അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ സന്ദർശനം നടത്തി ജോ ബൈഡൻ: കുടിയേറ്റക്കാരുമായി ചർച്ച നടത്താതെ പ്രസിഡന്റ്

അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ സന്ദർശനം നടത്തി ജോ ബൈഡൻ: കുടിയേറ്റക്കാരുമായി ചർച്ച നടത്താതെ പ്രസിഡന്റ്

ടെക്സസ്: പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതിനു ശേഷം ആദ്യമായി അമേരിക്ക-മെക്സിക്കോ അതിർത്തി സന്ദർശിച്ചു. ടെക്‌സസിലെ എല്‍ പാസോയിലേക്ക് എത്തിയ പ്രസിഡന്റ് ബൈഡനുമായി ടെക്സസ് ഗവർണർ ചർച്ച നടത്തി. അനിയന്ത്രിത അനധിക‍ൃത കുടിയേറ്റത്താൽ പൊറുതിമുട്ടിയ സംസ്ഥാനത്തെ ഗവർണർ ഗ്രെഗ് ആബട്ടിന്റെ തുടർച്ചയായ നിർബന്ധത്തിനു വഴങ്ങിയായിരുന്നു സന്ദർശനം.

നാലു മണിക്കൂർ സമയം അദ്ദേഹം ടെക്സസ് മെക്സിക്കോ അതിർത്തിയിൽ ചിലവഴിച്ചു. ടെക്സസ് മെക്സിക്കോ അതിർത്തി എങ്ങനെ സംരക്ഷിക്കണമെന്ന് നിർദേശിക്കുന്ന നിവേദനം ആബട്ട് ബൈഡനു കൈമാറി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും അതിർത്തി നിർവ്വഹണ ഉദ്യോഗസ്ഥരുമായി സംസാരിച്ച ബൈഡൻ അതേസമയം സന്ദർശന വേളയിൽ കുടിയേറ്റക്കാരുമായി ചർച്ചകൾ നടത്താൻ തയ്യാറായില്ല.


ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് പ്രസിഡന്റ് ജോ ബൈഡന് നിവേദനം കൈമാറുന്നു

ബൈഡൻ കുടിയേറ്റക്കാരുടെ പ്രത്യേക കേന്ദ്രങ്ങൾ സന്ദർശിക്കുകയും എന്നാൽ അവിടെയുള്ള കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തുകയോ സംവദിക്കുകയോ ചെയ്യാത്തതിന്റെ പിന്നിലെ കാരണമായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചത് പ്രസിഡന്റ് എത്തുമ്പോൾ കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ലെന്നും അത് തികച്ചും യാദൃശ്ചികമായിരുന്നു എന്നുമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഈ സമയം നൂറുകണക്കിന് കുടിയേറ്റക്കാർ കുട്ടികളുൾപ്പെടെ തെരുവിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സിറ്റി ഓഫ് എൽ പാസോയുടെ മൈഗ്രന്റ് ഡാഷ്‌ബോർഡ് അനുസരിച്ച്, ഞായറാഴ്ച എൽ പാസോയിലെ തടങ്കൽ കേന്ദ്രങ്ങളിൽ 1,000 അധിക കുടിയേറ്റക്കാർ ഫെഡറൽ കസ്റ്റഡിയിലുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് അധികാരമേറ്റതിനു ശേഷം നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കു തടയിടാന്‍ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുമായാണ് ജോ ബൈഡന്‍ ടെക്സസിലെ എല്‍ പാസോയിൽ എത്തിയത്. കാനഡയിലെയും പ്രസിഡന്റുമാരുമായുള്ള ഉച്ചകോടിക്കായി മെക്‌സിക്കോ സിറ്റിയിലേക്ക് പോകുന്നതിന് മുമ്പാണ് അദ്ദേഹം അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തിയത്. തുടർന്ന് മെക്‌സിക്കോ സിറ്റിയിലെത്തിയ ബൈഡൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കേ അമേരിക്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പ്രതിമാസം 30,000 കുടിയേറ്റക്കാരെ സ്വീകരിക്കും

ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 30,000 കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം പാർലിമെന്റ് സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇവരെ രണ്ട് വർഷത്തേക്കാകും രാജ്യത്തേക്ക് സ്വീകരിക്കുക. നിയമപരമായി ജോലി
വാഗ്ദാനം ചെയ്യുകയും ചെയ്യും.


മാത്രമല്ല പദ്ധതിയുടെ നിയമപരമായ വഴികൾ ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയുമെന്നു ബൈഡൻ വ്യക്തമാക്കി. മെക്സിക്കോയുമായുള്ള അമേരിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കുതിച്ചുകയറ്റം നേരിടാനുള്ള ബൈഡന്റെ ഏറ്റവും ധീരമായ നീക്കമാണിത്. സെപ്തംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2:38 ദശലക്ഷത്തിലധികം കുടിയേറ്റക്കാർ ഈ മേഖലയിൽ ഉണ്ടായതായാണ് റിപ്പോർട്ട്.

ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് പുതിയ ഇമിഗ്രേഷന്‍ നയം വഴി രാജ്യത്ത് പ്രവേശിക്കാൻ കഴിയും. "അനധികൃത കുടിയേറ്റക്കാർ അമേരിക്കൻ അതിർത്തിയിൽ നിന്ന് പിന്മാറണം. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക, അവിടെ നിന്ന് നിയമപരമായി അപേക്ഷിക്കുക" കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തുകൊണ്ടു ബൈഡൻ പറഞ്ഞു.

അനധികൃതമായി അതിർത്തി കടക്കുന്ന ക്യൂബക്കാരെയും ഹെയ്തിയക്കാരെയും നിക്കരാഗ്വക്കാരെയും തിരിച്ചയക്കും. നാല് രാജ്യങ്ങളിൽ നിന്നും നിയമപരമല്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും ജോ ബൈഡൻ പറഞ്ഞു. നിരവധി ആളുകൾ കാൽനടയായോ ബോട്ടിലോ നീന്തിയോ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നു. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ നവംബറിൽ മാത്രം 52,285 തവണ തടഞ്ഞു.

"ഇന്നു മുതൽ നിങ്ങൾ നിയമപരമായ നടപടിക്രമങ്ങളിലൂടെ അപേക്ഷിച്ചില്ലെങ്കിൽ ഈ പുതിയ പരോൾ പ്രോഗ്രാമിന് നിങ്ങൾക്ക് യോഗ്യത ലഭിക്കില്ല" പ്രസിഡന്റ് കൂട്ടിച്ചേർത്തു. പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാരെ മറ്റൊരു രാജ്യം സുരക്ഷിത തുറമുഖത്തിനായി ആദ്യം തിരിച്ചയച്ചില്ലെങ്കിൽ അമേരിക്കയിൽ അഭയം തേടുന്നതിൽ നിന്ന് അവരെ നിരോധിക്കും.

ടൈറ്റിൽ 42

ടൈറ്റിൽ 42 എന്നറിയപ്പെടുന്ന ട്രംപിന്റെ കാലത്തെ പൊതുജനാരോഗ്യ നിയമമാണ് അതിർത്തി കടന്നുള്ള വർദ്ധനവിന് കാരണമെന്നും വിമർശനം ഉയരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്‌ സൃഷ്ടിച്ച നയമാണ് ടൈറ്റില്‍ 42. പ്രസിഡന്റ് സ്ഥാനാർഥി എന്ന നിലയിൽ ടൈറ്റില്‍ 42 നിയമം ബൈഡൻ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.


കോവിഡ് ഒന്നാം തരംഗ ഘട്ടത്തിലാണ് ടൈറ്റില്‍ 42 പ്രകാരം കുടിയേറ്റക്കാരെ പുറത്താക്കാനും കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനുമുള്ള നിയമം കൊണ്ടുവന്നത്. കഴിഞ്ഞ മാസം ടൈറ്റിൽ 42 നയം പിൻവലിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി വിധി നിയമം നിലനിറുത്തി.

ഭരണകൂടം കുടിയേറ്റ നിയമം മറികടക്കുകയാണ്. ഇത് തെക്കൻ അതിർത്തിയിലെ അരാജകത്വവും ആശയക്കുഴപ്പവും വർധിപ്പിക്കുമെന്ന് ന്യൂജഴ്‌സിയിലെ ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പ്രസ്താവനയിൽ പറഞ്ഞു. ക്യൂബക്കാർ, നിക്കരാഗ്വക്കാർ, വെനസ്വേലക്കാർ, ഹെയ്തിക്കാർ എന്നിവർക്കു പ്രയോജനം ലഭിക്കുമെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെടുന്ന മറ്റെല്ലാവരുടെയും ചെലവിലാണ് ഇതു വരുന്നതെന്നും അവര്‍ക്കും അഭയം ചോദിക്കാൻ അവകാശമുണ്ടെന്നും മെനെൻഡസ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ ജീവിതവും ക്ഷേമവും സുരക്ഷിതമാക്കാൻ അഭയം തേടുന്നത് നമ്മുടെ നിയമങ്ങൾക്കനുസരിച്ചും നമ്മുടെ രാജ്യാന്തര ബാധ്യതകളാലും സംരക്ഷിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന മനുഷ്യാവകാശമാണെന്ന് കുടിയേറ്റ അവകാശ സംഘടനയായ ചിർലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആഞ്ചെലിക്ക സാലസ് പ്രസ്താവനയിൽ പറഞ്ഞു.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അതിർത്തി സുരക്ഷാ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് ബൈഡന്റെ സന്ദർശനം ഉപകരിക്കുമെന്നു റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിൻഡൻസി ഗ്രഹാം ജോണ് കോനൻ എന്നിവർ അഭിപ്രായപ്പെട്ടു.

ഒരു അടിയന്തിര വെല്ലുവിളി

പടിഞ്ഞാറൻ അർദ്ധഗോളത്തിലുടനീളമുള്ള ബഹുജന മുന്നേറ്റം ബൈഡന് അടിയന്തിര വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. അതിർത്തിയിൽ കുടിയേറിയെത്തുന്നവരുടെ കുതിച്ചുചാട്ടവും പിന്നീട് ആയിരക്കണക്കിന് ഹെയ്തിയൻ കുടിയേറ്റക്കാരുടെ പെട്ടെന്നുള്ള വരവും അമേരിക്കയിൽ ഉണ്ടായി.

അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ പ്രകാരം 2021 മുതൽ അമേരിക്കൻ-മെക്സിക്കോ അതിർത്തിയിൽ 2.4 ദശലക്ഷത്തിലധികം അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഒന്നിലധികം തവണ കടക്കാൻ ശ്രമിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ടൈറ്റിൽ 42 പ്രകാരം പലരെയും ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.


ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ വരവ് എൽ പാസോ ഉൾപ്പെടെയുള്ള അതിർത്തി സമൂഹങ്ങളെ ബുദ്ധിമുട്ടിലാക്കി. സമീപ മാസങ്ങളിൽ ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ പെട്ടെന്നുള്ള വരവ്, പ്രാദേശിക വിഭവങ്ങൾ ബുദ്ധിമുട്ട്, ഫെഡറൽ സഹായത്തിനായുള്ള അഭ്യർത്ഥന എന്നിവയാൽ ഒട്ടേറെ ബുദ്ധിമുട്ടി.

അതേസമയം ഡിസംബറിന് ശേഷം എൽ പാസോയിലെ കുടിയേറ്റക്കാരുടെ ഏറ്റുമുട്ടൽ ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ശരാശരി 700 ദിവസത്തിൽ താഴെ കുടിയേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറിലെ ഏറ്റവും ഉയർന്ന നിലയിൽ ഇത് 2,500 ആയിരുന്നു.

ഡിസംബറിൽ എൽ പാസോ മേഖലയിലേക്ക് 100 അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡിഎച്ച്എസ് അറിയിച്ചു. കുടിയേറ്റക്കാരെ നിയമപരമായി സഹായിക്കാൻ ഈ ആഴ്ച വകുപ്പ് മറ്റൊരു താൽക്കാലിക സൗകര്യം തുറക്കും. എൽ പാസോയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള മെക്സിക്കോയിലെ യുവാരസിലെ ഷെൽട്ടറുകളിലും കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി ഡിഎച്ച്എസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.