ഒട്ടുവ: കാനഡയിൽ വിദേശികൾക്കും വിദേശ വാണിജ്യ സംരംഭങ്ങൾക്കും 2023 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. താമസിക്കാന്‍ വീട് ലഭിക്കാതെ പ്രതിസന്ധി നേരിടുന്ന തദ്ദേശീയർക്ക് കൂടുതൽ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
എന്നാൽ നിരവധി പേരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാരല്ലാത്ത സ്ഥിര താമസക്കാർ, ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെയാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നിരോധനം നഗര വാസസ്ഥലങ്ങൾക്ക് മാത്രമേ നിലവിൽ ബാധകമാകൂ എന്നും വേനൽക്കാല കോട്ടേജുകൾ പോലുള്ള വിനോദ സഞ്ചാരികള്‍ക്കായുള്ള കെട്ടിടങ്ങള്‍ക്ക് നിയമം ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി. നിക്ഷേപമെന്ന നിലയിൽ വീടുകൾ വാങ്ങുന്നത് കോവിഡിന് ശേഷം വർദ്ധിച്ചു, ഇത് വസ്തുവിലയെ കുത്തനെ ഉയർത്തി.
രാജ്യത്ത് വീടുകളുടെ വില കുതിച്ചുയരുകയും തദ്ദേശീയർക്ക് സാമ്പത്തികമായി താങ്ങാനാകാതെയും വന്നതോടെ 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർണായക പ്രഖ്യാപനം നടത്തിയത്. കനേഡിയൻ വീടുകള്‍ കോർപ്പറേറ്റുകളെയും വിദേശ നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കുന്നു. ഇത് വില കുതിച്ചുയരാന്‍ കാരണമാകുന്നുവെന്നും എന്നാല്‍ വീടുകൾ നിക്ഷേപകർക്കുള്ളതല്ല ജനങ്ങൾക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടർന്ന് ട്രൂഡോയുടെ ലിബറല്‍ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വിദേശികള്‍ക്ക് വാസയോഗ്യമായ സ്ഥലം വാങ്ങുന്നതിനുള്ള നിരോധനം നിയമമായി അവതരിപ്പിക്കുകയായിരുന്നു. വാൻകൂവർ, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളും പ്രവാസികൾക്കും ആളൊഴിഞ്ഞ വീടുകൾക്കും നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം പണപ്പെരുപ്പം കാരണം അടുത്തിടെയായി ഇടിഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ കണക്കനുസരിച്ച്, 2022 ന്റെ തുടക്കത്തിലുണ്ടായിരുന്ന 8,00,000 കനേഡിയന്‍ ഡോളറില്‍ നിന്നും കഴിഞ്ഞ മാസം വെറും 6,30,000 ഡോളറിലേക്ക് നിരക്ക് ഇടിഞ്ഞു. ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്കനുസരിച്ച് കാനഡയിലെ ഭവന ഉടമസ്ഥതയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വിദേശികള്‍ക്കുള്ളത്.
അതുകൊണ്ട് തന്നെ നിയമത്തിലൂടെ ഉദ്ദേശിച്ച പോലെ വീടുകള്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രാപ്യമാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴത്തെ പ്രശ്നത്തിനുള്ള പരിഹാരം കൂടുതൽ വീടുകള്‍ നിർമിക്കുക എന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ദേശീയ ഹൗസിങ് ഏജൻസിയായ കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപറേഷന്റെ ജൂണിലെ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ ഏകദേശം 19 ദശലക്ഷം വീടുകള്‍ രാജ്യത്ത് ആവശ്യം വരും. അതിനർഥം 5.8 ദശലക്ഷം പുതിയ വീടുകൾ നിർമിക്കണമെന്നാണ്. ഇതിനുപകരം ഇങ്ങനെയൊരു നിയമം പാസാക്കുന്നതിന്റെ പരിണിതഫലം എന്താകുമെന്നാണ് ഉറ്റു നോക്കുകയാണ് നിരീക്ഷകർ.
അതിനിടെ കാനഡ പെൻഷൻ പ്ലാൻ (സിപിപി) സംഭാവനകളും എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (ഇഐ) പ്രീമിയങ്ങളും 2023 മുതൽ വർദ്ധിക്കുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കനേഡിയൻ തൊഴിലാളികൾക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വരും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2022ലെ 5.70 ശതമാനത്തിൽ നിന്ന് 2023ൽ 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യൂ ഏജൻസി നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സ് റിപ്പോർട്ട് അനുസരിച്ച് പെൻഷൻ പ്ലാനും എപ്ലോയിമെന്റ് ഇൻഷുറൻസ് വിഹിതവും വർദ്ധിക്കുന്നതോടെ ഓരോ കനേഡിയൻ തൊഴിലാളിയുടെയും ടെയ്ക്ക് ഹോം സാലറി അഥവാ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ വാർഷികാടിസ്ഥാനത്തിൽ 305 ഡോളർ വരെ കുറവുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.