ഹിന്‍ഡന്‍ബര്‍ഗ് 'ഇംപാക്ട്': ഓഹരിയില്‍ വന്‍ ഇടിവ്; നഷ്ടം 4.17 ലക്ഷം കോടി; ധനികരില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി അദാനി

ഹിന്‍ഡന്‍ബര്‍ഗ് 'ഇംപാക്ട്': ഓഹരിയില്‍ വന്‍ ഇടിവ്; നഷ്ടം 4.17 ലക്ഷം കോടി; ധനികരില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി അദാനി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് വന്‍ ഇടിവ്. ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരിവിപണിയെ ഒന്നാകെ ബാധിച്ചതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി. സെന്‍സെക്സില്‍ മാത്രം 874 പോയന്റിന്റെ ഇടിവാണ് നേരിട്ടത്.

നിലവില്‍ 60,000 പോയന്റില്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. 1.93 ശതമാനത്തിന്റെ ഇടിവാണ് സെന്‍സെക്സില്‍ ഉണ്ടായത്.
കൂടാതെ ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്കു വീണു. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തവരുന്നതിനു മുന്‍പ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.

നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 17500ലേക്കാണ് നിഫ്റ്റി താഴ്ന്നത്. രണ്ട് ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി നേരിട്ടത്. ബജറ്റിന് മുന്‍പ് തുടര്‍ച്ചയായ രണ്ടു ദിവസം ഉണ്ടായ ഇടിവില്‍ നിക്ഷേപകര്‍ക്ക് ഏകദേശം 12 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. വ്യാപാരത്തിനിടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം 280 ലക്ഷം കോടിയില്‍ നിന്ന് 268 ലക്ഷം കോടിയായാണ് താഴ്ന്നത്.

ഓട്ടോ സെക്ടര്‍ ഒഴികെയുള്ള മുഴുവന്‍ മേഖലകളിലും നഷ്ടം നേരിട്ടു. എണ്ണ, ഊര്‍ജ്ജ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏകദേശം ഏഴ് ശതമാനത്തിന്റെ വരെ ഇടിവാണ് ഉണ്ടായത്. ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളിലും നഷ്ടം നേരിട്ടു.

വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 96.5 ബില്യന്‍ ഡോളറാണ് അദാനിയുടെ ആസ്തി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യത്തില്‍ ഏതാണ്ട് 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു.

റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രസ്താവന നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. അദാനി ട്രാന്‍സ്മിഷന്‍ 19.99 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 19.99 ശതമാനം, അദാനി എന്റര്‍പ്രൈസസ് 18.52 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.

അദാനി പോര്‍ട്‌സ് 16.03 ശതമാനവും അദാനി വില്‍മര്‍, അദാനി പവര്‍ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞു. അദാനി അടുത്തകാലത്ത് ഏറ്റെടുത്ത അംബുജ സിമന്റ്സ് 17.16 ശതമാനവും എസിസി 13.04 ശതമാനവും ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് അവരുടെ വിപണി മൂല്യത്തില്‍ നിന്ന് 4,17,824.79 കോടി രൂപ നഷ്ടമായെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണിമൂല്യം 1,04,580.93 കോടി രൂപ ഇടിഞ്ഞപ്പോള്‍ അദാനി ട്രാന്‍സ്മിഷന് 83,265.95 കോടി രൂപ കുറഞ്ഞു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.