കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുക: ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവർ ഒരിക്കലും നിരുത്സാഹപ്പെടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുക: ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവർ ഒരിക്കലും നിരുത്സാഹപ്പെടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും തങ്ങൾ ഏർപ്പെട്ടിരിക്കുന്ന അജപാലനപ്രവർത്തനങ്ങളിൽ നിന്ന് ഒരിക്കലും നിരുത്സാഹപ്പെടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. കാരണം അവർ സേവിക്കുന്നവരിൽ യേശുവിന്റെ മുഖമാണെന്നും പാപ്പ ഓർമിപ്പിച്ചു. കൂടാതെ കർത്താവ് എപ്പോഴും ദുർബലരോടാണ് അടുത്തിരിക്കുന്നതെന്ന് രോഗികളെയും മാർപ്പാപ്പ ആശ്വസിപ്പിച്ചു.

രോഗികൾക്കായുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട് റോം രൂപതയുടെ കീഴിലെ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പയുടെ ആഹ്വാനം. ഫെബ്രുവരി 11 ശനിയാഴ്ചയാണ് രോഗികളുടെ ആഗോളദിനമായി ഈ വർഷം സഭ ആചരിക്കുന്നത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കായി പ്രാർത്ഥിക്കുന്നതിന് വേണ്ടി ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. വിശുദ്ധ ലൂക്കോയുടെ സുവിശേഷത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 'അവനെ പരിപാലിക്കുക' എന്നതാണ് ഈ വർഷത്തെ ലോക രോഗിദിനാചരണത്തിന്റെ പ്രമേയം.

ആരോഗ്യ ശുശ്രൂഷയിൽ പ്രതിജ്ഞാബദ്ധരായ എല്ലാവർക്കും നന്ദി അറിയിച്ച ഫ്രാൻസിസ് മാർപ്പാപ്പ നിങ്ങൾ സേവിക്കുന്ന എല്ലാവരുടെയും മുഖത്ത് യേശുവിനെ കാണാൻ കഴിയണമെന്നും പ്രതിനിധികളോട് ആവശ്യപ്പെട്ടു.

നല്ല സമരിയക്കാരനെപ്പോലെ കഷ്ടത അനുഭവിയ്ക്കുന്നവരോട് ചേർന്ന് നിൽക്കണം. മറ്റുള്ളവരെക്കുറിച്ച് കരുതലുള്ളവരായിരിക്കണം. ആരാലും കേൾക്കപ്പെടാത്ത അവരുടെ നിലവിളികൾക്ക് ശബ്ദം നൽകാനും, മറ്റുള്ളവർക്ക് കാരുണ്യപ്രവർത്തനങ്ങളിൽ പ്രേരണയായി മാറാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

നല്ല സമരിയാക്കാരൻ

മുറിവേറ്റ മനുഷ്യനെ രക്ഷിച്ച് സത്രം സൂക്ഷിപ്പുകാരനെ സുരക്ഷിതമായി ഏൽപ്പിച്ച നല്ല സമരിയാക്കാരനെക്കുറിച്ചും മാർപ്പാപ്പ തന്റെ സന്ദേശത്തിൽ പ്രതിപാദിച്ചു. സമരിയക്കാരന്റെ ഉപമയിലെ പരിക്കേറ്റ് വഴിയിൽ കിടക്കുന്ന മനുഷ്യനും, സമരിയക്കാരനും മുറിവുകൾ പേറുന്നവരാണെന്ന് ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ചു.

ആദ്യത്തെയാൾ മറ്റുള്ളവരാൽ കൊള്ളയടിക്കപ്പെട്ടതിനിടയിൽ ഉണ്ടായ മുറിവുകൾ പേറുമ്പോൾ, സ്വീകാര്യനല്ലാത്ത ഒരു വിദേശിയായ വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ നിന്ദ്യതയോടെയുള്ള നോട്ടത്തിന്റെ മുറിവുകൾ പേറുന്നവനാണ് സമരിയക്കാരനെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

ക്ലേശിക്കുന്നവർക്കുവേണ്ടി കഷ്ടപ്പെടുന്ന ഈ ഒരു മനോഭാവത്തിൽ നിന്നാണ് ഐക്യത്തിന്റെയും പ്രത്യാശയുടെയും ഒരു ചരിത്രം ഉണ്ടാകുന്നത്.

ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെ മനോഭാവം മറ്റുള്ളവരുടെ വേദനകളിൽ സമീപസ്ഥരായിരിക്കാനുള്ള ഒരു മനോഭാവമായിരിക്കണമെന്നും പാപ്പ പറഞ്ഞു. മറ്റുള്ളവർക്ക് അടുത്തെത്തി അവരുടെ കരം പിടിക്കാനുള്ള ഒരു ധൈര്യത്തിൽ നിന്നാണ് ഇത്തരം ഒരു മനോഭാവം ജനിക്കുന്നത്.

മൂന്ന് മനോഭാവങ്ങൾ

അജപാലനരംഗത്തെ യാത്രയുടെ മൂന്ന് പ്രധാന മനോഭാവങ്ങളെക്കുറിച്ചും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. ഒന്നാമതായി കഷ്ടത അനുഭവിക്കുന്നവരോട് സമീപസ്ഥരായിരിക്കുക, രണ്ടാമതായി അവഗണിക്കപ്പെടുന്നവർക്ക് വേണ്ടി ഒരു ശബ്ദമായി മാറുക, മൂന്നാമതായി സമൂഹത്തിൽ കാരുണ്യത്തിന്റെ പുളിമാവായി മാറാനും മാർപ്പാപ്പ അവരോട് ആഹ്വാനം ചെയ്തു.

മറ്റുള്ളവരെ കേൾക്കുന്നതും സ്നേഹവും സ്വീകാര്യതയും വാഗ്ദാനം ചെയ്യുന്നതും കഷ്ടപ്പെടുന്നവരോട് അടുക്കുന്നതും എത്ര പ്രധാനമാണെന്ന് നമുക്ക് ആദ്യം ഓർമ്മിക്കാം. എന്നാൽ അതിന് നമ്മുടെ സഹോദരന്റെ വേദനയ്ക്ക് മുൻഗണന നല്കാൻ നാം പഠിക്കണമെന്നും ഇത് കഷ്ടപ്പെടുന്നവരുമായി കൂടുതൽ അടുക്കാൻ നമ്മെ തന്നെ അനുവദിക്കുമെന്നും പാപ്പ വ്യക്തമാക്കി.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പേശികളുടെയും അസ്ഥികളുടെയും വ്യാപകവും രൂക്ഷവുമായ വേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാൾജിയ ബാധിച്ചവരെക്കുറിച്ചും മാർപ്പാപ്പ തന്റെ വാക്കുകളിൽ പ്രതിപാദിച്ചു.

ഇത്തരം രോഗികൾക്ക് സംഭവിക്കാവുന്നതുപോലെ സാമ്പത്തികവും ധാർമ്മികവുമായ പിന്തുണയില്ലാതെ, വിട്ടുമാറാത്ത വേദനയും നിരാശയ്ക്കും വിശ്വാസമില്ലായ്മയ്ക്കും വിധേയരായി, ഒറ്റപ്പെട്ട് കഴിയുന്നവരുടെ വേദന മനസിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

കഷ്ടപ്പെടുന്നവരുടെ നിലവിളി

നമുക്ക് കഷ്ടപ്പെടുന്നവരുടെ നിലവിളി ഏറ്റെടുക്കുകയും അത് ശ്രവിക്കുകയും ചെയ്യാമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഒരു ശരീരത്തിലെ അംഗങ്ങളായി പ്രവർത്തിക്കുമ്പോൾ ഒരാളുടെ കഷ്ടപ്പാടുകൾ എല്ലാവരുടെയും കഷ്ടപ്പാടായി മാറുന്നു. ഓരോരുത്തരുടെയും സംഭാവനകൾ എല്ലാവരും ഒരു അനുഗ്രഹമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പ വിശദീകരിച്ചു.

"വേദന അനുഭവിക്കുന്നവരുമായി അടുക്കുന്നത് എളുപ്പമല്ല. നിങ്ങൾക്കത് നന്നായി അറിയാം. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്, നിരാശപ്പെടരുത്!" ആരെങ്കിലും തടസ്സങ്ങളോ തെറ്റിദ്ധാരണകളോ നേരിടുകയാണെങ്കിൽ, അവർ കഷ്ടപ്പെടുന്ന സഹോദരീസഹോദരന്മാരുടെ കണ്ണുകളിലേക്ക് നോക്കുകയും 'അവനെ പരിപാലിക്കുക' എന്ന നല്ല സമരിയാക്കാരന്റെ വാക്കുകൾ ഓർമ്മിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു.

യേശു നിങ്ങളെ നോക്കുന്നു

"ക്ലേശിക്കുന്നവരുടെ മുഖത്തേക്ക് നിങ്ങൾ നോക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങളെ നോക്കുന്നത് യേശു തന്നെയാണ്. നമുക്കുവേണ്ടി മരിക്കും വരെ നമ്മുടെ ബലഹീനതകൾ പങ്കിടാൻ തയ്യാറായ, പിന്നീട് ഉയിർത്തെഴുന്നേറ്റ്, ഒരിക്കലും നമ്മെ കൈവിടാത്ത യേശു! ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും തളരാതിരിക്കാനുള്ള ശക്തി നാം കണ്ടെത്തുന്നത് അവനിലാണ്" പാപ്പ പറഞ്ഞു.

തുടർന്ന് ഫ്രാൻസിസ് പാപ്പയുടെ അവസാന വാക്കുകൾ സന്നിഹിതരായ "രോഗികളായ സഹോദരീസഹോദരന്മാർക്ക്" വേണ്ടിയായിരുന്നു. നിങ്ങളുടെ ദുർബലതയിൽ, നിങ്ങൾ ദൈവത്തിന്റെ ഹൃദയത്തോട് അടുത്തിരിക്കുന്നുവെന്ന് മാർപ്പാപ്പ അവരോട് വ്യക്തമാക്കി.

"ദുരിതമനുഭവിക്കുന്നവരോടുള്ള സാമീപ്യവും ജീവകാരുണ്യത്തോടുള്ള മൂർത്തമായ പ്രതിബദ്ധതയും നമുക്കിടയിൽ വളരുന്നതിനും വേദനയുടെ ഒരു നിലവിളി കേൾക്കുന്നതിനും നമുക്ക് കഴിയണമെന്ന്" ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം അഭ്യർത്ഥിച്ചു.

പിന്നീട് തന്റെ മുമ്പിലുള്ള എല്ലാവരെയും അവരുടെ അജപാലന പ്രതിബദ്ധതയ്‌ക്കൊപ്പം അനുഗ്രഹിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.