്പ് പറഞ്ഞിട്ടുള്ളതും ആ അവസരത്തിൽ ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു.

സമകാലിക ലോകത്തിലെ വിശ്വാസവും നിയമപരമായ യുക്തിയും തമ്മിലുള്ള ബന്ധം ഉൾപ്പെടെ, മറ്റ് വിഷയങ്ങളിൽ ബെനഡിക്റ്റ് പതിനാറാമനും പ്രൊഫ. വെയ്‌ലറും തമ്മിലുള്ള യോജിപ്പിനെ പാപ്പ എടുത്ത് പറഞ്ഞു.

നീതിപരിപാലനപരമായ യഥാര്‍ത്ഥ തത്ത്വജ്ഞാനത്തിന്റെ പ്രതിസന്ധിയും ആത്മനിഷ്ഠ അവകാശങ്ങളുടെ പരിധിയില്ലാത്ത വിപുലീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഘർഷങ്ങളും, മതത്തെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്ന ഒരു സംസ്കാരത്തിൽ മതസ്വാതന്ത്ര്യം പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണ എന്നീ വിഷയങ്ങളിൽ ഇരുവർക്കുമിടയിൽ ധാരാളം സമാനചിന്തകൾ ഉണ്ട്.

ഈ വിഷയങ്ങളെക്കുറിച്ച് പ്രൊഫ. വെയ്‌ലർ ആഴത്തിലുള്ള പഠനങ്ങൾ നടത്തുക മാത്രമല്ല, ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ആവശ്യമുള്ളപ്പോൾ അവയെ വിദ്യാഭ്യസപരമായ തലത്തിൽ നിന്ന് ചർച്ചയുടെ തലത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട് എന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.


കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.