എയിംസ്, ശബരി പാത, മെട്രോ വികസനം: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം

എയിംസ്, ശബരി പാത, മെട്രോ വികസനം: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം

ബജറ്റില്‍ നികുതി പരിഷ്‌കാരം ഉള്‍പ്പെടെ വിവിധ ആശ്വാസ പദ്ധതികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പൂര്‍ണ കേന്ദ്ര ബജറ്റാണ് ബുധനാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ഇതിനായുള്ള രണ്ടാം പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി.

ബജറ്റില്‍ നികുതി പരിഷ്‌കാരം ഉള്‍പ്പെടെ വിവിധ ആശ്വാസ പദ്ധതികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്ന സാഹചര്യത്തില്‍ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസന വര്‍ധന ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ശബരി പാത, മെട്രോ വികസനം, എയിംസ് എന്നിവയടക്കം നിരവധി പദ്ധതികളില്‍ കേരളത്തിന് പ്രതീക്ഷയുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍, ആദായ നികുതി നിരക്കില്‍ മാറ്റം, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്തല്‍, 80 സി പ്രകാരമുള്ള ഇളവ് വര്‍ധിപ്പിക്കല്‍, വര്‍ക് ഫ്രം ഹോം അലവന്‍സ് പ്രഖ്യാപനം, കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പിന്തുണ, പാന്‍ കാര്‍ഡ് ഏക ബിസിനസ് ഐ.ഡി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പുതിയ തീരുമാനമുണ്ടാകുമോ എന്ന് രാജ്യം ഉറ്റു നോക്കുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023-24 കാലത്ത് വളര്‍ച്ചാ നിരക്ക് 6.5 ആകുമെന്നാണ് സര്‍വെ. പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും സര്‍വെയിലുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് അവലോകന റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചത്.

രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ചെവ്വാഴ്ച ആരംഭിച്ച ആദ്യ ഘട്ടം ഫെബ്രുവരി 14 ന് അവസാനിക്കും. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ ആറ് വരെയാണ് രണ്ടാംഘട്ടം. സമ്മേളന കാലയളവില്‍ പാസാക്കാനായി 36 ബില്ലുകളാണ് തയാറാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.