ശിവശങ്കര്‍ അഞ്ച് ദിവസം ഇ.ഡി കസ്റ്റഡിയില്‍; രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂര്‍ ഇടവേള

 ശിവശങ്കര്‍ അഞ്ച് ദിവസം ഇ.ഡി കസ്റ്റഡിയില്‍; രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂര്‍ ഇടവേള

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചു ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

പത്ത് ദിവസം കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ച് ദിവസം അനുവദിച്ചു. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ സമയം കസ്റ്റഡിയില്‍ വിടാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നിലാണ് ഇന്ന് ശിവശങ്കറിനെ ഹാജരാക്കിയത്.

അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ട്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ശിവശങ്കറിന് കൃത്യമായ പങ്കാളിത്തമുണ്ട്. ഇത് പുറത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടന്ന് ഇ.ഡി വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി അഞ്ചു ദിവസത്തേയ്ക്ക് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡില്‍ വിട്ടത്.

കോടതിയില്‍ ഇ.ഡിക്കെതിരെ ശിവശങ്കര്‍ പരാതി ഉന്നയിച്ചു. ഇന്നലെ രാത്രി 12 മണി വരെ തന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്തു. പ്രായം പോലും കണക്കാക്കാതെയായിരുന്നു ചോദ്യം ചെയ്യലില്‍. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ ധരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് കോടതി മാര്‍ഗരേഖ തയ്യാറാക്കി. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ അര മണിക്കൂര്‍ വിശ്രമം അനുവദിക്കണം. ആവശ്യമെങ്കില്‍ വൈദ്യ സഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.