ന്യൂയോർക്: ലഷ്കർ-ഇ-തയ്ബയുടെ ഉപനേതാവ് അബ്ദുൽ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിരന്തരമായുളള സമ്മർദത്തിന് വഴങ്ങിയാണ് രക്ഷാസമിതിയുടെ തീരുമാനം. പാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 ഐഎസ്ഐഎല്ലും (ദാഇഷ്) അൽ ഖ്വയ്ദ ഉപരോധ സമിതിയും സംയുക്തമായി ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യ അറിയിച്ചു.
ഇന്ത്യയിൽ അക്രമം നടത്താനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും തീവ്രമാക്കാനും മക്കി നിരന്തരം ശ്രമിച്ചിരുന്നു. നേരത്തെ യുഎൻ ഉപരോധ സമിതിക്ക് കീഴിൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത നിർദേശം ചൈന തള്ളിയിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്കിയെ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
അബ്ദുൽ റഹ്മാൻ മക്കി
കശ്മീർ താഴ്വരയിൽ 1990 കളിലാണ് ലഷ്ക്കർ സാന്നിധ്യം ആദ്യമായി കാണുന്നത്. 2000 ഡിസംബർ 22 ന് ചെങ്കോട്ട ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു മക്കി.
2008 ജനുവരി ഒന്നിന് രാംപൂർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും 2018 ഫെബ്രുവരി 12,13 തിയതികളിൽ കരൺപൂർ നഗറിൽ നടന്ന ആക്രമണത്തിലും മെയ് 30 ന് ബാരൺമുളളയിലെ ഖാൻപോറയിൽ നടന്ന ആക്രമണത്തിലും ജൂണിലെ ശ്രീനഗർ ആക്രമണത്തിലും ആഗസ്റ്റിലെ ഗുരെസ് ആക്രമണത്തിലും മക്കിക്ക് പങ്കുണ്ടായിരുന്നു. ഇതാണ് ഇന്ത്യയുടെ കടുത്ത ശത്രുവായി മക്കിയെ മാറ്റിയത്.
ഇത്തരം ഭീഷണികൾ തടയുന്നതിനും തകർക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനം പിന്തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരതയ്‌ക്കെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതും മാറ്റാനാകാത്തതുമായ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി വിശദീകരിച്ചു.
2022 ജൂണിലാണ് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള നീക്കം ഇന്ത്യയും അമേരിക്കയും നടത്തിയത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 1267 ഭീകരരുടെ പട്ടികയിലാണ് മക്കിയെ ഉൾപ്പെടുത്താൻ ഇന്ത്യ അന്ന് ശ്രമിച്ചിരുന്നത്. എന്നാൽ ഇത് തടഞ്ഞ് കൊണ്ട് ചൈന രംഗത്ത് വന്നു. ചൈനയുടെ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.
വിഷയത്തിൽ തീരുമാനം എടുക്കാൻ സമയം വേണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 2019 ൽ മക്കിയെ പാകിസ്താൻ സർക്കാർ വീട്ടുതടങ്കിലാക്കിയിരുന്നു. ഭീകരവാദത്തിന് ധനസഹായം നൽകിയെന്ന കുറ്റത്തിന് 2020 ൽ പാകിസ്താൻ കോടതി മക്കിയെ തടവിന് ശിക്ഷിച്ചിരുന്നതും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ തീരുമാനത്തോടെ മക്കിയുടെ ആസ്തി മരവിപ്പിക്കുന്നതിനും യാത്രാ നിരോധനത്തിനും ആയുധ ഉപരോധത്തിനും വിധേയമാക്കാൻ യുഎൻഎസ്‌സിയ്ക്ക് സാധിക്കും.
അബ്ദുൽ റഹ്മാൻ മക്കി ആരാണ്?
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് അബ്ദുൽ റഹ്മാൻ മക്കി എന്ന പേരിലറിയപ്പെടുന്ന മക്കി ജനിച്ചത്.
ലഷ്കർ-ഇ-തയ്ബയുടെ തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ് മക്കി. ലഷ്കർ-ഇ-തയ്ബയുടെ വിദേശകാര്യ വിഭാഗത്തിന്റെ തലവനായും അതിന്റെ ഗവേണിങ് ബോഡി അംഗമായും ഇദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
ലഷ്‌കർ ഇ ടിയുടെ ഡെപ്യൂട്ടി ചീഫ്, ജെയുഡി/എൽഇടിയുടെ രാഷ്ട്രീയ കാര്യ വിഭാഗം തലവൻ, ജെയുഡിയുടെ മർകസി (സെൻട്രൽ) ടീമിന്റെയും ദാവതി (മതപരിവർത്തനം) ടീമിന്റെയും അംഗം എന്ന നിലയിലും ഇയാൾ പ്രവർത്തിച്ചു.
ഭീകരവാദപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനും സംഭാവന നൽകുന്നതിനും ഇയാൾ ഇടപെട്ടിരുന്നു. ഇതിന് പുറമെ യുവാക്കളെ ഭീകരവാദ പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇന്ത്യയിൽ പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കിക്ക് പങ്കുണ്ട്.
2019 മെയ് 15 ന് പാകിസ്ഥാൻ സർക്കാർ അറസ്റ്റ് ചെയ്ത മക്കി ലാഹോറിൽ വീട്ടുതടങ്കലിലായിരുന്നു.
താലിബാന്റെ മുല്ല ഒമറുമായും അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന മക്കി ഇന്ത്യാ വിരുദ്ധ നിലപാട് കൊണ്ടും ശ്രദ്ധേയമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.