'മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായ് വിടരും നീ'... മലയാളികളെ പാടി രസിപ്പിച്ച വാണിയമ്മ

'മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായ് വിടരും നീ'... മലയാളികളെ പാടി രസിപ്പിച്ച  വാണിയമ്മ

കൊച്ചി: യൂസഫലി കേച്ചേരിയുടെ രചനയ്ക്ക് കെ.ജെ ജോയ് സംഗീതം നല്‍കി സായൂജ്യം എന്ന ചിത്രത്തില്‍ വാണി ജയറാം പാടിയ 'മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായ് വിടരും നീ'... എന്ന ഗാനം പോലെ, ജീവിതത്തില്‍ നിന്ന് വാണിയമ്മ മറഞ്ഞു പോയാലും മലയാളികളുടെ മനസിന്റെ കണ്ണില്‍ എന്നും മലരായ് വിടര്‍ന്നു തന്നെ നില്‍ക്കും.

കാരണം അത്രയ്ക്ക് സുന്ദരമായ നിരവധി ഗാനങ്ങളാണ് വാണി ജയറാം മലയാളികള്‍ക്ക് പാടി തന്നത്. ഏതോ ജന്മ കല്പനയില്‍.... ആഷാഢമാസം ആത്മാവില്‍ മോഹം .... കടക്കണ്ണിലൊരു കടല്‍ കണ്ടു ..... തിരുവോണപ്പുലരി തന്‍ .... വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി ..... നാടന്‍ പാട്ടിലെ മൈന ..... സീമന്തരേഖയില്‍.... ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇതുപോലെ എത്രയോ ഗാനങ്ങള്‍ വാണിയമ്മയുടെ മധുര ശബ്ദത്തില്‍ മലയാളികള്‍ ആവോളം ആസ്വദിച്ചു.

1945 ല്‍ തമിഴ്നാട്ടിലെ വെല്ലൂരില്‍ ജനിച്ച വാണി എന്ന കലൈവാണി ബോളിവുഡിലൂടെയാണ് സംഗീത ലോകത്തേയ്ക്ക് ചുവടു വച്ചത്. എട്ടാം വയസില്‍ ആകാശവാണിയിലാണ് ആദ്യ ആലാപനം. 1971 ഡിസംബര്‍ രണ്ടിന് 'ഗുഡി ' എന്ന ഹിന്ദി ചിത്രത്തില്‍ ആദ്യമായി മൂന്നു പാട്ടുകള്‍ പാടിക്കൊണ്ടാണ് സംഗീത വേദിയില്‍ വാണി ജയറാം സ്ഥാനം ഉറപ്പിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ 19 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.

ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ വാണി ജയറാമിന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതേറ്റു വാങ്ങാന്‍ കാത്തു നില്‍ക്കാതെയാണ് വാണിയമ്മയുടെ മടക്കം.

1974 ല്‍ ചെന്നൈയിലേയ്ക്ക് താമസം മാറിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ സംഗീത ലോകത്ത് സജീവമായത്. 1973 ജനുവരി 31 ന് 'സ്വപ്നം ' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എന്‍.വി കുറുപ്പ് രചിച്ച് സലില്‍ ചൗധരി ഈണമിട്ട 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു ' എന്ന പാട്ടിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. തുടര്‍ന്ന് മനോഹരമായ ഒരു പിടി ഗാനങ്ങള്‍ വാണിയമ്മയുടെ മധുര സ്വരത്തില്‍ മലയാളികള്‍ കേട്ടു.

അന്യ ഭാഷയില്‍ നിന്ന് വന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരില്‍ പ്രമുഖയാണ് വാണി ജയറാം.

സലില്‍ ചൗധരിക്ക് ശേഷം എം.എസ് വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റര്‍, എ.ടി.ഉമ്മര്‍, കണ്ണൂര്‍ രാജന്‍, കെ.ജെ. ജോയ്, ജോണ്‍സണ്‍ തുടങ്ങി മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം സംവിധാനത്തില്‍ പാട്ടുകള്‍ പാടാനുള്ള ഭാഗ്യം വാണി ജയറാമിന് ലഭിച്ചു.

1975 മുതല്‍ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങള്‍ കൈയ്യടക്കി വച്ചത് വാണി ജയറാമും എസ്. ജാനകിയുമാണ്. നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിന് ഗോപി സുന്ദറിന്റെ സംവിധാനത്തില്‍ 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം ആലപിച്ചാണ് വാണിയമ്മ മലയാളത്തിലേക്ക് മടങ്ങി വന്നത്.

ഹിറ്റ് ചിത്രങ്ങളായ പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ', ആക്ഷന്‍ ഹീറോ ബിജുവിലെ 'പൂക്കള്‍ പനിനീര്‍ പൂക്കള്‍' എന്നിവയാണ് മലയാളത്തില്‍ അവസാനമായി പാടിയ പാട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26