ഇറ്റലിയിൽ മാഫിയ തലവനെ അറസ്റ്റ് ചെയ്തു; പിടികിട്ടാപുള്ളി ഒളിവിൽ കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്

ഇറ്റലിയിൽ മാഫിയ തലവനെ അറസ്റ്റ് ചെയ്തു; പിടികിട്ടാപുള്ളി ഒളിവിൽ കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്

റോം: ഇറ്റലിയില്‍ കുപ്രസിദ്ധ പിടികിട്ടാപുള്ളിയായ മാഫിയ തലവനെ അറസ്റ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ട് കാലമായി ഇറ്റലി പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മാറ്റിയോ മെസിന ഡെനാരോയാണ് തിങ്കളാഴ്ച രാവിലെ പിടിയിലായത്. സിസിലി പലേര്‍മോയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കിടെയാണ് ഡെനാരോ അറസ്റ്റിലായതെന്ന് ഇറ്റാലിയൻ അർദ്ധസൈനിക പോലീസ് വ്യക്തമാക്കി.

അജ്ഞാതമായ രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് 60 കാരനായ ഡെനാരോ അറസ്റ്റിലായതെന്ന് ഇറ്റലിയിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡ് തലവന്‍ കാരാബിനിയേരി ജനറൽ പാസ്ക്വേൽ ആഞ്ചലോസാന്റോ പ്രസ്താവനയിൽ പറഞ്ഞു.

ബ്രൗൺ ലെതർ ജാക്കറ്റും വെള്ള തൊപ്പിയും ടിന്റ് ഗ്ലാസും ധരിച്ച മെസിന ഡെനാരോയെ പോലീസ് പുറത്തുവിട്ട ഫോട്ടോയിലൂടെയാണ് ലോകം കണ്ടത്. ഒളിവില്‍ കഴിഞ്ഞ സമയത്തും മാഫിയ പ്രവര്‍ത്തനങ്ങള്‍ ഡെനാരോ നിയന്ത്രിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


ഇറ്റാലിയൻ പിടികിട്ടാപ്പുള്ളി മാറ്റിയോ മെസിന ഡെനാരോയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തപ്പോൾ

സിസിലിയിലെ മുഖ്യ മാഫിയ തലവനായാണ് ഇയാള്‍ അറിയപ്പെടുന്നത്. കൂടാതെ ഇയാൾക്ക് പടിഞ്ഞാറൻ സിസിലിയിലെ തുറമുഖ നഗരമായ ട്രാപാനിയിലും ഒരു ശക്തികേന്ദ്രം ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി അധികാരികളെ കബളിപ്പിച്ച് നടന്ന മെസിന ഡെനാരോ മൂന്ന് ദീർഘകാല മാഫിയ മേധാവികളിൽ അവസാനത്തെ കണ്ണിയായിരുന്നു.

ഡെനാരോയെ സിസിലിയൻ നഗരമായ പലേർമോയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കാരാബിനിയേരി പോലീസ് ഒരു രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

സിസിലിയിലെ കോസ നോസ്ട്ര മാഫിയയുടെ ഏറ്റവും ശക്തനായ മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഡെനാരോ 1992 ല്‍ മാഫിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ടു പ്രോസിക്യൂട്ടര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ഡെനാരോയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഡെനാരോ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ശിക്ഷാവിധി. മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരായ ജിയോവാനി ഫാൽക്കൺ, പൗലോ ബോർസെല്ലിനോ എന്നിവരെയായിരുന്നു കൊലപ്പെടുത്തിയത്. ഇത് കൂടാതെ ഡസൻ കണക്കിന് കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മെസിന ഡെനാരോ ഒന്നിലധികം ജീവപര്യന്തം ശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടിരുന്നത്.


ഇടത് ഇറ്റാലിയൻ പോലീസ് പുറത്തുവിട്ട ഡെനാരോയുടെ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജ്, വലത് മാഫിയയുടെ മാറ്റിയോ മെസിന ഡെനാരോയുടെ യഥാർത്ഥ ചിത്രം

ഒരു മാഫിയ തലവന്റെ ഇളയ മകനെ കൊലപ്പെടുത്തിയ കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാൾ ആ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം അവന്റെ ശരീരം ആസിഡിൽ ലയിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ഫ്‌ളോറെന്‍സ്, റോം, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ബോംബ് ആക്രമണത്തിലും മറ്റൊരു ജീവപര്യന്തം ശിക്ഷയും ഡെനാരോ നേരിടുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ പത്തുപേരാണ് മരിച്ചത്. മാഫിയയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഡെനാരോയുടെ അറസ്റ്റ് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇറ്റാലിയൻ മാഫിയ മേധാവി ബെർണാഡോ പ്രൊവെൻസാനോ ആയിരുന്നു ലാമിൽ ഏറ്റവും കൂടുതൽ സമയം കാലം മാഫിയ തലവനായി തുടർന്ന വ്യക്തിയെന്ന റെക്കോർഡ് സ്ഥാപിച്ചത്. 38 വർഷം കുറ്റകൃത്യങ്ങളിൽ ജീവിച്ച അയാൾ 2006 ൽ സിസിലിയിലെ കോർലിയോണിന് സമീപമുള്ള ഒരു ഫാം ഹൗസിൽ വെച്ചാണ് പോലീസിന്റെ വലയിലാകുന്നത്. അതിന് ശേഷം അധികാരികൾ മെസിന ഡെനാരോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

https://twitter.com/Antonino__Greco/status/1614938929081487362


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.