ന്യൂ ഡൽഹി: അമേരിക്കൻ സന്ദർശക വിസ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് വിപുലമായ ശ്രമങ്ങളുമായി യുഎസ് മിഷൻ ടു ഇന്ത്യ. ഇതിന്റെ ഭാഗമായി ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക അഭിമുഖം പട്ടികപ്പെടുത്തുന്നത് ഉൾപ്പെടെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് നേരിടാന്‍ കോണ്‍സുലാര്‍ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.
ആദ്യ ഘട്ടമായി ജനുവരി 21 ശനിയാഴ്ച, യുഎസ് മിഷൻ ടു ഇന്ത്യ പ്രത്യേക അഭിമുഖ ദിവസങ്ങളുടെ പരമ്പരയിൽ ആദ്യത്തേത് ആരംഭിച്ചു. ഡല്‍ഹിയിലെ അമേരിക്കൻ എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേക അഭിമുഖങ്ങള്‍ നടത്തും. മുമ്പ് അമേരിക്കൻ വിസ ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് അഭിമുഖം ഒഴിവാക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
നിലവില്‍ അമേരിക്കൻ വിസ ലഭിക്കുന്നതിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് 500 ദിവസത്തിലധികമാണ്. എന്നാൽ ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബി 1, ബി 2 വിസകള്‍ നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി വിദേശത്തുള്ള അമേരിക്കന്‍ എംബസികളില്‍ ഇപ്പോള്‍ വിസകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് ബി 1, ബി 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു എംബസിയാണ് ബാങ്കോക്കിലെ അമേരിക്കന്‍ എംബസി. ഇവിടെ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് വെറും 14 ദിവസത്തിനുള്ളില്‍ ഇന്റര്‍വ്യൂ ഘട്ടത്തിലെത്താനാകുമെന്ന് അമേരിക്കൻ എംബസി അറിയിച്ചു. മുംബൈയില്‍ 638 ദിവസവും കൊല്‍ക്കത്തയില്‍ 589 ദിവസവും ഡല്‍ഹിയില്‍ 596 ദിവസവും ഹൈദരാബാദില്‍ 609 ദിവസവുമാണ് അമേരിക്കൻ വിസക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത്.
ഇന്ത്യയിലെ അമേരിക്കൻ മിഷന്‍ രണ്ടര ലക്ഷത്തിലധികം ബി1/ബി2 അപ്പോയിന്റ്‌മെന്റുകള്‍ അനുവദിച്ചിരുന്നു. ജനുവരിയില്‍ ഇന്ത്യയിലെ അമേരിക്കൻ മിഷന്‍ ഒരു ലക്ഷത്തിലധികം വിസാ അപേക്ഷകള്‍ പ്രോസസ്സ് ചെയ്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികളെന്ന് ഡല്‍ഹിയിലെ അമേരിക്കൻ എംബസി അറിയിച്ചു.
2023 ജനുവരിക്കും മാർച്ചിനുമിടയിൽ, പ്രോസസ്സിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി വാഷിംഗ്ടണിൽ നിന്നും മറ്റ് എംബസികളിൽ നിന്നും ഡസൻ കണക്കിന് താൽക്കാലിക കോൺസുലർ ഓഫീസർമാർ ഇന്ത്യയിലെത്തും. എംബസിയിലേക്കും കോൺസുലേറ്റുകളിലേക്കും സ്ഥിരമായി നിയോഗിക്കപ്പെട്ട കോൺസുലർ ഓഫീസർമാരുടെ എണ്ണവും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വർധിപ്പിക്കുന്നുണ്ട്.
കൂടുതൽ കൂടിക്കാഴ്‌ചകൾക്കായി മുംബൈയിലെ കോൺസുലേറ്റ് ജനറൽ അതിന്റെ പ്രവൃത്തിദിവസത്തെ പ്രവർത്തന സമയം നീട്ടി. ഇന്ത്യയിലെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് അമേരിക്കൻ എംബസി തീവ്രമായി ശ്രമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന അമേരിക്കൻ വിസ ഓഫീസര്‍ വ്യക്തമാക്കി.
യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനാൽ യുഎസ് മിഷൻ ഇന്ത്യയിലേക്കുള്ള നിയമാനുസൃത യാത്ര സുഗമമാക്കുന്നതിന് മുൻഗണന നൽകിയിരുന്നു. മാത്രമല്ല 2022 ൽ വിദ്യാർത്ഥി, തൊഴിൽ വിസകൾ ഉൾപ്പെടെ 8,00,000 ഇമിഗ്രന്റ് വിസകൾ തീർപ്പുണ്ടാക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയിലെ അഭിമുഖ കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ള തലത്തിലോ അതിലും താഴെയോ ആണെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തില്‍ 64,716 പേര്‍ക്ക് എച്ച്-2ബി വിസ അനുവദിക്കാന്‍ അമേരിക്ക തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനായി വിസ നിയമത്തില്‍ അമേരിക്ക ഇളവുകള്‍ വരുത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ പുതിയ വികസന പദ്ധതികള്‍ക്ക് തൊഴിലാളികളുടെ സേവനം വേണ്ടിവരുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗവും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പുതിയ വിസ നിയമങ്ങളെപ്പറ്റി പറയുന്നത്. ‘ 2023 സാമ്പത്തിക വര്‍ഷത്തില്‍ താല്‍ക്കാലിക എച്ച്-2ബി വിസകള്‍ ഏകദേശം 64,716 പേര്‍ക്ക് നല്‍കും. കാര്‍ഷികേതര തൊഴില്‍ വിഭാഗത്തിലുള്ളവര്‍ക്കും വിസ ലഭ്യമാകും’, എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
കോവിഡ് മൂലമുണ്ടായ ഈ കുറവുകളെ പരിഹരിക്കാനുള്ള ഒരു ബഹുമുഖ സംരംഭത്തിന്റെ ഒരു ഘടകം മാത്രമാണ് അധിക അഭിമുഖ ദിവസങ്ങൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കൻ വിസ പ്രോസസ്സിംഗ് ശേഷിയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. പല എംബസികൾക്കും കോൺസുലേറ്റുകൾക്കും അടിയന്തര സേവനങ്ങൾ മാത്രമായിരുന്നു നൽകാൻ കഴിഞ്ഞിരുന്നത്.
വിസ പ്രക്രിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കോ വിസ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാനോ സന്ദർശിക്കുക: ustraveldocs.com
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.