കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണ കാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. സംസ്ഥാനത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്. തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാന്‍ ഡോക്ടറുമാരുടെ പാനല്‍ തയാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ.ജി. സൈമണ്‍ പറഞ്ഞു.
ഇത്രയും പഴക്കം ഉണ്ടാകുമ്പോള്‍ ഫലം കിട്ടില്ല. ഒരു മരണം ഉണ്ടായിക്കഴിഞ്ഞാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഒരു സംഘം ഡോക്ടര്‍മാരെ വെച്ച് പഠനം നടത്തും. അങ്ങനെ പഠനം നടത്തിയ സംഘത്തിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്നടക്കം അതില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് കേസ് ചാര്‍ജ് ചെയ്യുന്നത്. സെക്കന്റ് ഒപ്പീനിയനായാണ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര പുറത്തറിഞ്ഞത്. 14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കേസ്.
ആദ്യ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.
2002 ല്‍ അന്നമ്മ തോമസിന്റെ മരണമാണ് കൂടത്തായി പരമ്പരയിലെ ആദ്യ കൊലപാതകം. ആട്ടിന്‍സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അന്നമ്മയെ കൊലപ്പെടുത്തി ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോം തോമസ് കൊല്ലപ്പെടുന്നത്. 2011 ല്‍ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെയും ജോളി കൊന്നു. റോയ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
എന്നാല്‍ റോയ് തോമസിന്റെ മരണത്തില്‍ അമ്മാവനായ മാത്യു മഞ്ചാടിയില്‍ പിന്നീട് സംശയം ഉന്നയിച്ചു. റോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട മാത്യുവിനെ 2014 ല്‍ ജോളി കൊലപ്പെടുത്തി. പിന്നാലെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്‍ഫൈനെയും 2016ല്‍ ഷാജുവിന്റെ ആദ്യഭാര്യ സിലിയെയും ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.