രണ്ടാം ഭാഗം ഇന്ന് പുറത്ത് വിടുമെന്ന് ബിബിസി
ഒന്നാം ഭാഗം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു
ന്യൂഡൽഹി: ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത് വരാനിരിക്കെ ആദ്യ ഭാഗത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കാനുള്ള യൂണിയന്റെ തീരുമാനം അധികൃതർ വിലക്കി. സര്‍വകലാശാല രജിസ്റ്റാറാണ് ക്യാമ്പസിൽ പ്രദർശനം വിലക്കി ഉത്തരവിറക്കിയത്.
ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് യൂണിയൻ.
ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശങ്ങളുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാൻ സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ഇതിനെതിരെയാണ് സർവകലാശാല സർക്കുലർ ഇറക്കിയത്.
അതേസമയം ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത് വിടുമെന്ന് ബിബിസി അറിയിച്ചു. വിവാദത്തിന് തിരികൊളുത്തിയ ഇന്ത്യ ദ മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹ മാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര സർക്കാറിന്റെ വിലക്ക് ലംഘിച്ച് ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു. സർവകലാശാല കാമ്പസിൽ വിവാദ പരമ്പര പ്രദർശിപ്പിച്ചുവെന്ന് കാണിച്ച് ആർഎസ്എസിന്റെ വിദ്യാർത്ഥി സംഘടനയായ എബിവിപി പരാതി നൽകി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് തങ്ങൾ ഒരു സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നെന്നും എന്നാൽ അത് നിരോധിക്കുന്നതിന് മുമ്പായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ആദ്യ ഭാഗത്തിന്‍റെ ലിങ്ക് സംബന്ധിച്ച നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നീക്കത്തോട് സര്‍വകലാശാല പ്രതികരിച്ചിട്ടില്ല. അതേ സമയം യൂട്യൂബും ട്വിറ്ററും ലിങ്കുകള്‍ നീക്കം ചെയ്തിട്ടും ഡോക്യുമെന്‍ററിയിലേക്കെത്താവുന്ന മറ്റ് ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയതു. യുകെ വിദേശകാര്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് ആദ്യ ഭാഗത്തില്‍ ഡോക്യുമെന്‍ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്‍ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.