വാഷിംഗ്ടൺ: കിഴക്കൻ സിറിയയിൽ അമേരിക്കൻ സൈന്യവും സിറിയൻ ഡെമോക്രാറ്റിക് സേനയും (എസ്‌ഡിഎഫ്) സംയുക്തമായി നടത്തിയ ഹെലികോപ്റ്റർ റെയ്ഡിൽ ഒരു ഐഎസ് തീവ്രവാദിയെ പിടികൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ മിന്നലാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ഉന്നത നേതാവിനെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
എസ്‌ഡിഎഫിന്റെ കാവലിലുള്ള തടങ്കൽ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഐഎസ് സിറിയ പ്രവിശ്യാ ഉദ്യോഗസ്ഥനായ ബതാറിനെ റെയ്‌ഡിൽ പിടികൂടിയതായി അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെൻറ്‌കോം) പ്രസ്താവനയിൽ പറയുന്നു.
അതേസമയം ബതാറിനെക്കുറിച്ചും റെയ്‌ഡിനെ കുറിച്ചും വിശദവിവരങ്ങൾ അമേരിക്ക നൽകിയിട്ടില്ല.
റെയ്ഡിൽ സാധാരണക്കാർക്കോ എസ്ഡിഎഫിനോ അമേരിക്കൻ സേനയ്‌ക്കോ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും സെൻറ്‌കോം നൽകിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി സിറിയയിൽ ഹെലികോപ്റ്ററിൽ മിന്നലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസമുണ്ടായത്. ഈ ആക്രമണത്തിൽ മുതിർന്ന ഐഎസ് നേതാവ് ഹംസ അൽ ഹോംസിയെ കൊല്ലപ്പെട്ടിരുന്നു. കൂടാതെ നാല് അമേരിക്കൻ സൈനികർക്കും ഒരു നായയ്ക്കും പരിക്കേറ്റതായും സെൻറ്‌കോം പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അൽ ഹോംസി കൊല്ലപ്പെടുകയും യുഎസ് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടന്നപ്പോൾ, അമേരിക്കൻ സേന അൽ-ഹോംസിയെ ജീവനോടെ പിടികൂടുന്നതിന് വളരെ അടുത്തായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ആത്മഹത്യാ വസ്ത്രം ഉപയോഗിച്ചത് മൂലമോ ആരെങ്കിലും സ്പർശിക്കുമ്പോൾ പൊട്ടിത്തെറിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ബൂബി ട്രാപ്പോ അതോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനം ഉണ്ടായത് എന്ന് ഇപ്പോൾ വ്യക്തമല്ല.
അതിനിടെ വടക്കുകിഴക്കൻ സിറിയയിലെ ഒരു സഖ്യസേനാ താവളത്തിന് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് ശനിയാഴ്ച വൈകുന്നേരം പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.
വടക്കുകിഴക്കൻ സിറിയയിലെ സഖ്യസേനയുടെ താവളമായ ഗ്രീൻ വില്ലേജിനെ ലക്ഷ്യമിട്ടുള്ള റോക്കറ്റ് ആക്രമണത്തിൽ അമേരിക്കൻ സൈനികർക്കും സഖ്യസേനയിലെ അംഗങ്ങൾക്കും പരിക്കേറ്റിട്ടില്ല. ഉപകരണങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സെൻറ്‌കോം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്ക്ക്...
സിറിയയിൽ അമേരിക്കൻ ആക്രമണത്തിൽ ഐഎസ് നേതാവ് കൊല്ലപ്പെട്ടു; തീവ്രവാദികൾ 53 സാധാരണക്കാരെ വധിച്ചതായി റിപ്പോർട്ടുകൾ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.