ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് പരിഗണിക്കട്ടെയെന്നും കോടതി പരാമര്‍ശിച്ചു.
1937 ലെ ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ക്ക് വിവേചനം സൃഷ്ടിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയായിരുന്നു സുപ്രീം കോടതിയുടെ പരിഗണനക്കായി ഇന്ന് വന്നത്.
ഈ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ്മാരായ ജോയ്മാല ബാക്സിയ, ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഏകീകൃത സിവില്‍ നിയമം ആണ് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം എന്ന തരത്തിലുള്ള ഒരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
ഓരോ മതവുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളെക്കാളും മെച്ചപ്പെട്ടത് ഒരു ഏകീകൃത സിവില്‍ നിയമമാണെന്ന പരാമര്‍ശമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. പക്ഷേ, ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ച ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിയമത്തില്‍ ഒരു ശൂന്യത സൃഷ്ടിക്കും എന്ന് കോടതി പറഞ്ഞു.
വ്യവസ്ഥകള്‍ റദ്ദാക്കിയാല്‍ മുസ്ലിം പിന്തുടര്‍ച്ച അവകാശത്തെ സംബന്ധിക്കുന്ന മറ്റ് വ്യവസ്ഥകള്‍ ഒന്നും തന്നെയില്ലാതാകും. ഈ സാഹചര്യത്തിലാണ് അതിലേക്ക് കടക്കുവാന്‍ കോടതി വിസമ്മതിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഏകീകൃത സിവില്‍ നിയമം നിയമനിര്‍മ്മാണ സഭകള്‍ പരിഗണിക്കണമെന്ന അഭിപ്രായം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതൊരു ഉത്തരവല്ല, മറിച്ച് കോടതിയുടെ അഭിപ്രായം എന്ന നിലയിലാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷനായ ബെഞ്ച് ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണമെന്നാണ് ബിജെപി ശക്തമായി ആവശ്യപ്പെടുന്നത്.
സുപ്രീം കോടതിയുടെ പരാമര്‍ശത്തെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് പരിഗണിക്കുക എന്നതാണ് നിര്‍ണായകം. ഏകീകൃത സിവില്‍ നിയമം വരുന്നതിനെ എതിര്‍ക്കുന്നവര്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഏകീകൃത സിവില്‍ നിയമത്തിനെ അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉത്തരവല്ലാത്തതിനാല്‍ സുപ്രീം കോടതിയുടെ അഭിപ്രായങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.