'വില്യം കോളറിന് പിടിച്ച് തള്ളി; വീണത് നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തില്‍': കൊട്ടാര രഹസ്യങ്ങള്‍ പുറത്താക്കി ഹാരിയുടെ ആത്മകഥ

 'വില്യം കോളറിന് പിടിച്ച് തള്ളി; വീണത് നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന  പാത്രത്തില്‍': കൊട്ടാര രഹസ്യങ്ങള്‍ പുറത്താക്കി ഹാരിയുടെ ആത്മകഥ

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ അരമന രഹസ്യങ്ങള്‍ അങ്ങാടിയില്‍ പാട്ടാകുന്നു. ജനുവരി പത്തിന് പുറത്തിറങ്ങുന്ന 'സ്പേര്‍' എന്ന് പേരിട്ടിരിക്കുന്ന ഹാരി രാജകുമാരന്റെ ആത്മകഥയിലുടെയാണ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറത്തു വരുന്നത്.

വില്യം രാജകുമാരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ആത്മകഥയില്‍ സഹോദരന്‍ ഹാരി രാജകുമാരന്‍ നടത്തിയിട്ടുള്ളത്. വില്യം തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നാണ് ഹാരിയുടെ വെളിപ്പെടുത്തല്‍.

2019 ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഹാരി തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഹാരി രാജകുമാരന്റെ ഭാര്യയായ മേഗന്‍ മാര്‍ക്കിളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. ലണ്ടനിലെ കൊട്ടാരത്തില്‍ വച്ചാണ് വാക്കുതര്‍ക്കം ഉണ്ടായത്.

വില്യം മേഗനെതിരെ അധിക്ഷേപിക്കുന്ന തരത്തിലെ ചില പദങ്ങള്‍ ഉപയോഗിച്ചത് ഹാരിയെ ചൊടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ വില്യം തന്നെ കോളറില്‍ പിടിച്ചു വലിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടുവെന്നാണ് ഹാരി തന്റെ ആത്മകഥയില്‍ പറയുന്നത്.

നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലേക്കാണ് ചെന്നു വീണത്. പാത്രം തകര്‍ന്ന് തന്റെ പുറകില്‍ തുളച്ചു കയറി. സാരമായി മുറിവ് പറ്റി. തുടര്‍ന്ന് പുറത്തു കടക്കാന്‍ താന്‍ വില്യമിനോട് ആവശ്യപ്പെട്ടതായും ഹാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സഹോദരന്‍ തന്നോട് ക്ഷമ ചോദിച്ചതായും ഹാരി വെളിപ്പെടുത്തി.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ചാള്‍സ് രാജകുമാരന്‍ അടുത്ത മെയില്‍ കിരീടധാരണത്തിന് ഒരുങ്ങുന്നതിനിടെയാണ് ഹാരി രാജകുമാരന്‍ സഹോദരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഹാരിയും ഭാര്യയും 2020 ല്‍ തങ്ങളുടെ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ച് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതു മുതല്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2021 ല്‍ ഇരുവരും ചാള്‍സ് രാജാവിനും വില്യം രാജകുമാരനും എതിരായി നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.