ഓഹരി വിപണിയിൽ 90,000 കോടിയുടെ കനത്ത തിരിച്ചടി; അമേരിക്കൻ സാമ്പത്തിക ഗവേഷണ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി

ഓഹരി വിപണിയിൽ 90,000 കോടിയുടെ കനത്ത തിരിച്ചടി; അമേരിക്കൻ സാമ്പത്തിക ഗവേഷണ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിൽ യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ചാണ് അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങുന്നത്. അതേസമയം റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി ഹിൻഡൻബർഗും വ്യക്തമാക്കി.  

വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും മറുപടിയില്ല. 106 പേജുള്ള വിശദമായ റിപ്പോർട്ടിനെ ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്നാണ് അദാനി പരിഹസിച്ചത്. ഇത് സംബന്ധിച്ച് ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. 

അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെ ആണെന്നും റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.