പെഷവാര്‍: പാകിസ്ഥാനിലെ പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന്‍ എത്തിയത് പൊലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ചെന്ന് പൊലീസ്. ഭീകരന്‍ അകത്തു കടന്നത് ശ്രദ്ധയില്‍ പെടാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പൊലീസ് മേധാവി മോസം ഝാ അന്‍സാരി പറഞ്ഞു.
പൊലീസ് യൂണിഫോമില്‍ എത്തിയതിനാലാണ് ഭീകരവാദിയെ പരിശോധിക്കാന്‍ കഴിയാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രണത്തില്‍ നൂറുപേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ 27പേര്‍ പൊലീസുകാരാണ്.
ഭീകരവാദിയുടെ തല സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇത് വെച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആക്രമണം നടത്തിയത് ആരാണെന്ന ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. മാസ്‌കും ഹെല്‍മറ്റും ധരിച്ചാണ് ഭീകരന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'മോട്ടോര്‍ സൈക്കിളില്‍ പ്രധാന ഗേറ്റ് കടന്ന ഭീകരന്‍, ഒരു കോണ്‍സ്റ്റബിളിനോട് പള്ളി എവിടെയാണെന്ന് ചോദിച്ചു. ഇതിനര്‍ത്ഥം ഭീകരന് പ്രദേശത്തെ പറ്റി ബോധ്യമുണ്ടായിരുന്നില്ല എന്നാണ്. സ്ഫോടനം നടത്താനായി നിര്‍ദേശം നല്‍കി വിട്ടതാണ്.'- പൊലീസ് മേധാവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v