ഓസ്‌ട്രേലിയക്കാരുടെ പ്രധാന വെല്ലുവിളി വിട്ടുമാറാത്ത രോഗങ്ങളെന്ന് പഠനം; അസുഖങ്ങൾ ഒഴിവാക്കാൻ അടിയന്തിര ധനസഹായം ആവശ്യമെന്നും റിപ്പോർട്ട്

ഓസ്‌ട്രേലിയക്കാരുടെ പ്രധാന വെല്ലുവിളി വിട്ടുമാറാത്ത രോഗങ്ങളെന്ന് പഠനം; അസുഖങ്ങൾ ഒഴിവാക്കാൻ അടിയന്തിര ധനസഹായം ആവശ്യമെന്നും റിപ്പോർട്ട്

സിഡ്‌നി: വിട്ടുമാറാത്ത രോഗങ്ങൾ അഥവാ ക്രോണിക് ഡിസീസസ് (Chronic disease) ഓസ്‌ട്രേലിയക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ഏകദേശം 90 ശതമാനം രോഗികളുടെയും മരണത്തിന് കാരണമാകുന്ന ഇത്തരം വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് തടയാൻ ഭരണകൂടത്തിന്റെ അടിയന്തിര ധനസഹായം ആവശ്യമാണെന്നും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു

പ്രേമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ, പക്ഷാഘാതം തുടങ്ങിയവയൊക്കെ വിട്ടുമാറാത്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. വിട്ടുമാറാത്ത രോഗങ്ങൾ ഇത്ര തീവ്രമാണെങ്കിലും രോഗങ്ങൾ തടയുന്നതിന് ആവശ്യമായ ഫണ്ടില്ല. സർക്കാർ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന ഈ രോഗങ്ങൾ ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ആരോഗ്യത്തിലേക്കുള്ള പ്രധാനപാതയാകുന്നതിനും ഓസ്‌ട്രേലിയയുടെ ഗതി മാറ്റുന്നതിനുള്ള ഒരു മാർഗം സജ്ജമാക്കുന്നത്തിനും ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ (ACDC) സഹായിക്കാൻ ഈ നിർണായക റിപ്പോർട്ടിന് കഴിയുമെന്നാണ് പ്രതീക്ഷ.

മാറിവരുന്ന സർക്കാരുകൾക്ക് കൃത്യമായി പിന്തുടരാൻ രോഗ നിയന്ത്രണ കേന്ദ്രം സ്വതന്ത്രമായിരിക്കണം. ഇതിനായി ഒരു പുതിയ സംഘടന മാത്രം മതിയാകില്ല, കൂടുതൽ പ്രതിരോധ ധനസഹായത്തിനായി സർക്കാരുകൾ പ്രതിജ്ഞാബദ്ധരാകണമെന്നും റിപ്പോർട്ടിന്റെ രചയിതാവും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹെൽത്ത് ആൻഡ് ഏജ്ഡ് കെയർ പ്രോഗ്രാം ഡയറക്ടറുമായ പീറ്റർ ബ്രെഡൺ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഓസ്‌ട്രേലിയയിൽ വിട്ടുമാറാത്ത രോഗങ്ങൾ 38 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് പകുതി ഓസ്‌ട്രേലിയക്കാരും ഇപ്പോൾ ഒരു വിട്ടുമാറാത്ത രോഗവുമായി ജീവിക്കുന്നു. 65 വയസിനു മുകളിലുള്ള ഓസ്‌ട്രേലിയക്കാരിൽ പകുതിയും രണ്ടോ അതിലധികമോ ഇത്തരം ദീർഘകാല രോഗങ്ങൾക്ക് അടിമകളാണ്.

എന്നാൽ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗാവസ്ഥകളുമായി ജീവിക്കാൻ 50 ശതമാനത്തിലേറെ സാധ്യതയുള്ള പിന്നാക്കാവസ്ഥയിലുള്ള ഓസ്‌ട്രേലിയക്കാരുടെ ജീവിതം കൂടുതൽ ദുസഹമാണെന്നും റിപ്പോർട്ട് പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഓസ്‌ട്രേലിയക്കാർ, കുറഞ്ഞ വരുമാനമുള്ളവർ, ആദിവാസി വിഭാഗത്തിലുള്ള ആളുകൾ എന്നിവരാണ് പിന്നാക്കാവസ്ഥയിലുള്ള ഓസ്‌ട്രേലിയക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

പൊതുജനാരോഗ്യത്തിനായി ഓസ്‌ട്രേലിയ ഓരോ വർഷവും ഒരാൾക്ക് 130 ഡോളർ മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. ഇത് കാനഡ ചെലവഴിക്കുന്നതിന്റെ മൂന്നിലൊന്നിലും യുകെ ചെലവഴിക്കുന്നതിന്റെ പകുതിയിൽ കുറവ് തുകയുമാണ്.

പുകയില, ഭക്ഷ്യ-പാനീയ വ്യവസായങ്ങളിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾ, സംസ്ഥാന-ഫെഡറൽ ഗവൺമെന്റുകൾ തമ്മിലുള്ള സഹകരണമില്ലായ്മ, ഹ്രസ്വകാല രാഷ്ട്രീയ ചിന്തകൾ എന്നിവയുടെ സ്വാധീനത്താൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിക്ഷേപം തടസ്സപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം റിപ്പോർട്ടിൽ അമിതവണ്ണം ഒരു പ്രത്യേക ആശങ്കയായി ഉയർത്തിയിട്ടുണ്ട്. 1980 മുതൽ ഓസ്‌ട്രേലിയയിൽ അമിതവണ്ണം ബാധിച്ചവരുടെ മൂന്നിരട്ടിയിലധികമായി വർദ്ധിച്ചു, ഇപ്പോഴും അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഭക്ഷ്യ വ്യവസായികൾ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പരസ്യങ്ങൾ നൽകുന്നത് തുടരുന്നു.

പുകവലി നിയന്ത്രിക്കുന്നതിനും ത്വക്ക് അർബുദം നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി എസിഡിസി നടത്തിയ മുൻകാല ശ്രമങ്ങൾ രോഗത്തെക്കാൾ കൂടുതൽ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് തെളിയിച്ചതായി റിപ്പോർട്ട് പറഞ്ഞു. 1990 കളിൽ സർക്കാരിന്റെ പിന്തുണയോടെയുള്ള വിദ്യാഭ്യാസ കാമ്പെയ്‌നുകൾക്ക് ശേഷം, അത്രയും നാൾ ഉണ്ടായിരുന്നതിന്റെ പകുതിയാണ് നിലവിൽ 30 വയസ്സാകുമ്പോഴേക്കും മെലനോമ (ചർമത്തെ ബാധിക്കുന്ന അർബുദം) ഉണ്ടാകാനുള്ള സാധ്യത.

വിട്ടുമാറാത്ത രോഗങ്ങൾ, പ്രത്യേകിച്ച് കുട്ടിക്കാലത്തെ അമിതവണ്ണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിരോധിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഡോ ബ്രൂസ് വില്ലറ്റ് പറഞ്ഞു.

വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നത് എസിഡിസിയുടെ ദൗത്യത്തിന്റെ ഭാഗമാക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൂടിയാലോചനകൾ നടത്തുന്നതിനുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ്. മഹാമാരികൾ തടയുന്നതിനുള്ള തയ്യാറെടുപ്പുകൾ, പകർച്ചവ്യാധികൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ തടയുന്നതിൽ എസിഡിസി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു.

അതേസമയം വിട്ടുമാറാത്ത രോഗാവസ്ഥകൾ എസിഡിസിയുടെ മുൻ‌ഗണനയാക്കാത്തത് നല്ല ഒരു അവസരം നഷ്ടമാക്കുന്നതിന് തുല്യമാണെന്ന് സിഡ്‌നി സർവകലാശാലയിലെ ആരോഗ്യ വിദഗ്ധയായ പ്രൊഫ ക്ലാര ചൗ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.