അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമോയെന്നത് ചര്‍ച്ച ചെയ്ത് സിപിഎം ത്രിപുര സംസ്ഥാന സമിതി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ യെച്ചൂരി കോണ്‍ഗ്രസ് നൂറ് സീറ്റ് കടന്നാല്‍ മുന്‍ മാതൃകയില്‍ മുന്നണിയുണ്ടായേക്കുമെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്നും യെച്ചൂരി വ്യക്തമാക്കി.
ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ നടക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി.
സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂവെന്നതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്ര മോത (ത്രിപുര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം) പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സിപിഎം കരുതുന്നത്.
സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പിന്നീട് സീറ്റ് വിഭജന ചര്‍ച്ചയാകും വെല്ലുവിളി. ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.