​പാപമാണ് കുറ്റമല്ല ​

​പാപമാണ് കുറ്റമല്ല ​

'സ്വവർഗ ലൈംഗീകത ഒരു കുറ്റമല്ല,പാപമാണ്" കാസ സാന്താ മാർട്ടയിൽ അസോസിയേറ്റഡ് പ്രസിന് ചൊവ്വാഴ്ച കൊടുത്ത പ്രത്യേക അഭിമുഖത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ഈ പരാമർശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വിശ്വാസികളുടെ ഇടയിലും അവിശ്വാസികളുടെ ഇടയിലും ഒരുപോലെ ചിന്താക്കുഴപ്പം സൃഷിടിച്ചിരിക്കുകയാണ് ഈ പരാമർശം.  ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് ആവർത്തി ച്ച് വ്യക്തമാക്കിയ മാർപ്പാപ്പായുടെ ഈ പരാമർശം എങ്ങിനെയാണ് തർക്കത്തിന് വിഷയമായത്?

എല്ലാ പാപവും കുറ്റകൃത്യമല്ല

പാപവും കുറ്റകൃത്യവും തമ്മിൽ വേർതിരിച്ചറിയാൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. പരസ്പരം സ്നേഹിക്കാത്തതും പാപമാണ്. സ്വവർഗാനുരാഗികൾ മാത്രമല്ല ഒരു കൊലപാതകിയായാലും ഏതു കൊടും പാപിയാണെങ്കിലും അവരെപ്പോലും അകറ്റിനിർത്താൻ പാടില്ല. എല്ലാ പുരുഷനും സ്ത്രീക്കും അവരുടെ പ്രതീക്ഷകൾ തിരിച്ചുവിടാനും ദൈവത്തിന്റെ മഹത്വം അറിയാനും അവസരം ഉണ്ടാവണം എന്നും മാർപാപ്പാ പറഞ്ഞു. സ്വവർഗ്ഗരതിക്കാരെ അകറ്റിനിർത്തരുതെന്നും എല്ലാവരെയും സഭയിലേക്ക് ഉൾക്കൊള്ളണമെന്നും ബിഷപ്പ്മാർക്കും മാർപ്പാപ്പ നിർദേശം നൽകി. ഏതാണ്ട് 50 രാജ്യങ്ങളിൽ സ്വവർഗ്ഗരതി കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഏതാണ്ട് പത്ത് രാജ്യങ്ങളിൽ വധശിക്ഷയും വിധിക്കുന്നു. അത് പാടില്ല എന്നും മാർപ്പാപ്പ പറഞ്ഞു.

വധശിക്ഷ പാടില്ല എന്നും വധശിക്ഷ നിർത്തലാക്കണം എന്നും ലോകരാഷ്ട്രങ്ങളോട് മാർപ്പാപ്പയുടെ ആഹ്വാനം തുടങ്ങിയിട്ട് കാലം ഏറെയായി. അതിന്റെ ഒരു തുടർച്ച തന്നെയാണ് ഇതെന്ന് നിരീക്ഷകർ കരുതുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസിന് യോഗ്യരായ തടവ് പുള്ളികളെ ജയിൽ വിമുക്തരാക്കണമെന്നും  ഫ്രാൻസിസ് മാർപ്പാപ്പരാഷ്ട്ര നേതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. സഭയുടെ പ്രബോധനത്തോടൊപ്പം ആരെയും അവഗണിക്കാത്ത ദൈവപിതാവിന്റെ സ്നേഹം ലോകവുമായി പങ്ക് വയ്ക്കുക മാത്രമാണ് മാർപ്പാപ്പ ചെയ്തത്.   ഇക്കാര്യങ്ങളാണ്  ഇപ്പോൾ വിവാദമായിരിക്കുന്നത്. 

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അനുസരിച്ച് സ്വവർഗ്ഗ വിവാഹം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. 2021ൽ വത്തിക്കാൻ പറഞ്ഞതിങ്ങനെ. സ്വവർഗ്ഗ വിവാഹം ഒരിക്കലും ആശീർവദിക്കാൻ സാധിക്കില്ല, കാരണം അത് പാപമാണ്, പാപം ആശീർവദിക്കാനാവില്ല. സഭയുടെ ഈ പഠനങ്ങളും ആരെയും ഒഴിവാക്കാത്ത ദൈവപിതാവിന്റെ സ്നേഹവുമാണ് മാർപ്പാപ്പ പങ്ക്‌വച്ചത്. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയുന്ന ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ എല്ലാവർക്കും അവസരം കൊടുക്കണമെന്നാണ് പാപ്പാ ആവശ്യപ്പെട്ടത്. ഫ്രാൻസിസ്  മാർപ്പാപ്പയുടെ ഫ്രത്തെലി തുത്തി എന്ന ചാക്രിക ലേഖനത്തിൽ തെളിഞ്ഞ് നിൽക്കുന്നതും ഈ സർവ സഹോദര്യമാണ്. ഒരു ഇന്റർവ്യൂവിൽ മാർപ്പാപ്പ പറഞ്ഞ ഒരു കാര്യം മാത്രം എടുത്തു വിശകലനം ചെയ്ത് തെറ്റിദ്ധാരണ പരത്തുമ്പോൾ മാർപ്പാപ്പയുടെ എല്ലാ പ്രബോധനങ്ങളും തുടർച്ചയായി അടുത്ത് വീക്ഷിക്കുന്ന ഒരു വ്യക്തിക്ക് ഇതിന്റെ പൊരുൾ വളരെ വേഗം മനസ്സിലാക്കാനാവും. പാപ്പയുടെ എല്ലാ പ്രബോധനങ്ങളിലും തെളിഞ്ഞ് നിൽക്കുന്നത് ആരെയും ഒഴിവാക്കാത്ത ദൈവപിതാവിന്റെ സ്നേഹം,കരുണ,ദയ, അനുകമ്പ എന്നിവയാണ്. കൊലപാതകികളും വ്യഭിചാരികളും കള്ളസ്സാക്ഷ്യം പറയുന്നവരും മോഷ്ടിക്കുന്നവരും മാതാപിതാക്കളെ ബഹുമാനിക്കാത്തവരും എല്ലാം ദേവാലയത്തിൽ വരുകയും സഭയോട് ചേർന്ന് നിൽക്കുകയും ചെയുന്നുണ്ട്. അവർ ചെയ്യുന്നതും പാപം തന്നെയാണ്. ഇതൊരു ശാരീരിക ബലഹീനതയാണെന്നും മറ്റ്‌ മാനുഷിക ബലഹീനതകൾ പോലെ തന്നെ ഇവരുടെ ‌ഈ അവസ്ഥയെ കാണണമെന്നും പാപ്പാ ഇതിനുമുൻപ്‌ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ സ്വവർഗാനുരാഗികളെ ഒറ്റപ്പെടുത്തരുതെന്നും മറ്റെല്ലാ പാപികളെയും പോലെ അവരെയും ഉൾക്കൊള്ളണം എന്നുമാണ് മാർപ്പാപ്പ ഉദേശിച്ചത്. അല്ലെങ്കിൽത്തന്നെ എല്ലാ പാപികളും സഭയില്നിന്നും അകന്നു നിൽക്കേണ്ടി വന്നാൽ, ചേർന്ന് നിൽക്കാൻ ആരുണ്ടാവും?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.