കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ബാര്‍ കൗണ്‍സില്‍. പരാതികളില്‍ സൈബി ജോസിനോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഏതാനും അഭിഭാഷകരാണ് സൈബി ജോസിനെതിരെ കേന്ദ്ര നിയമ മന്ത്രാലയത്തിന് പരാതി നല്‍കിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും.
അതേ സമയം ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രത്യേക ദൂതന്‍ വഴിയാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രാഥമിക പരിശോധനയില്‍ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അഭിഭാഷകര്‍ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഡിജിപി നയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിന് കൈമാറി. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.
അതിനിടെ പരാതിയില്‍ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ഹാജരായ രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ തിരിച്ചു വിളിച്ചു. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്.
അനുകൂല വിധി വാങ്ങി നല്‍കാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടിയുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.