പിയര്‍ തെയ്യാര്‍ദ് ഷര്‍ദാന്‍: പരിണാമ സിദ്ധാന്തം പ്രേഷിത മേഖലയാക്കിയ പുരോഹിതന്‍

പിയര്‍ തെയ്യാര്‍ദ് ഷര്‍ദാന്‍: പരിണാമ സിദ്ധാന്തം പ്രേഷിത മേഖലയാക്കിയ പുരോഹിതന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ നാല്‍പ്പതാം ഭാഗം.

ത്തോലിക്കാ സഭയും ശാസ്ത്രവുമായുള്ള ബന്ധത്തില്‍ ഏറെ വിമര്‍ശന വിധേയമാകുന്ന ഒരു വിഷയമാണ് പരിണാമ സിദ്ധാന്തം. ജീവന്‍ എന്നത് ദൈവത്തിന്റെ സൃഷ്ടിയാണോ അതോ പരിണാമത്തിലൂടെ ഉണ്ടായതാണോ എന്ന ചോദ്യവും മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണോ അതോ പരിണാമത്തിലൂടെ ഉണ്ടായതാണോ എന്നുള്ള ചോദ്യവുമൊക്കെ ചിന്തിക്കുന്ന വ്യക്തികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരി തെളിച്ചിട്ടുണ്ട്.

സഭ പരിണാമ സിദ്ധാന്തത്തിന് വിരുദ്ധമാണ് എന്ന പൊതുബോധം നിര്‍മിക്കാനും പലരും പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഭ എന്താണ് പരിണാമ സിദ്ധാന്തത്തെക്കുറിച്ച് പറയുന്നത്? നമ്മില്‍ പലര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത് പരിണാമ സിദ്ധാന്തത്തെ കത്തോലിക്കാ വിശ്വാസവുമായി ചേര്‍ത്ത് വെച്ച ഒരു ശാസ്ത്രജ്ഞനെയാണ്.

പിയര്‍ തെയ്യാര്‍ദ് ഷര്‍ദാന്‍ (Pierre Teilhard de Chardin SJ) 1881 മെയ് ഒന്നിന് ഫ്രാന്‍സിലാണ് ജനിച്ചത്. 11 മക്കളില്‍ നാലാമന്‍ ആയിരുന്നു തെയ്യാര്‍ദ് ഷര്‍ദാന്‍. പിതാവ് ഒരു ലൈബ്രേറിയന്‍ ആയിരുന്നു. മാതാവ് വോള്‍ട്ടയര്‍ എന്ന സുപ്രസിദ്ധ ചിന്തകന്റെ ബന്ധുവായിരുന്നു. പിതാവില്‍ നിന്നും ശാസ്ത്രത്തോടുള്ള അഭിരുചിയും മാതാവില്‍ നിന്നും മതാത്മകതയോടും ദൈവത്തോടുമുള്ള തുറവിയും അദേഹത്തില്‍ രൂഢമൂലമായി.

1899 ല്‍ അദേഹം ജെസ്യൂട്ട് സഭയുടെ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. 1901 ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. ഇക്കാലയളവില്‍ ഫ്രാന്‍സില്‍ പൗരോഹിത്യ വിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്നവര്‍ അധികാരത്തിലേറുകയും മതപരമായ എല്ലാ സ്വത്തുക്കളും സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഈ സമയത്ത് തെയ്യാര്‍ദ് ഷര്‍ദാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇംഗ്ലണ്ടിലേക്ക് പോയി.

അവരുടെ തുടര്‍ന്നുള്ള പരിശീലനം ഇംഗ്ലണ്ടില്‍ ആയിരുന്നു. 1908 വരെ ഇടക്കാലത്ത് അദ്ദേഹം ഈജിപ്തില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ അയക്കപ്പെട്ടു. ഈസ്റ്റ് സസക്‌സ് പ്രദേശത്താണ് ദൈവശാസ്ത്ര പഠനം നടത്തിയത്. ഇക്കാലത്തു ഹെന്റി ബെര്‍ഗ്‌സണ്‍ എഴുതിയ creative evolution എന്ന പുസ്തകം വായിക്കുകയും അത് അദേഹത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു.

തന്റെ ഉള്ളില്‍ തിളച്ചുമറിഞ്ഞിരുന്ന ആശയങ്ങള്‍ തന്നെ കുറേക്കൂടി ബോധ്യങ്ങളായി ഉള്ളില്‍ രൂപപ്പെടാന്‍ ഈ പുസ്തകം സഹായിച്ചു എന്ന് ഷര്‍ദാന്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1911 ഓഗസ്റ്റ് 24 ന് അദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.1912 മുതല്‍ 1914 വരെ പാലിയന്റോളജിസ്റ്റ് എന്ന നിലയില്‍ ഫ്രാന്‍സിലെ ദേശീയ ചരിത്ര മ്യൂസിയത്തില്‍ ജോലി ചെയ്തു.

ഇക്കാലത്ത് സസ്തനികളെക്കുറിച്ച് പഠിച്ചു തുടങ്ങിയ അദേഹം കാലാന്തരത്തില്‍ മനുഷ്യനെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് മാറി. പിന്നീട് ജിയോളജി, ബോട്ടണി, സുവോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുകയും പാരിസിലെ കാത്തോലിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജിയോളജി പഠിപ്പിക്കുകയും ചെയ്തു. 1922 ല്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒന്നാം ലോകമഹാ യുദ്ധത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ചൈനയില്‍ പര്യവേഷണങ്ങള്‍ക്കായി പോയി.

ആദ്യം ചൈനയില്‍ പോയ അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ച് വന്നു. പിന്നീട് രണ്ടാം തവണ ചൈനയിലേക്ക് പോയത് 1926 ലാണ്. ഇത്തവണ 20 വര്‍ഷങ്ങള്‍ അവിടെ തന്നെ കഴിഞ്ഞു. ഇക്കാലയളവിലാണ് തന്റെ ഏറ്റവും പ്രശസ്തമായ രചനകളായ The Divine Milieu, The Phenomena of Man എന്നതിന്റെ ആദ്യ ഭാഗം എന്നിവ പൂര്‍ത്തീകരിക്കുന്നത്.

1929 ല്‍ ഈ ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും പഴക്കം ചെന്ന അവശേഷിപ്പുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന Peking Man ന്റെ കണ്ടെത്തലില്‍ ഷര്‍ദാന്‍ സഹകാരിയായി. ചൈനയുടെ ആദ്യത്തെ ജിയോളജിക്കല്‍ മാപ്പ് തയ്യാറാക്കുന്നത് ഷര്‍ദാന്‍ ആണ്. 1925 മുതല്‍ 1935 വരെയുള്ള സമയത്താണ് ഇത് ചെയ്തത്. ഇതിന് സമാനമായ മറ്റു പല കാര്യങ്ങളും അദ്ദേഹം ചെയ്തു.

പരിണാമ സിദ്ധാന്തത്തിന്റെ ചുവടു പിടിച്ച്, law of complexification- അചേതനങ്ങളായ ദ്രവ്യം പതിയെ ചേതനങ്ങളും കൂടുതല്‍ ക്രമീകൃതവുമായ രൂപങ്ങളിലേക്ക് രൂപാന്തരപ്പെടുന്നു- എന്ന തത്വം ഉപയോഗിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ വളരെ പ്രശസ്തമാണ്. സര്‍വവും ഒമേഗായിലേക്ക് പരിണമിക്കുകയാണ് എന്നതാണ് ഷര്‍ദാന്റെ അഭിപ്രായം. ദ്രവ്യത്തിന്റെ തലം ആണ് ആദ്യത്തേത്. Geosphere എന്നാണ് അതിനെ വിളിക്കുന്നത്.

അത് ജീവന്റെ തലത്തിലേക്ക് വളരുന്നു. Biosphere എന്നാണ് ഷര്‍ദാന്‍ അതിനെ വിളിക്കുന്നത്. ഇത് തുടര്‍ന്ന് മനുഷ്യന്റെ തലത്തിലേക്ക് വളരുന്നു. Anthroposphere എന്നാണ് അതിനു നല്‍കിയ പേര്. മനുഷ്യതലം ബുദ്ധിയുടെ തലത്തിലേക്ക് വളരുന്നു. Noosphere എന്ന് അത് വിളിക്കപ്പെടുന്നു. അവസാന തലം ഒമേഗ തലമാണ്. Omegasphere എന്നാണ് അതിന്റെ പേര്. ഷര്‍ദാന്‍ ക്രിസ്തുവിനെയാണ് ഒമേഗ ആയി അവതരിപ്പിക്കുന്നത്. സര്‍വവും ക്രിസ്തുവിലേക്ക് വളരുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെയാണ് അദ്ദേഹം Christogenesis എന്ന് വിളിക്കുന്നത്.

വിശ്വാസ വിരുദ്ധമെന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തത്തെപ്പോലും വിശ്വാസത്തോട് യുക്തിസഹം ചേര്‍ത്തു വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഷര്‍ദാന്റെ പഠനങ്ങളെ സമകാലികര്‍ സംശയത്തോടെ വീക്ഷിച്ചതുകൊണ്ട് തന്റെ സന്യാസ സമൂഹത്തില്‍ നിന്നും കാതോലിക്കാ സഭയില്‍ നിന്നും അദ്ദേഹത്തിന് എതിര്‍പ്പുകളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ പിന്നീട് കര്‍ദിനാള്‍മാരായ റാറ്റ്‌സിംഗര്‍, എവെരി ഡാളസ്, ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ എത്തരത്തില്‍ കത്തോലിക്കാ വിശ്വാസത്തെ വളര്‍ത്തുന്നു എന്നത് വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടില്‍ സഭയെ ജീവശാസ്ത്രവുമായും പരിണാമ സിദ്ധാന്തവുമായെല്ലാം ബന്ധിപ്പിക്കുന്നതില്‍ പരമോന്നത സ്ഥാനം വഹിച്ച വ്യക്തിയാണ് ഷര്‍ദാന്‍. അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും ശാസ്ത്ര മേഖലയിലും ദൈവശാസ്ത്ര മേഖലയിലും വ്യാപകമായ എതിര്‍പ്പുകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ടെങ്കിലും ഈ യുഗത്തിന്റെ ഏറ്റവും മഹോന്നതരായ മനീഷികളില്‍ ഒരാളാണ് ഷര്‍ദാന്‍ എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

തന്റെ മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജീവിതത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ ഉയിര്‍പ്പ് തിരുനാള്‍ ദിവസം മരിക്കാന്‍ അനുഗ്രഹിക്കണം എന്ന് പ്രാര്‍ത്ഥിച്ചു. 1955 ഏപ്രില്‍ 10 ഉയിര്‍പ്പ് തിരുനാള്‍ ദിവസം തന്നെ അദ്ദേഹം മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.