ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലും ബിജെപി സംഘടനാ തലത്തിലും ഉടന്‍ അഴിച്ചുപണി ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി മന്ത്രിസഭയിലെത്തുമെന്ന് സൂചന. കേരളത്തിലെ ബിജെപി നേതാക്കളില്‍ സുരേഷ് ഗോപിക്കുള്ള ജനകീയതയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അടുത്ത ബന്ധവുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വഴിതുറക്കുന്നത്.
നിലവില്‍ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറുമാണ് കേന്ദ്ര മന്ത്രിസഭയിലെ മലയാളികള്‍. ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ സുരേഷ് ഗോപി തന്റെ രാജ്യസഭാ കാലാവധി ഫലപ്രദമായി വിനിയോഗിക്കുകയും ബിജെപിക്ക് പുതിയ രീതിയിലുള്ള ഒരു മുന്നേറ്റ സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നിലപാടുകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക പരിഗണനയ്ക്ക് ഇടയാക്കിയെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. കേരളത്തില്‍ ബിജെപിയുടെ മുന്‍നിരയില്‍ നിന്ന പല നേതാക്കളും ഇപ്പോള്‍ രാഷ്ട്രീയ വനവാസത്തിലാണ്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കളികളില്‍ ഒന്നിലും പങ്കെടുക്കാതെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന ദൗത്യമായിരുന്നു സുരേഷ്‌ഗോപി നടത്തിയതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബിജെപിക്ക് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പുകളാണ് വരാന്‍ പോകുന്നത്. ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നടക്കും. ഇതിന് മുന്നോടിയായിട്ടാണ് കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ബിജെപി നേതൃത്വം ചിന്തിക്കുന്നത്. ലോക്‌സഭയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രതിനിധിയായി ഉണ്ടാകണമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചനകള്‍.
ബിജെപിക്ക് ഏറ്റവും സാധ്യത കുറവ് കല്‍പ്പിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. ആ രീതിക്ക് സുരേഷ് ഗോപിയിലൂടെ ഒരു മാറ്റം വരുത്താന്‍ കഴിയും എന്നു തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ ഇനിയുള്ള രാഷ്ട്രീയക്കളികള്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കളിക്കാന്‍ തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ നീക്കമെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.