രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തിയത് ഗൗരവകരം; സുപ്രീം കോടതിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തിയത് ഗൗരവകരം; സുപ്രീം കോടതിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐബി) റിസര്‍ച്ച് അനാലിസിസ് വിങിന്റെയും (റോ) റിപ്പോര്‍ട്ടുകളിലെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി കൊളീജിയം പരസ്യപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവണതകള്‍ ഭാവിയില്‍ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഉദ്യോഗസ്ഥരെ രണ്ടുതവണ ചിന്തിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ജഡ്ജിമാരാകാന്‍ പരിഗണിച്ച അഭിഭാഷകരില്‍ അഞ്ച് പേര്‍ക്കെതിരായ രഹസാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പ്രമേയത്തില്‍ കൊളീജിയം പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിമര്‍ശനം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പുറത്തുവിടുന്നതു ഗുരുതര വിഷയമാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ദോഷമായി ബാധിക്കുന്ന നടപടിയാണിതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. 

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ ജോണ്‍ സത്യന്‍, ബോംബെ ഹൈക്കോടതിയിലെ സോമശേഖരന്‍ സുന്ദരേശന്‍, ഡല്‍ഹി ഹൈക്കോടതിയിലെ സൗരഭ് കൃപാല്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ അമിതേഷ് ബാനര്‍ജി, സാഖ്യ സെന്‍ എന്നിവരെ ജഡ്ജിമാരാക്കണമെന്ന നിര്‍ദേശമാണു നിയമ മന്ത്രാലയം മടക്കിയത്. ഇതില്‍ ജോണ്‍ സത്യനെതിരെ ഐബി റിപ്പോര്‍ട്ടും സൗരഭ് കൃപാലിനെതിരെ റോ റിപ്പോര്‍ട്ടുമാണു നിലപാട് ന്യായീകരിക്കാന്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്.

മറ്റ് മൂന്ന് അഭിഭാഷകരുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയുടെ ഭാഗങ്ങള്‍ പരസ്യപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും കൊളീജിയവും തമ്മില്‍ തുടരുന്ന പരസ്യമായ ഏറ്റുമുട്ടലിനിടെയാണ് കിരണ്‍ റിജിജുവിന്റെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.