അപരാചിത കുതിപ്പിന് വിരാമമിട്ട് മുംബൈ സിറ്റി; ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി

അപരാചിത കുതിപ്പിന് വിരാമമിട്ട് മുംബൈ സിറ്റി; ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന് അപരാചിത കുതിപ്പിന് വിരാമമിട്ട് മുംബൈ സിറ്റി എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ തോല്‍പ്പിച്ചത്. മുംബൈയ്ക്ക് വേണ്ടി ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. വിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.

അവസാന എട്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുംബൈ സിറ്റിയെ നേരിടാന്‍ വന്ന ബ്ലാസ്റ്റേഴ്സിനെ പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നാണംകെട്ട തോല്‍വി സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ 13 മത്സരങ്ങളില് നിന്ന് 10 വിജയമടക്കം 33 പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. ഹൈദരാബാദാണ് രണ്ടാമത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുംബൈ ആക്രമിച്ച് കളിച്ചു. നാലാം മിനിറ്റില്‍ ടീം ഗോളടിക്കുകയും ചെയ്തു. മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഓര്‍ഗെ പെരേര ഡയസാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. 10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് മുംബൈ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ ഗ്രെഗ് സ്റ്റിയുവര്‍ട്ടാണ് ടീമിനായി വലകുലുക്കിയത്.

12-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിന്റെ ഫലമായി മുംബൈയുടെ അഹമ്മദ് ജാഹുവിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. എന്നാല്‍ പിന്നാലെ ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ ലൂണയ്ക്ക് സാധിച്ചില്ല. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും ഗോളടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി വലകുലുക്കിയത്.

പെരേര ഡയസ് നല്‍കിയ പാസ് സ്വീകരിച്ച ബിപിന്‍ ഇടതുവിങ്ങില്‍ നിന്ന് തൊടുത്തുവിട്ട മനോഹരമായ ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ വലത്തേ മൂലയില്‍ ചെന്ന് പതിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകര്‍ന്നു. പക്ഷേ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിക്കൂടി വന്നു.

22-ാം മിനിറ്റില്‍ പെരേര ഡയസ്സ് വീണ്ടും വലകുലുക്കി. അഹമ്മദ് ജാഹുവിന്റെ ത്രൂ ബോള്‍ സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോള്‍കീപ്പര്‍ ഗില്ലിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. 45-ാം മിനിറ്റില്‍ ഡയസ്സിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ കെ.പി. രാഹുലിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമിച്ചു. 63-ാം മിനിറ്റില്‍ മുംബൈയുടെ ഡയസ്സിന്റെ ഷോട്ട് ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പ്രതിരോധം വലിയ വെല്ലുവിളി തരണം ചെയ്തു. പകരക്കാരനായി വന്ന അപ്പോസ്തലസ് ജിയാനുവിന് 76-ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയാതെ വന്നു. ഇതോടെ ടീം ടൂര്‍ണമെന്റിലെ നാലാം തോല്‍വി ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.