വാഷിംഗ്ടൺ: വെടിവച്ച് വീഴ്ത്തിയ ചൈനീസ് ചാര ബലൂണിൽ ആശയവിനിമയ സിഗ്നലുകളും മറ്റ് രഹസ്യ വിവരങ്ങളും ചോർത്താൻ കഴിവുള്ള അതിനൂതന ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമേരിക്ക. വടക്കേ അമേരിക്കൻ പ്രവിശ്യകൾക്ക് മുകളിലൂടെ ഒരാഴ്ചയിലേറെ പറന്ന ബലൂണിൽ ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
ചാര ബലൂണുകള്‍ ചില നിർണായക സിഗ്നലുകള്‍ ശേഖരിച്ചിരുന്നെന്ന് സംശയിക്കുന്നതായും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ബലൂണിന്റെ സൂക്ഷ്മ പരിശോധനയിൽ യു 2 ചാരവിമാന ഉപകരണങ്ങൾ തിരിച്ചറിഞ്ഞതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു.
''ബലൂണിലുണ്ടായിരുന്ന ഉപകരണങ്ങൾ ഇന്റലിജൻസ് നിരീക്ഷണത്തിന് വേണ്ടിയുള്ളതാണ്. മാത്രമല്ല കാലാവസ്ഥാ ബലൂണുകളിലെ ഉപകരണങ്ങളുമായി ഇവയ്ക്ക് സാമ്യമില്ല. ആശയവിനിമയങ്ങൾ ശേഖരിക്കുക, ജിയോലൊക്കേറ്റ് ചെയ്യുക എന്നിവ സാധ്യമാക്കുന്നതിനായി ഒന്നിലധികം ആന്റിനകൾ ബലൂണിൽ ഉണ്ടായിരുന്നു'' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നു.
ചൈനീസ് ചാരബലൂണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിച്ചു. ചൈന ഇത്തരത്തിലുള്ള ബലൂണുകൾ ഉപയോഗിച്ച് 40 ഓളം രാജ്യങ്ങളിൽ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചിട്ടിട്ടുണ്ട് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍, ഉപഗ്രഹങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾക്ക് പുറമെ ഒന്നും ചാര ബലൂണിന് ലഭിച്ചിട്ടില്ലെന്നാണ് അമേരിക്ക ആദ്യം മുതൽ വാദിക്കുന്നത്.
വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലാണ് ജനുവരി 28 മുതല്‍ ഈ മാസം നാല് വരെ ചൈനീസ് ചാര ബലൂണിനെ കണ്ടെത്തിയത്. ചൈനയുടെ ചാരപ്രവൃത്തിയിലേക്ക് നീളുന്ന അമേരിക്കയുടെ സംശയം പക്ഷേ, ചൈന തള്ളുന്നു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ് ബലൂണെന്നാണ് ചൈനയുടെ വാദം.
ആന്റണി ബ്ലിങ്കന്റെ ബീജിംഗ് സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയുടെ ആകാശത്ത് ചാര ബലൂൺ കണ്ടെത്തിയത്. ഇത് ചൈനയുടെ ചാര ബലൂണാണെന്ന് പെന്റഗൺ ഉറപ്പിച്ചതിനെ തുടർന്ന് ബ്ലിങ്കൻ യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് നാലാം തീയതിയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം അമേരിക്ക വ്യോമസേന തെക്കന്‍ കരോലിന തീരത്ത് വച്ച് ബലൂണ്‍ വെടിവച്ചിട്ടത്.
ഏതാണ്ട് 60 മീറ്ററോളം ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. ചൈനയുടെ നീക്കം അമേരിക്കയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബലൂണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ചൈന ആരോപിച്ചു.
ജപ്പാന്‍, ഇന്ത്യ, വിയറ്റ്നാം, തായ്വാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളെ കൂടി ലക്ഷ്യമിട്ടാണ് ചാര ബലൂണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്ക വിശ്വസിക്കുന്നു. വടക്കന്‍, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ സമാനമായ ചാരബലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നുവെന്നും അമേരിക്ക പ്രതിരോധ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിലും സൈനിക സാങ്കേതികവിദ്യയായാണ് ചാരബലൂണുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ഉള്‍പ്പെടെ ചാര ബലൂണുകള്‍ അവരുടെ സൈന്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു.
അതിനിടെ വിഷയത്തിൽ ചൈനയുമായൊരു സംഘർഷത്തിന് താത്പര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. ബലൂൺ വെടിവച്ചിട്ടതിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. ബലൂണിന്റെ അവശിഷ്ടം തിരികെ വേണമെന്ന് ചൈനയും നല്‍കാനാവില്ലെന്ന് അമേരിക്കയും നിലപാടെടുത്തതോടെയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.