24 മണിക്കൂറിനിടെ മൂന്നാമത്തെയാളും ജീവനൊടുക്കി; സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഞെട്ടിച്ച് ആത്മഹത്യാ പരമ്പര

24 മണിക്കൂറിനിടെ മൂന്നാമത്തെയാളും ജീവനൊടുക്കി; സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഞെട്ടിച്ച് ആത്മഹത്യാ പരമ്പര

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സി.ഐ.എസ്.എഫ് സബ് ഇന്‍സ്പെക്ടറുടെ ഭാര്യയാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. 24 മണിക്കൂറിനിടെ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് മൂന്നാമത്തെ ആത്മഹത്യയും.

സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ നര്‍മദ ഗസ്റ്റ് ഹൗസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങിനെ മരിച്ചനിലയില്‍ കണ്ടത്. പ്രിയ സിങിന്റെ ഭര്‍ത്താവും സി.ഐ.എസ്.എഫ് സബ് ഇന്‍സ്പെക്ടറുമായ വികാസ് സിങ്(30) തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയിരുന്നു.

ഞായറാഴ്ച രാത്രിയാണ് സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഞെട്ടിച്ച ആത്മഹത്യാ പരമ്പരയുടെ തുടക്കം. സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളായ ചിന്താമണി(29)യെ ഞായറാഴ്ച രാത്രി സീറോപോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഛത്തീസ്ഗഢിലെ ശങ്കര സ്വദേശിയാണ് ചിന്താമണി. ദീര്‍ഘനാളത്തെ അവധിക്ക് ശേഷം ജനുവരി പത്താം തീയതിയാണ് ഇദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സി.ഐ.എസ്.എഫ് സബ് ഇന്‍സ്പെക്ടറായ ഉത്തര്‍പ്രദേശ് സ്വദേശി വികാസ് സിങ് സ്വയം നിറയൊഴിച്ച് മരിച്ചത്. സര്‍വീസ് റിവോള്‍വറില്‍ നിന്ന് സ്വയം വെടിയുതിര്‍ത്താണ് വികാസ് ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വികാസിന്റെ മരണ വിവരമറിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഭാര്യ പ്രിയ സിങ് ശ്രീഹരിക്കോട്ടയില്‍ എത്തിയത്.

ഭര്‍ത്താവിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ഇവര്‍ ജീവനൊടുക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.

അതേസമയം വ്യക്തിപരമായ പ്രശ്നങ്ങളാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം. മൂന്നു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.