മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (57) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് മൂന്ന് ദിവസം മുന്‍പാണ് ജോര്‍ജ് ആശുപത്രി വിട്ടത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതോടെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണ കാരണം എന്ന് സ്ഥിരീകരിക്കാന്‍ ആവൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ലോട്ടറി കച്ചവടക്കാരനാണ് ജോര്‍ജ്. നിര്‍മ്മാണ തൊഴിലാളിയായിരുന്ന ജോര്‍ജ്, പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്നാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പാര്‍ക്കിന്‍സണ്‍ രോഗത്തിന് ചികിത്സയിലിരിക്കേയാണ് മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ജോര്‍ജിന് ഭക്ഷ്യവിഷബാധയേറ്റത്. പാര്‍ക്കിന്‍സണ്‍ രോഗത്തിന് പതിവായി ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഭക്ഷ്യവിഷബാധയ്ക്കും ജോര്‍ജ് ചികിത്സ തേടിയത്.

ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ജോര്‍ജിന് ക്ഷീണം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത 66-നു സമീപം പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദി, വയറിളക്കം, പനി, വിറയല്‍, വയറുവേദന എന്നിവയെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവര്‍ ചികിത്സ തേടിയിരുന്നു.

സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.