വാഷിംഗ്ടൺ: വൈദ്യുത വിളക്കുകളുടെ നിലയ്ക്കാത്ത രാത്രികാല പ്രകാശം മൂലം പ്രകാശ മലിനീകരണം തീവ്രമാകുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് ആളുകളുടെ നിരീക്ഷണങ്ങൾ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം നടത്തിയിരിക്കുന്നത്.
രാത്രികാലങ്ങളിലെ വെളിച്ചത്തിലും തെളിഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളുടെ എണ്ണത്തിൽ 2011 മുതൽ 2022 വരെയുള്ള കാലഘട്ടങ്ങളിൽ ഏഴ് മുതൽ 10 ശതമാനം വരെ കുറവ് വന്നതായി നിരീക്ഷണ സൈറ്റുകളിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് മുമ്പ് സാറ്റലൈറ്റ് രേഖകൾ ഉപയോഗിച്ച് കണ്ടെത്തിയ കണക്കുകളേക്കാൾ വളരെ കൂടുതലാണ്.
നക്ഷത്രങ്ങളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് വടക്കേ അമേരിക്കൻ പ്രദേശങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലുമാണ്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ താരതമ്യേന നക്ഷത്രങ്ങളുടെ എണ്ണം കൂടുതലുണ്ട്.
ലോകമെമ്പാടുമുള്ള 19,000 ലധികം സ്ഥലങ്ങളിൽ 29,000 ലധികം വ്യക്തിഗത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പഠനം നടത്തിയ "നഗരവാസികളായ നിരീക്ഷകർ" നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന നക്ഷത്രങ്ങളുടെ ദൃശ്യതയെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തി.
മനുഷ്യൻ സൃഷ്ടിച്ച പ്രകാശം അന്തരീക്ഷത്തിൽ ചിതറി ഭൂമിയിലേക്ക് മടങ്ങുന്നത് മൂലം രാത്രി ആകാശത്തെ കൃത്രിമമായി പ്രകാശിപ്പിക്കുന്ന "സ്കൈഗ്ലോ" എന്ന വിഷയത്തിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വലിയ നഗരത്തിന് മുകളിൽ ആകാശത്തിന്റെ രാത്രികാല തിളക്കം അഥവാ സ്കൈഗ്ലോ പരിചിതമായ ഒരു കാഴ്ചയാണ്. എന്നാൽ ഇന്ന് ചെറിയ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ പോലും ഇത് അനുഭവിക്കുന്നു.
ഈ പഠനം രണ്ട് കാരണങ്ങളാൽ പ്രധാനമാണെന്ന് ജിഎഫ്‌സെഡ് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിലെ ഭൗതികശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ കൈബയും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ പ്രധാന രചയിതാവായ റൂർ-യൂണിവേഴ്‌സിറ്റേറ്റ് ബോച്ചും പറയുന്നു.
ഒന്നാമതായി, ഭൂഖണ്ഡാന്തര വിസ്താരത്തിൽ സ്കൈഗ്ലോ പഠിക്കുന്നത് ആദ്യമായിട്ടാണ്. രണ്ടാമതായി, നിലവിലുള്ള മാനദണ്ഡങ്ങളും നിയമനിർമ്മാണങ്ങളും സ്കൈഗ്ലോ കുറയ്ക്കുന്നതിനോ അല്ലെങ്കിൽ അതിന്റെ വളർച്ച തടയുന്നതിനോ പരാജയപ്പെടുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
സാറ്റലൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2017 ലെ ഒരു പഠനം അനുസരിച്ച് രാത്രിയിൽ ഭൂമിയിലെ കൃത്രിമ വെളിച്ചത്തിന്റെ നിരക്കിന് രണ്ട് ശതമാനം വാർഷിക വർധനവ് ഉണ്ടായി എന്നാണ്. വെളിച്ചത്തിന്റെ തെളിമയിലും വെളിച്ചം ഉൾക്കൊള്ളുന്ന മേഖലയിലുമാണ് ഈ നിരക്ക് വർധന ഉണ്ടായിരുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ നിലവിൽ ഉപയോഗിക്കുന്ന ആഗോള നിരീക്ഷണ ഉപഗ്രഹം, ആധുനിക എൽഇഡി ലൈറ്റ് പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അത്ര സംവേദനക്ഷമതയില്ലാത്തതിനാൽ ഈ കണക്കുകൾ നിലവിൽ ഉള്ളതിനേക്കാൾ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ മലിനീകരണം മനുഷ്യരിലും മൃഗങ്ങളിലും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഉപയോഗിക്കുന്ന ലൈറ്റുകളുടെ പ്രകാശം, ദിശ, വ്യാപ്തി, ഇനം എന്നിവയുടെ മികച്ച രൂപകൽപ്പന ഉൾപ്പെടെ പ്രകാശ മലിനീകരണം ലഘൂകരിക്കാൻ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു.
"നഗരങ്ങൾക്ക് മുകളിൽ സ്കൈഗ്ലോ ഇല്ലാത്ത ഒരു സാഹചര്യത്തിലേക്ക് നമ്മൾ ഒരിക്കലും എത്തില്ല എന്നത് ശരിയാണ്. എന്നാൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ ജനത്തിരക്ക് കുറഞ്ഞ നഗരങ്ങളിലെങ്കിലും നക്ഷത്രക്കൂട്ടങ്ങളെ ദൃശ്യമാക്കാൻ നമുക്ക് സാധിക്കും" കൈബ കൂട്ടിച്ചേർത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.