ഏഴ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍: സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് കോടി; നിയമോപദേശങ്ങള്‍ക്ക് മാത്രം ഒന്നരക്കോടി

 ഏഴ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍: സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് കോടി; നിയമോപദേശങ്ങള്‍ക്ക് മാത്രം ഒന്നരക്കോടി

ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിയമിച്ചത് ഏഴ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളെ. ഇതിനായി ചെലവാക്കിയ തുക ആറ് കോടി. ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.

ഇതു കൂടാതെ കഴിഞ്ഞ നാല് വര്‍ഷം നിയമോപദേശങ്ങള്‍ക്കായി മുടക്കിയത് ഒന്നരക്കോടി രൂപ. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലെ കണക്കുകളാണിത്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 2016 ജൂണ്‍ മുതല്‍ ഇതുവരെ നിയോഗിച്ചത് ഏഴ് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളെയാണ്. ഏഴ് കമ്മീഷനുകള്‍ക്ക് ഇതുവരെയുള്ള ചെലവ് 6,01,11,166 രൂപയും.

ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ്. 2,77,44814 കോടി രൂപ. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ക്കരും തമ്മിലെ സംഘര്‍ഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം.

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ സിഎജി കണ്ടെത്തിയിരുന്നു. പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സി.എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷന്‍ ഉണ്ടാക്കി. മൂന്ന് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

എന്നാല്‍ കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ മോഹന്‍ കമ്മീഷനെ വെച്ചത് വലിയ വിവാദമായിരുന്നു. 2021 മെയ് ഏഴിനായിരുന്നു നിയമനം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടായിട്ടില്ല. ഇതുവരെ ചെലവ് 83,76 489 രൂപ.

ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമ സെക്രട്ടറിയും എജിയും രണ്ട് അഡീഷനല്‍ എജിമാരും പ്ലീഡര്‍മാരുടെ വന്‍ സംഘവുമുണ്ടായിട്ടും പുറത്തു നിന്നള്ള നിയമോപദേശങ്ങള്‍ക്കും ചെലവിടുന്നത് കോടികളാണ്. 2019 മുതല്‍ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങള്‍ക്ക് ചെലവാക്കിയത് 1,47, 40,000 രൂപയെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്‍കിയ മറുപടി.

സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്‍കി. സര്‍വ്വകലാശാല വി.സി നിയമന വിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി കഴിഞ്ഞ സഭാ സമ്മേളനതതില്‍ കണക്ക് വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.