കണ്ണൂര്‍: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഹര്‍ത്താല്‍ എന്ന സമരമുറയ്ക്ക് കോണ്‍ഗ്രസ് എതിരാണ്.
താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ല. ഹര്‍ത്താല്‍ നടത്തില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നയിക്കുന്ന സമര പരമ്പരകളിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജനത്തിന്റെ നടുവ് ചവിട്ടി ഒടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്.
നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടത് അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
സര്‍ക്കാര്‍ നിര്‍മിത പ്രളയത്തിനും കോവിഡിനും ശേഷം നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരന്റെ നടുവ് ചവിട്ടി ഒടിക്കുന്ന ദുരിത പൂര്‍ണമായ ബജറ്റാണ് പിണറായി വിജയന്‍ കേരളത്തിനു സമ്മാനിച്ചത്.
സമസ്ത മേഖലകളിലും ഉള്ള ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ തയ്യാറാക്കിയ ഈ ജനവിരുദ്ധ ബജറ്റ്, കേരള രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാണ്. നികുതിക്കൊള്ളയാണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയന്‍ താല്‍പര്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്‍ത്തിനു വേണ്ടിത്തന്നെ കോടിക്കണക്കിനു രൂപയുടെ നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടി വന്നിരിക്കുന്നു.
പെട്രോളിനും ഡീസലിനും നികുതി വര്‍ധനവ്. അരിയും പാലും വെള്ളവും അടക്കം സകലതിനും വില കൂടുന്നു. ഇരുചക്ര വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തുടനീളം നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വിതരണക്കാരായ മാറിയിരിക്കുന്ന സിപിഎം നേതാക്കളുടെ കച്ചവടം മെച്ചപ്പെടുത്താന്‍ വേണ്ടിയാണോ മദ്യത്തിനു വീണ്ടും വില വര്‍ധിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മദ്യത്തിന്റെ പരിധിയിലധികം ഉള്ള വിലവര്‍ധനവ് സമൂഹത്തില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനത്തിനു വഴിയൊരുക്കുന്നുണ്ട്. സാധാരണക്കാരനു സ്ഥലം വാങ്ങാനോ വീട് വാങ്ങാനോ കഴിയാത്ത വിധം വന്‍തോതില്‍ ഉള്ള നികുതി വര്‍ധനവാണ് ബന്ധപ്പെട്ട മേഖലകളില്‍ ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്‍ മുന്‍കാലങ്ങളില്‍ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങളൊക്കെ കടലാസില്‍ ഇരുന്നു മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്. നികുതിക്കൊള്ള മാത്രം കൃത്യമായി നടത്താന്‍ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പിണറായി വിജയന് അത്യാധുനിക പശുത്തൊഴുത്ത് പണിയുവാനും ഒന്നാം നിലയിലേക്ക് ലക്ഷ്വറി ലിഫ്റ്റ് പണിയുവാനും കൊച്ചുമക്കളെ അടക്കം കൂട്ടി കുടുംബസമേതം വിദേശങ്ങളില്‍ വിനോദയാത്ര നടത്തുവാനും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്കു മാറ്റിവയ്ക്കണമോയെന്ന് സിപിഎമ്മുകാര്‍ അടക്കമുള്ള പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊള്ളയടിക്കാന്‍ കോണ്‍ഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല.
തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമര പരമ്പരകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ബജറ്റ് അവതരിപ്പിച്ച പിണറായി വിജയന്റെ ഭരണകൂടത്തിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന സമര പരമ്പരകളിലേക്ക് സകല വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.