ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മരണ പത്രിക പുറത്തു വിട്ട് വത്തിക്കാന്‍

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മരണ പത്രിക പുറത്തു വിട്ട് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മരണ പത്രിക വത്തിക്കാന്‍ പുറത്തു വിട്ടു. 2006 ഓഗസ്റ്റ് 29 ന് കുറിക്കപ്പെട്ടതാണ് ഈ മരണ പത്രം.

ഓരോ മാര്‍പാപ്പയും തങ്ങളുടെ മരണപത്രിക മുന്‍കൂട്ടി എഴുതിവയ്ക്കുന്ന പതിവുണ്ട്. ഇത് പ്രത്യേകമായി അവരുടെ മരണ ശേഷം മാത്രം പുറത്തു വിടാന്‍ അനുവാദമുള്ളവയാണ്. ആ പതിവ് പാലിച്ചാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ കാലം ചെയ്ത ശേഷം അദേഹത്തിന്റെ മരണ പത്രിക വത്തിക്കാന്‍ പുറത്തു വിട്ടത്.

മരണ പത്രികയുടെ പൂര്‍ണ രൂപം:

എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറില്‍ ഞാന്‍ സഞ്ചരിച്ച പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നന്ദി പറയാന്‍ എത്രമാത്രം കാരണങ്ങളുണ്ടെന്ന് ആദ്യമേ ഞാന്‍ കാണുന്നു. എല്ലാറ്റിനുമുപരി എനിക്ക് ജീവന്‍ നല്‍കുകയും എല്ലാത്തരം സംശയ സന്ധികളിലും എന്നെ നയിക്കുകയും ചെയ്ത എല്ലാ നല്ല ദാനങ്ങളും നല്‍കുന്ന ദൈവത്തിന് തന്നെ ഞാന്‍ നന്ദി പറയുന്നു.

ഞാന്‍ വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ എന്നെ എപ്പോഴും താങ്ങിയെടുത്തവന്‍, അവിടുത്തെ മുഖ പ്രസാദത്താല്‍ എപ്പോഴും എനിക്ക് നവ്യമായ പ്രകാശം നല്‍കിയവന്‍. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ പാതയിലെ ഇരുളടഞ്ഞതും ദുഷ്‌കരവുമായ ദൂരങ്ങള്‍ പോലും എന്റെ രക്ഷക്കു വേണ്ടിയായിരുന്നെന്നും ആ ഘട്ടങ്ങളിലെല്ലാം അവന്‍ എന്നെ നന്നായി നയിച്ചിട്ടുണ്ടെന്നും ഞാന്‍ കാണുകയും മനസിലാക്കുകയും ചെയ്യുന്നു.

കഷ്ടത നിറഞ്ഞ സാഹചര്യങ്ങളായിരുന്നു എങ്കിലും എനിക്ക് ജന്മം നല്‍കിയ, വലിയ ത്യാഗത്തിന്റെ വിലയില്‍ അവരുടെ സ്‌നേഹത്താല്‍ വ്യക്തമായ വെളിച്ചം പോലെ എന്റെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്ന, മഹത്തായ ഗൃഹാന്തരീക്ഷം എനിക്കായി ഒരുക്കിയ എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്റെ പിതാവിന്റെ വ്യക്തമായ വിശ്വാസം ഞങ്ങള്‍ കുട്ടികളെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. ഒരു ദിശാസൂചിക എന്ന നിലയില്‍ എന്റെ എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളിലും അത് എല്ലായ്‌പ്പോഴും ഉറച്ചു നില്‍ക്കുന്നു.

എന്റെ അമ്മയുടെ അഗാധമായ ഭക്തിയും മഹത്തായ നന്മയും ഒരു പാരമ്പര്യത്തെ തന്നെ പ്രതിനിധീകരിക്കുന്നതായിരുന്നു. അതിന് എനിക്ക് ഒരിക്കലും മതിയായ നന്ദി പറയാന്‍ കഴിയില്ല. എന്റെ സഹോദരി പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥമായും വാത്സല്യത്തോടെയും എനിക്ക് ശുശ്രൂഷ ചെയ്തിട്ടുണ്ട്. എന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ വ്യക്തത, തീക്ഷ്ണമായ ദൃഢനിശ്ചയം, ഹൃദയത്തിന്റെ ശാന്തത അവ എനിക്ക് എപ്പോഴും വഴിയൊരുക്കി. ഈ സ്ഥിരമായ അനുഗമനമില്ലാതെ എനിക്ക് ശരിയായ പാത കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.

എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എപ്പോഴും എനിക്കരികില്‍ അവിടുന്ന് നിയോഗിച്ച ധാരാളം സുഹൃത്തുക്കള്‍, പുരുഷന്മാരും സ്ത്രീകളും; എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും വന്ന സഹകാരികള്‍ക്കായി, അവിടുന്ന് എനിക്ക് തന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അവരെയെല്ലാം ഞാന്‍ അവിടുത്തെ നന്മയില്‍ കൃതജ്ഞതയോടെ ഏല്‍പിക്കുന്നു.


ബവേറിയന്‍ ആല്‍പ്‌സിന്റെ താഴ് വരയിലുള്ള എന്റെ മനോഹരമായ ജന്മദേശത്തിന് കര്‍ത്താവിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ സ്രഷ്ടാവിന്റെ മഹത്വം എല്ലായ്‌പ്പോഴും തിളങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ ജന്മനാട്ടിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. കാരണം അവരില്‍ എനിക്ക് വിശ്വാസത്തിന്റെ സൗന്ദര്യം തുടരെത്തുടരെ അനുഭവിക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട് വിശ്വാസത്തിന്റെ നാടായി നിലകൊള്ളട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: വിശ്വാസത്തില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റാന്‍ അനുവദിക്കരുത്. അവസാനമായി, എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ എല്ലാ സൗന്ദര്യത്തിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. പ്രത്യേകമായി റോമിലും ഇറ്റലിയിലും. അത് എന്റെ രണ്ടാമത്തെ മാതൃരാജ്യമായി മാറി.

ഞാന്‍ ഏതെങ്കിലും വിധത്തില്‍ തെറ്റ് ചെയ്ത എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മുമ്പ് എന്റെ നാട്ടുകാരോട് പറഞ്ഞത് എന്റെ സേവനത്തില്‍ ഏല്‍പിക്കപ്പെട്ട സഭയിലെ എല്ലാവരോടും ഞാന്‍ ഇപ്പോള്‍ പറയുന്നു. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക! നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാന്‍ അനുവദിക്കരുത്!

ശാസ്ത്രത്തിന് ഒരു വശത്ത് ശാസ്ത്രവും മറുവശത്ത് ചരിത്ര ഗവേഷണവും (പ്രത്യേകിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ ചില വ്യാഖ്യാനങ്ങള്‍) കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായി പ്രതിരോധിക്കാനാവാത്ത ഫലങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ശാസ്ത്രത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ഞാന്‍ വളരെക്കാലം മുമ്പു തന്നെ സാക്ഷിയായിട്ടുണ്ട്. അതിലൂടെ വിശ്വാസത്തിനെതിരെ ശാസ്ത്രം മുന്നോട്ടുവച്ച പല തെളിവുകളും പില്‍ക്കാലത്തു എങ്ങനെ അപ്രത്യക്ഷമായി എന്ന് കാണാന്‍ കഴിഞ്ഞു. അപ്രകാരം അത് ശാസ്ത്രമല്ലെന്ന് തെളിയിക്കപ്പെടുന്നു. മറിച്ച് ശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ട തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളോ, സിദ്ധാന്തങ്ങളോ മാത്രമാണ് അവ.

മറുവശത്ത് സ്വഭാവിക ശാസ്ത്രങ്ങളുമായുള്ള സംവാദത്തിലാണ് വിശ്വാസം. ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് വിശുദ്ധ ഗ്രന്ഥ ശാസ്ത്രത്തിന്റെ യാത്രക്കൊപ്പം ഞാന്‍ ഇപ്പോള്‍ അറുപത് വര്‍ഷമാകുന്നു. കൂടാതെ വിവിധ തലമുറകളുടെ തുടര്‍ച്ചയായി തിരുത്തപ്പെടുകയില്ലെന്ന് തോന്നിപ്പിക്കാവുന്ന പല പ്രബന്ധങ്ങളും ഞാന്‍ കണ്ടു. എന്നാല്‍ അവയെല്ലാം കേവലം അനുമാനങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നു.

ലിബറല്‍ തലമുറ (ഹര്‍നാക്ക്, ജൂലിഷര്‍ മുതലായവ), അസ്തിത്വവാദ തലമുറ (ബുള്‍ട്ട്മാന്‍ മുതലായവ), മാര്‍ക്‌സിസ്റ്റ് തലമുറ. അനുമാനങ്ങളുടെ കുരുക്കില്‍ നിന്ന് എങ്ങനെ വിശ്വാസത്തിന്റെ ന്യായയുക്തത ഉയര്‍ന്നു വന്നുവെന്നും വീണ്ടും ഉയര്‍ന്നു വരുന്നുവെന്നും ഞാന്‍ കാണുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു. യേശു ക്രിസ്തു യഥാര്‍ത്ഥത്തില്‍ വഴിയും സത്യവും ജീവനുമാണ്. സഭ അതിന്റെ എല്ലാ അപര്യാപ്തതകളോടും കൂടി യഥാര്‍ത്ഥത്തില്‍ അവന്റെ ശരീരമാണ്.

അവസാനമായി ഞാന്‍ താഴ്മയോടെ ചോദിക്കുന്നു: എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. അങ്ങനെ എന്റെ എല്ലാ പാപങ്ങളും കുറവുകളും ഉണ്ടെങ്കിലും കര്‍ത്താവ് എന്നെ നിത്യമായ വാസസ്ഥലത്തേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.