അരക്ഷിതാവസ്ഥയിലായ പാകിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നു

അരക്ഷിതാവസ്ഥയിലായ പാകിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നു

ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്ന് അരക്ഷിതാവസ്ഥയിലായ പാകിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ നരക ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്.

ഭൂവുടമകളുടെ ചൂഷണത്തിനാണ് ഇവരില്‍ കൂടുതല്‍ പേരും ഇരയാകുന്നത്. കാനഡ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

പാകിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്. നിര്‍ബന്ധിച്ച് മതം മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് തട്ടിക്കൊണ്ടു പോകല്‍.

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പൊലീസും നിയമ വ്യവസ്ഥയും ശ്രദ്ധിക്കുന്നില്ല.

2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെ രാജ്യത്ത് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് മാത്രം നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്ത പെണ്‍കുട്ടികളില്‍ അറുപത്തിയൊന്ന് ശതമാനവും പതിനാറ് വയസില്‍ താഴെയുള്ളവരാണ്.

അതിനിടെ ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ അടികൂടുന്നതും പതിവ് കാഴ്ചയാണ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഗോതമ്പ് വാങ്ങാന്‍ ഒന്നര കിലോമീറ്ററിലധികമാണ് ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.