വാഷിങ്ടണ്‍: ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയില്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികളെ തീരുവയില്‍ നിന്ന് ഒഴിവാക്കും. തീരുവ നയങ്ങളിലൂടെ രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ട്രംപിന്റെ നീക്കം.
പുതിയ തീരുവ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ കാര്യമായി ബാധിക്കും. ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിയുടെ ഏതാണ്ട് 30 ശതമാനത്തിലധികം അമേരിക്കന്‍ വിപണിയിലേക്കാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ കയറ്റുമതി ചെയ്ത 2790 കോടി ഡോളറിന്റെ മരുന്നില്‍ 870 കോടി ഡോളറിന്റെ മരുന്നും യു.എസിലേക്കാണ് പോയതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.
2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 370 കോടി ഡോളറിന്റെ മരുന്നുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ട്രംപിന്റെ പുതിയ തീരുവ മൂലമുണ്ടാകുന്ന വര്‍ധിച്ച ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനികള്‍ക്ക് കഴിയാത്തതിനാല്‍ ഇന്ത്യന്‍ മരുന്നുകളുടെ മത്സരക്ഷമത കുറയ്ക്കുകയും ലാഭ വിഹിതത്തില്‍ ഇടിവുണ്ടാക്കുകയും ചെയ്യും.
50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയാല്‍ പോലും ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
മരുന്നുകള്‍ക്ക് പുറമെ, അടുക്കള കാബിനറ്റുകള്‍ക്കും ബാത്ത്‌റൂം വാനിറ്റികള്‍ക്കും 50 ശതമാനവും ഫര്‍ണിച്ചറിന് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും ഇറക്കുമതി തീരുവ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ തീരുവ ദേശീയ സുരക്ഷയ്ക്കാണെന്നാണ് അദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം പ്രശ്‌നമല്ലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ 12 മാസത്തിനിടെ ഉപഭോക്തൃ വില സൂചിക 2.9 ശതമാനം വര്‍ധിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.