മാര്‍പ്പാപ്പയുടെ സാന്ത്വനവുമായി വത്തിക്കാന്‍ പ്രതിനിധി ഭൂകമ്പ ബാധിതരെ നേരിട്ടു സന്ദര്‍ശിക്കും

മാര്‍പ്പാപ്പയുടെ സാന്ത്വനവുമായി വത്തിക്കാന്‍ പ്രതിനിധി   ഭൂകമ്പ ബാധിതരെ നേരിട്ടു സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയിലെയും തുര്‍ക്കിയിലെയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ്പ് നേരിട്ടു സന്ദര്‍ശിക്കും. ഫ്രാന്‍സിസ് പാപ്പ നല്‍കിയ പ്രാഥമിക സഹായത്തിനു പിന്നാലെയാണ് പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ഭൂകമ്പ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനാണ് ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ. ഇന്നു മുതല്‍ 21 വരെയാണ് സന്ദര്‍ശനം.

'വിനാശകരമായ ഭൂകമ്പത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള പരിശുദ്ധ പിതാവിന്റെ സാമീപ്യവും പ്രാര്‍ത്ഥനയും പ്രകടിപ്പിക്കാനും സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പുമാര്‍, കാരിത്താസ് പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താനുമാണ് ആര്‍ച്ച് ബിഷപ്പ് ഗുഗെറോട്ടി ഈ യാത്ര നടത്തുന്നത്.

ഫെബ്രുവരി ആറിനുണ്ടായ ശക്തമായ ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും കനത്ത നാശമാണ് സംഭവിച്ചത്. മരണസംഖ്യ 44000 കടന്നു. 1,20,000-ലധികം ആളുകള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. 2.4 ദശലക്ഷം ആളുകള്‍ ഭവനരഹിതരായി.

ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി മാര്‍പ്പാപ്പ പ്രാര്‍ത്ഥനകളും സഹായവും അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ആര്‍ച്ച് ബിഷപ്പിന്റെ നേരിട്ടുള്ള സന്ദര്‍ശനം.

ഫെബ്രുവരി 16-ന് വത്തിക്കാനില്‍ തുര്‍ക്കിയുടെ പുതിയ അംബാസഡര്‍ ഉഫുക് ഉലുതാഷിനെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ തുര്‍ക്കിക്കുള്ള പ്രോത്സാഹനത്തിന്റെ ഒരു ഹ്രസ്വ സന്ദേശവും പാപ്പാ കൈകൊണ്ട് എഴുതി നല്‍കി.

'രാജ്യം കടന്നു പോകുന്ന വലിയ ദുഃഖത്തിന്റെ ഈ സമയത്ത് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും തുര്‍ക്കി ജനതയ്‌ക്കൊപ്പമാണ്. പ്രിയ സഹോദരീ സഹോദരന്മാരേ, എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ അടുത്താണ്' - പാപ്പ സന്ദേശത്തില്‍ കുറിച്ചു.

സിറിയയിലും തുര്‍ക്കിയിലുമുള്ള പ്രാദേശിക സഭാ നേതാക്കളുമായും കത്തോലിക്കാ ചാരിറ്റികളുമായും ആര്‍ച്ച് ബിഷപ്പ് ഗുഗെറോട്ടി കൂടിക്കാഴ്ച നടത്തും.

ആദ്യം വിമാന മാര്‍ഗം ലെബനനിലെ ബെയ്റൂട്ടിലെത്തുന്ന ആര്‍ച്ച് ബിഷപ്പ് അവിടെ നിന്ന് കാറില്‍ സിറിയയിലെ ആലപ്പോയിലേക്കു പോകും. അവിടെ ഭൂകമ്പത്തില്‍ ഭവനരഹിതരായ ആളുകള്‍ക്ക് അഭയം നല്‍കുന്ന സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

ലത്തീന്‍ കത്തോലിക്കാ ഇടവകയില്‍ കുര്‍ബാന നടത്തുകയും പ്രാദേശിക കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരെയും മുസ്ലിം നേതാക്കളെയും സന്ദര്‍ശിക്കുകയും ചെയ്യും.

ഫെബ്രുവരി 19-ന് രാവിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്, കാത്തലിക് റിലീഫ് സര്‍വീസസ്, കാരിത്താസ് സിറിയ, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ്, അസോസിയോണ്‍ പ്രോ ടെറ സാങ്റ്റ തുടങ്ങിയ പ്രാദേശിക ചാരിറ്റികളുമായി കൂടിക്കാഴ്ച നടത്തും. ദുരിത ബാധിതര്‍ക്ക് അഭയം നല്‍കുന്ന പള്ളിയും അദ്ദേഹം സന്ദര്‍ശിക്കും. ഗ്രീക്ക്-മെല്‍കൈറ്റ് കത്തീഡ്രലില്‍ ദിവ്യകാരുണ്യ ആരാധന നടത്തും.

അടുത്ത ദിവസം ദമാസ്‌കസിലേക്കു പോകും. അവിടെ അദ്ദേഹം കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരുമായും ഗോത്ര പിതാക്കന്മാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബെയ്‌റൂട്ടിലെത്തി ഇസ്താംബൂളിലേക്ക് വിമാനത്തില്‍ മടങ്ങും.

ഫെബ്രുവരി 21ന് രാവിലെ തുര്‍ക്കിയിലെ കത്തോലിക്കാ ബിഷപ്പുമാരുമായും കാരിത്താസിന്റെ ചില പ്രാദേശിക നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26