നികുതി പ്രളയം: സര്‍വ്വത്ര മേഖലകളിലും നികുതി കൂട്ടി; പെട്രോള്‍, ഡീസല്‍ വില കത്തിക്കയറും; പൊതുജനത്തെ പോക്കറ്റടിക്കുന്ന സംസ്ഥാന ബജറ്റ്

നികുതി പ്രളയം: സര്‍വ്വത്ര മേഖലകളിലും നികുതി കൂട്ടി; പെട്രോള്‍, ഡീസല്‍ വില കത്തിക്കയറും; പൊതുജനത്തെ പോക്കറ്റടിക്കുന്ന സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പൊതുജനത്തിന് തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിരവധി മേഖലകളിലെ നികുതികള്‍ കുത്തനെ ഉയര്‍ത്തി.

കെട്ടിട നികുതിയില്‍ വരുത്തിയ വര്‍ധനവാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം പുതിയ നികുതികളും ഈ മേഖലയില്‍ കൊണ്ടു വന്നു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഇനി മുതല്‍ ഏര്‍പ്പെടുത്തും. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ വീടുണ്ടെങ്കില്‍ ഇനി മുതല്‍ പ്രത്യേക നികുതി അടയ്ക്കേണ്ടി വരും. ഈ നികുതി പരിഷ്‌കാരങ്ങളിലൂടെ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഭൂമി രജിസ്ട്രേഷനുള്ള ചെലവും കുത്തനെ ഉയരും. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവിലയെ അടിസ്ഥാനമാക്കി മാറ്റും.

കോമ്പൗണ്ടിങ് രീതി മാറ്റി ഭൂമിയുടെ അളവിന് അനുസരിച്ച് വാടക പരിഷ്‌കരിക്കും. മൈനിങ്ങ് ആന്റ് ജിയോളജി റോയല്‍റ്റി പിഴ കൂട്ടി. 600 കോടി അധിക വരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി.

വാഹന നികുതിയിലും വര്‍ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപ വരെയുളള മോട്ടര്‍ സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധിക നികുതിയും മോട്ടോര്‍ കാറുകള്‍ക്ക് അഞ്ചുലക്ഷം വരെയുള്ളതിന് ഒരു ശതമാനവും അഞ്ച് മുതല്‍ പതിനഞ്ച് ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനവും നികുതി കൂടും. 15 ലക്ഷത്തിനും ഇരുപതിനും ഇടയില്‍ വിലയുള്ള മോട്ടോര്‍ കാറുകള്‍ക്ക് ഒരു ശതമാനമാണ് നികുതി വര്‍ധന. ഇതിലൂടെ മാത്രം 340 കോടിയുള്ള അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും.

പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപയുടെ തീരുവയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടാകും. അതിലൂടെ വന്‍ വിലക്കയറ്റത്തിനും ഇടവരും. വൈദ്യുതി തീരുവയിലും വര്‍ധന വരുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായ യൂണിറ്റുകള്‍ക്ക് അഞ്ച് ശതമാനമാണ് വൈദ്യുതി തീരുവ വര്‍ധിച്ചത്.

മദ്യത്തിനും പുതിയ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഈ തുക ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഉപയോഗിക്കും.

പ്രധാന പ്രഖ്യാപനങ്ങള്‍:

കൃഷിക്കായി 971 കോടി.

നെല്‍കൃഷി വികസനത്തിന് 95 കോടി.

വന്യജീവി ആക്രമണം തടയാന്‍ 50 കോടി.

കുടുംബശ്രീക്ക് 260 കോടി.

ലൈഫ് മിഷന് 1436 കോടി.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി.

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ.

ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രപ്പത്ര വില രണ്ടുശതമാനം കൂട്ടി.

സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും.

മേയ്ക്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കും.

സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും.

മെയ്ക്ക് ഇന്‍ കേരളയ്ക്കായി ഈ വര്‍ഷം 100 കോടി.

പദ്ധതി കാലയളവില്‍ മെയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും.

തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി.

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി.

വര്‍ക്ക് നിയര്‍ ഹോം 50 കോടി.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.

വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫണ്ട്.

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി.

എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.

കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും.

മാനനഷ്ടം തുടങ്ങിട കേസുകളില്‍ ഒരു ശതമാനം കോര്‍ട്ട് ഫീ നിജപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.