നീലക്കടലിനും പച്ചക്കാടിനും നടുവിലായി വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന പിങ്ക് തടാകം

നീലക്കടലിനും പച്ചക്കാടിനും നടുവിലായി വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന പിങ്ക് തടാകം

ദൈവവും മനുഷ്യനും പരിസ്ഥിതിയും ഒരുമിച്ച് ചേരുന്നതാണ് പ്രകൃതി എന്നാണ് കാലാകാലങ്ങളായി നാം കേട്ടു വളര്‍ന്നത്. എന്നാല്‍ മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമൊക്കെ അതീതമാണ് പലപ്പോഴും പ്രകൃതി. അതുകൊണ്ടാണല്ലോ മനോഹരമായ പ്രകൃതിയെ മനുഷ്യന്‍ ഇത്രമേല്‍ ആസ്വദിക്കുന്നതും. പറഞ്ഞുതീരാത്ത അത്രേയും സുന്ദര കാഴ്ചകളുണ്ട് നമുക്ക് ചുറ്റും. കാടും മലയും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് പ്രകൃതി എല്ലായ്‌പ്പോഴും വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു മനുഷ്യനെ.

പലയിടങ്ങളിലും വ്യത്യസ്തമായ നിരവധി കാഴ്ചനുഭവങ്ങള്‍ മനുഷ്യനായി പ്രകൃതി കരുതി വയ്ക്കാറുണ്ട്. ഇത്തരത്തില്‍ പ്രകൃതി ഒരുക്കിയ അതിവിശിഷ്ടമായ ഒന്നാണ് ആസ്ട്രേലിയയിലെ പിങ്ക് തടാകം. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. കാരണം തടാകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ്മ വരിക നീല നിറത്തിലുള്ള കാഴ്ചകളായിരിക്കും. എന്നാല്‍ ഈ കാഴ്ചാനുഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പിങ്ക് തടാകം.

പിങ്ക് നിറത്തിലുള്ള രണ്ട് തടാകങ്ങളുണ്ട് ഓസ്‌ട്രേലിയയില്‍. ഒന്ന് ബുംബുങ്ക തടാകം. മറ്റേത് ഹില്ലിയര്‍ തടാകവും. പിങ്ക് നിറമാണ് ഈ രണ്ട് തടാകങ്ങള്‍ക്കും. കാഴ്ചയില്‍ ഏറെ മനോഹരവും. തടാകങ്ങളെ സംബന്ധിച്ച് അപൂര്‍വ്വമായ ഈ നിറങ്ങള്‍ തന്നെയാണ് ബുംബുങ്ക തടാകത്തേയും ഹില്ലിയര്‍ തടാകത്തേയും വ്യത്യസ്തമാക്കുന്നതും.

ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിനടുത്തായുള്ള ബംബുങ്ക എന്ന പട്ടണത്തിലാണ് ബംബുങ്ക തടാകം സ്ഥിതിചെയ്യുന്നത്. കാഴ്ചയില്‍ അതിമനോഹരമാണ് ഇവിടം. മേഖങ്ങളുടെ നിഴല്‍ പോലും വ്യക്തമായി പ്രതിഫലിക്കാറുണ്ട് ഈ തടാകത്തില്‍ എന്നതാണ് പ്രധാന ആകര്‍ഷണം. അത്രമേല്‍ മനോഹരമായി പിങ്ക് നിറത്തില്‍ തെളിഞ്ഞു കിടക്കുകയാണ് ഈ തടാകം. തൊട്ടടുത്ത് നീലനിറത്തിലുള്ള കടല്‍ കൂടിയാകുമ്പോള്‍ തടാകത്തിന്റെ ഭംഗി കൂടുന്നു. മാത്രമല്ല ഇടതൂര്‍ന്ന കാടിന്റെ പച്ചപ്പുമുണ്ട് ചുറ്റും.

ആസ്ട്രേലിയയിലെ ഹില്ലിയര്‍ തടാകത്തിനും പിങ്ക് നിറമാണ്. എന്നാല്‍ ഉപ്പു ജലമാണ് ഈ തടാകത്തില്‍ എന്നതാണ് മറ്റൊരു സവിശേഷത. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന യൂക്കാലിപ്റ്റ്സ് മരങ്ങളുമുണ്ട്. ഈ തടാകവും കാഴ്ചയില്‍ അതിമനോഹരം തന്നെ. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.