തലച്ചോറിലേക്കുള്ള രക്തവിതരണം തടസപ്പെടുന്നതു വഴി കോശങ്ങള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യമാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. ഇസ്‌കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതമുണ്ട്.
തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇസ്‌കീമിക് സ്ട്രോക്ക് ഉണ്ടാകുന്നത്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിനെ തുടര്‍ന്നാണ് ഹെമറേജിക് സ്ട്രോക്ക് സംഭവിക്കുക. ഈ രണ്ട് തരം പക്ഷാഘാതത്തിന് മുന്നോടിയായും തലവേദന അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന ഹെമറേജിക് സ്ട്രോക്കിന്റെ ലക്ഷണമാണ്.
കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആര്‍ട്ടറിയില്‍ നിന്ന് തുടങ്ങി തലയുടെ മുന്‍ഭാഗത്തേക്കാണ് ഈ വേദന പടരുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞൊടിയിടയിലാണ് ഈ കടുത്ത തലവേദന അനുഭവപ്പെടുക. ചിലര്‍ക്ക് ഈ സമയം സ്പര്‍ശന ശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടേക്കാം. കരോറ്റിഡ് ആര്‍ട്ടറിയിലെ ബ്ലോക്ക് തലയുടെ മുന്‍ഭാഗത്താണ് വേദനയുണ്ടാക്കുന്നതെങ്കില്‍ തലച്ചോറിന്റെ പിന്‍ഭാഗത്തുണ്ടാകുന്ന ബ്ലോക്ക് തലയുടെ പിന്‍ഭാഗത്തെ വേദനയ്ക്ക് കാരണമാകും.
തലവേദനയ്ക്ക് പുറമേ മുഖമോ കണ്ണോ ഒരു ഭാഗത്തേക്ക് കോടി പോകുന്നത്, കൈകള്‍ രണ്ടും ശരിയായി ഉയര്‍ത്താന്‍ കഴിയാതെ വരുന്നത്, സംസാരം അവ്യക്തമാകുന്നതൊക്കെ പക്ഷാഘാത സൂചനകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.