തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പിന് നൽകാൻ 1850 കോടി രൂപ കടമെടുക്കുന്നു. സർക്കാർ കമ്പനിയായ വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നാണ് വായ്‌പയെടുക്കുന്നത്. ഇതിന് ധന വകുപ്പിന്റെ അനുമതി കിട്ടിയിട്ടുണ്ട്.
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ഹഡ്കോ അധികൃതരുമായി ചർച്ച നടത്തി. സർക്കാർ ഗാരന്റിയോടെ വായ്‌പ അനുവദിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്.
2024-25 ൽ വിഴിഞ്ഞം പദ്ധതി കമ്മിഷൻ ചെയ്യുമെങ്കിലും 15 വർഷത്തിന് ശേഷമേ സർക്കാരിന് ലാഭവിഹിതം ലഭിക്കൂ. ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് ലാഭവിഹിതം. അപ്പോൾ മാത്രം തിരിച്ചടവ് ആരംഭിച്ചാൽ മതിയെന്നതാണ് ഹഡ്കോ വായ്‌പയുടെ ആകർഷണം. ധാരണാപത്രം ഒപ്പിടും മുമ്പ് മറ്റ് വായ്‌പാസാദ്ധ്യതകളും പരിശോധിക്കും.
പുലിമുട്ടിന്റെ ആകെ നീളമായ 3100 മീറ്റർ പൂർത്തിയാകുമ്പോൾ 1450 കോടി രൂപ അദാനി ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് നൽകണമെന്നാണ് കരാറിലെ ധാരണ. ഘട്ടംഘട്ടമായി നൽകിയാൽ മതിയെങ്കിലും പുലിമുട്ട് 2000 മീറ്റർ പിന്നിട്ടിട്ടും കേന്ദ്രവും സംസ്ഥാനവും ഒരു രൂപയും നൽകിയിട്ടില്ല. ഇതിൽ 300 കോടിയും വയബിലിറ്റി ഗ്യാപ് ഫണ്ടായ 816 കോടിയിൽ 400 കോടിയും ഉടൻ വേണമെന്നാണ് അദാനിയുടെ ആവശ്യം. 2900 കോടി രൂപ നിക്ഷേപിക്കേണ്ടിടത്ത് 3600 കോടി രൂപ അദാനി നിക്ഷേപിച്ചു കഴിഞ്ഞു.
തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് സ്വകാര്യ സംരംഭകരെ കൂട്ടി 60,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും 5000 കോടി ചിലവുള്ള വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്‌ജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് വായ്‌പയെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.