പടിഞ്ഞാറൻ പാപ്പുവായിൽ വിഘടനവാദികൾ വിമാനം കത്തിച്ചു; ന്യൂസിലൻഡ് പൈലറ്റിനെയടക്കം ആറ് പേരെ ബന്ദികളാക്കിയതായി റിപ്പോർട്ട്

പടിഞ്ഞാറൻ പാപ്പുവായിൽ വിഘടനവാദികൾ വിമാനം കത്തിച്ചു; ന്യൂസിലൻഡ് പൈലറ്റിനെയടക്കം ആറ് പേരെ ബന്ദികളാക്കിയതായി റിപ്പോർട്ട്

ജകാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പാപ്പുവ മേഖലയിൽ വിഘടനവാദികൾ വിമാനം കത്തിച്ച ശേഷം ന്യൂസിലൻഡ് പൈലറ്റടക്കമുള്ളവരെ ബന്ദികളാക്കിയതായി റിപ്പോർട്ട്. പാപ്പുവായിലെ ഒറ്റപ്പെട്ട ഒരു ഉയർന്ന പ്രദേശത്ത് ചൊവ്വാഴ്ച അഞ്ച് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറിയ വാണിജ്യ വിമാനം നിലത്തിറക്കിയപ്പോഴാണ് സംഭവം.

പൈലറ്റിനെയും യാത്രക്കാരെയും കണ്ടെത്താൻ പോലീസിനെയും സൈനിക ഉദ്യോഗസ്ഥരെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും പാപ്പുവ പ്രവിശ്യയിലെ പോലീസ് വക്താവ് ഇഗ്നേഷ്യസ് ബെന്നി ആദി പ്രബോവോ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അധികൃതർ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ന്ദുഗ എന്ന ഈ പ്രദേശത്ത് എത്തിപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുള്ളതിനാൽ ഒട്ടേറെ ഉദ്യോഗസ്ഥരെ അവിടേക്ക് അയയ്ക്കാൻ കഴിയില്ല. വിമാനത്തിൽ മാത്രമേ അവിടേക്ക് സഞ്ചരിക്കാൻ കഴിയൂയെന്നും അദ്ദേഹം വിശദീകരിച്ചു.

ക്യാപ്റ്റൻ ഫിലിപ്പ് മെർട്ടൻസ് ആണ് ബന്ദിയാക്കപ്പെട്ട പൈലറ്റെന്ന് തിരിച്ചറിഞ്ഞതായി പാപ്പുവയിലെ സൈനിക വക്താവ് ഹെർമൻ തര്യമാൻ വ്യക്തമാക്കി. അതേസമയം ഒപ്പമുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും തട്ടിക്കൊണ്ടുപോയതാണോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സുസി എയർ നടത്തുന്ന വിമാനം വിഘടനവാദികളുടെ ആക്രമണത്തിന് മുമ്പ് ചൊവ്വാഴ്ച പുലർച്ചെ ഈ പ്രദേശത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ് പപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.


ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗമായ വെസ്റ്റ് പാപ്പുവയുടെ സ്വാതന്ത്ര്യം ഇന്തോനേഷ്യൻ സർക്കാർ അംഗീകരിക്കുന്നത് വരെ പൈലറ്റിനെ മോചിപ്പിക്കില്ലെന്ന് ടിപിഎൻപിബി പറഞ്ഞു. അതേസമയം ഇവർ യാത്രക്കാരെ കുറിച്ച് പരാമർശിച്ചില്ല. ഇത് രണ്ടാം തവണയാണ് ടിപിഎൻപിബി ആളുകളെ ബന്ദികളാക്കപ്പെടുന്നത്. 1996 ലായിരുന്നു ആദ്യ സംഭവം.

ഇന്തോനേഷ്യൻ പ്രവിശ്യകളായ വെസ്റ്റ് പപ്പുവ, പപ്പുവ എന്നിവിടങ്ങളിൽ വിഘടനവാദികൾ പൈലറ്റിനെ ബന്ദിയാക്കിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കിയെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

"വിഷയത്തിൽ കോൺസുലാർ പിന്തുണ നൽകുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊതു അഭിപ്രായങ്ങൾ ഞങ്ങൾ പരമാവധി കുറയ്ക്കുന്നു എന്ന വസ്തുത നിങ്ങൾക്ക് പരിചിതമായിരിക്കും" ഹിപ്കിൻസ് വ്യക്തമാക്കി. ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയവും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1969 ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ പ്രദേശം എതിർപ്പുകൾക്കിടയിലും ഇന്തോനേഷ്യൻ നിയന്ത്രണത്തിന് കീഴിലായത്.അന്ന് മുതൽ ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യകൾ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ്.

2018 മുതൽ സംഘർഷം ഗണ്യമായി വർദ്ധിച്ചു. സ്വാതന്ത്ര്യ അനുകൂല പോരാളികൾ കൂടുതൽ മാരകമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ ആരംഭിച്ചു. കൂടുതൽ ആയുധങ്ങൾ നേടാനുള്ള മെച്ചപ്പെട്ട സാഹചര്യങ്ങളാണ് ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കാൻ സഹായിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി അനാലിസിസ് ഓഫ് കോൺഫ്ലിക്റ്റ് പറഞ്ഞു.

സൈനിക പോസ്റ്റുകൾ മോഷ്‌ടിക്കുക, അതിർത്തി കടന്ന് ആയുധം ഉൾപ്പെടെയുള്ള വസ്തുക്കളുടെ കച്ചവടം, സർക്കാർ നൽകിയ ആയുധങ്ങളുടെ അനധികൃത വിൽപ്പന തുടങ്ങി നിരവധി സംഭവങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.