അന്തിമ യാത്രയ്‌ക്കൊരുങ്ങി ബെനഡിക്ട് പതിനാറാമന്‍ പാപ്പ; സംസ്‌കാര ശുശ്രൂഷകള്‍ വത്തിക്കാനില്‍ ആരംഭിച്ചു

അന്തിമ യാത്രയ്‌ക്കൊരുങ്ങി ബെനഡിക്ട് പതിനാറാമന്‍ പാപ്പ; സംസ്‌കാര ശുശ്രൂഷകള്‍ വത്തിക്കാനില്‍ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അന്തിമ യാത്രാശുശ്രൂഷകള്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആരംഭിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അന്ത്യ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കുര്‍ബാന അര്‍പ്പിക്കുന്നത് കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീനായ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റെയാണ്.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. ഇന്നു പുലര്‍ച്ചെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് പാപ്പയെ അവസാനമായി കാണാന്‍ വത്തിക്കാനിലേക്കെത്തിയത്.

സൈപ്രസ് മരം കൊണ്ടു നിര്‍മ്മിച്ച പെട്ടിയിലാണ് ബെനഡിക്ട് മാര്‍പാപ്പയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ബെനഡിക്ട് മാര്‍പാപ്പയുടെ കാലത്ത് പുറത്തിറക്കിയ സ്മരണിക മെഡലുകളും നാണയങ്ങളും ലാറ്റിന്‍ ഭാഷയില്‍ മാര്‍പാപ്പയായിരുന്ന കാലത്തെക്കുറിച്ചുള്ള വിവരണവും പാലിയവും ഭൗതിക ദേഹത്തോടൊപ്പം വച്ചിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ അടക്കം ചെയ്ത കല്ലറയില്‍ തന്നെയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും അടക്കം ചെയ്യുന്നത്.

ഇറ്റലി, ജര്‍മനി, പോളണ്ട്, പോര്‍ച്ചുഗല്‍, ഹംഗറി, അയര്‍ലന്‍ഡ് തുടങ്ങിയ 13 രാജ്യങ്ങളുടെ ഭരണാധികാരികളും സ്‌പെയിനിലെ സോഫിയാ രാജ്ഞിയും ബല്‍ജിയത്തിലെ ഫിലിപ്പ് രാജാവും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരും എല്ലാ ക്രൈസ്തവ സഭകളിലെയും പ്രതിനിധികളും ബെനഡിക്ട് മാര്‍പാപ്പയുടെ കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്കു
സാക്ഷ്യം വഹിക്കുകയാണ്.

കേരളത്തില്‍ നിന്ന് സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുമാണ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നത്.

ഇറ്റലിയുടെ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടി. ആയിരത്തിലധികം ഇറ്റാലിയന്‍ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.