ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.
രാമക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്താന്‍ അമിത് ഷാ ആരാണെന്ന് ചോദിച്ച ഖാര്‍ഗെ അത്തരം കാര്യങ്ങള്‍ ക്ഷേത്ര ഭാരവാഹികളാണ് നോക്കി നടത്തേണ്ടതെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ്യ സുരക്ഷ ഉറപ്പാക്കലാണെന്നും പറഞ്ഞു.
2024 ജനുവരിയില്‍ രാമക്ഷേത്രം തുറക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രാമജന്മ ഭൂമി ട്രസ്റ്റ് സെക്രട്ടറിയടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
ഇതാദ്യമായാണ് ഒരു മന്ത്രി നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രം തുറക്കുന്ന തിയതി പരസ്യമായി പ്രഖ്യാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്രൂമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ തിയതി പുറത്തു വിട്ടത്.
ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമര്‍ശിച്ചിരുന്നു. കൂടാതെ നിര്‍മ്മാണം ത്വരിതപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി തര്‍ക്ക പ്രദേശമായി നിലനിന്നിരുന്നിടത്ത് സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ച ഉറപ്പാക്കാനുള്ള പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. അതിനാല്‍ തന്നെ 2024 ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.