മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സിറോ-മലബാര്‍ രൂപതയുടെ ഫിനാന്‍സ് ഓഫീസറായി ഡോ. ജോണ്‍സണ്‍ ജോര്‍ജിനെ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ നിയമിച്ചു. രൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ഉത്തരവാദിത്തത്തിനൊപ്പം ഉപദേഷ്ടാവായും ഡോ. ജോണ്‍സണ്‍ ജോര്‍ജ് പ്രവര്‍ത്തിക്കും. ഇതാദ്യമായാണ് സിറോ മലബാര്‍ സഭയില്‍ അല്‍മായനായ ഒരു വിശ്വാസി രൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ സുപ്രധാന ചുമതലയില്‍ എത്തുന്നത്.
വൈദഗ്ധ്യവും അനുഭവ പരിചയവും കൈമുതലായുള്ള, ഉറച്ച കത്തോലിക്കാ വിശ്വാസിയായ ജോണ്‍സണ്‍ ജോര്‍ജിന്റെ സേവനം രൂപതയുടെ ഭരണതലത്തിലെ പ്രവര്‍ത്തനത്തിന് കൂടുതല്‍ മിഴിവേകുമെന്ന് രൂപതാ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.
2012 മുതല്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകാംഗമായ ഡോ. ജോണ്‍സണ്‍ മെല്‍ബണിലെ മോണാഷ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ മെഡിസിന്‍ യൂസ് ആന്‍ഡ് സേഫ്റ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. 2007 മുതല്‍ അദ്ധ്യാപകനായി ഇവിടെ പ്രവര്‍ത്തിക്കുന്നു.
1999-ല്‍ ചെന്നൈയിലെ എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ഫാര്‍മസിയില്‍ ഉന്നത ബിരുദം നേടിയത്. ഇഗ്‌നോയില്‍നിന്ന് 2001-ല്‍ ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും മോണാഷ് യൂണിവേഴ്‌സിറ്റിയില്‍ 2005-ല്‍ പി.എച്ച്.ഡിയും സ്വന്തമാക്കി. സെന്റര്‍ ഫോര്‍ മെഡിസിന്‍ യൂസ് ആന്‍ഡ് സേഫ്റ്റിയുടെ ഗ്രാജ്വേറ്റ് കോര്‍ഡിനേറ്ററും ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയുടെ അസോസിയേറ്റ് എഡിറ്ററും മോണാഷ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ബോര്‍ഡ് അംഗവുമാണ്.
2019 മുതല്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായും ബില്‍ഡിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരികയാണ്. കത്തീഡ്രല്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായും സെക്രട്ടറിയായും ഡോ. ജോണ്‍സണ്‍ പ്രവര്‍ത്തിക്കുന്നു.
തൊടുപുഴ സ്വദേശിയാണ് ഡോ. ജോണ്‍സണ്‍ ജോര്‍ജ്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകരായിരുന്ന റിട്ട പ്രൊഫ. എം.സി ജോര്‍ജ്, ഇ.ജെ മാര്‍ഗരറ്റ് എന്നിവരാണു മാതാപിതാക്കള്‍. ഭാര്യ: തെരേസ്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26