സിറിയയിൽ അമേരിക്കൻ ആക്രമണത്തിൽ ഐഎസ് നേതാവ് കൊല്ലപ്പെട്ടു; തീവ്രവാദികൾ 53 സാധാരണക്കാരെ വധിച്ചതായി റിപ്പോർട്ടുകൾ

സിറിയയിൽ അമേരിക്കൻ ആക്രമണത്തിൽ ഐഎസ് നേതാവ് കൊല്ലപ്പെട്ടു; തീവ്രവാദികൾ 53 സാധാരണക്കാരെ വധിച്ചതായി റിപ്പോർട്ടുകൾ

വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ (ഐഎസ്‌ഐഎല്‍) ഉന്നത നേതാവിനെ അമേരിക്കൻ, കുർദിഷ് സൈനികർ സംയുക്തമായി നടത്തിയ ഹെലികോപ്റ്റർ റെയ്‌ഡിൽ വധിച്ചു. ഹംസ അല്‍ ഹോംസി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. അതിനിടെ സിറിയയിലെ ഹോംസിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട്.

കിഴക്കൻ സിറിയയിലെ ഐഎസ് ഗ്രൂപ്പിന്റെ ശൃംഖലയുടെ മേൽനോട്ടം വഹിച്ചിരുന്നത് ഹംസ അൽ ഹോംസിയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വക്താവ് കേണൽ ജോ ബുച്ചിനോ വ്യക്തമാക്കി. കുറച്ച് മാസങ്ങൾക്ക് മുമ്പ് സിറിയയിൽ നടത്തിയ റെയ്ഡിനിടെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ മുൻ മേധാവി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡിസംബറിലാണ് പുതിയ ഉന്നത നേതാവിനെ തിരഞ്ഞെടുത്തത്.

സൈന്യം നടത്തിയ ആക്രമണത്തിൽ എസ്‌ഡിഎഫ് സൈനികർക്കോ സാധാരണക്കാർക്കോ പരിക്കേറ്റിട്ടില്ല. മറ്റൊരു റെയ്ഡിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൂടി കൊല്ലപ്പെട്ടുവെന്ന് കൂടുതൽ വിവരങ്ങൾ നൽകാതെ ബുച്ചിനോ കൂട്ടിച്ചേർത്തു.

മധ്യേഷ്യയിലെ അമേരിക്കൻ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) ചേര്‍ന്നാണ് ഭീകരസംഘടനയുടെ താവളത്തില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ നാല് അമേരിക്കന്‍ സൈനികര്‍ക്കും സൈന്യത്തിലെ നായക്കും പരിക്കേറ്റു.

ഭീകരരെ ലക്ഷ്യമാക്കി ഹെലികോപ്റ്ററില്‍ നിന്നും പ്രയോഗിച്ച ബോംബ് പൊട്ടിയാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇറാഖിലെ അമേരിക്കൻ സൈനിക ചികില്‍സാ കേന്ദ്രത്തില്‍ ഇവര്‍ക്ക് ചികില്‍സ നല്‍കി വരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.

സൊമാലിയയില്‍ ഐഎസ്‌ഐഎല്‍ നേതാവ് ബിലാല്‍ അല്‍ സുഡാനിയെ വധിച്ച് ഒരു മാസത്തിന് ശേഷമാണ് സിറിയയിലും അമേരിക്കൻ സൈന്യം നിര്‍ണായക നേട്ടമുണ്ടാക്കുന്നത്.

2019 ല്‍ വടക്കന്‍ സിറിയയില്‍ നടത്തിയ ആക്രമണത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യുഎസ് സൈന്യം വധിച്ചിരുന്നത്. ബാഗ്ദാദിയുടെ പിന്‍ഗായിയായി എത്തിയ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷിയെയും കഴിഞ്ഞ വര്‍ഷം അമേരിക്ക വധിച്ചു.

അതിനിടെ ജിഹാദിസ്റ്റ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സിറിയയിലെ മധ്യ മരുഭൂമി പ്രവിശ്യയായ ഹോംസിൽ നടന്ന ആക്രമണത്തിൽ 53 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാമിറയിലെ ആശുപത്രിയിൽ എത്തിച്ച എല്ലാവരുടെയും മൃതദേഹങ്ങളിൽ തലയിൽ വെടിയേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രിയിലെ റിപ്പോർട്ട് ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസി സന പറഞ്ഞു.

ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരായ ഇവർ മരുഭൂമിയിൽ ട്രഫിൾസ് എന്ന ഭക്ഷ്യകൂണ്‍ ശേഖരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഞ്ചുപേർ ചികിത്സയിലാണ്. തങ്ങളുടെ കാറുകൾ ഐഎസ് തീവ്രവാദികൾ കത്തിച്ചതായി രക്ഷപ്പെട്ടവരിൽ ഒരാൾ വിശദീകരിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സിറിയൻ സർക്കാരിന്റെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാണ് ഹോംസ് പ്രവിശ്യ. ഇവിടെ വലിയൊരു പ്രദേശം ഒരിക്കൽ ഐഎസ് ആണ് നിയന്ത്രിച്ചിരുന്നത്.

എന്നാൽ പിന്നീട് അമേരിക്കൻ പിന്തുണയുള്ള സൈനികർ, റഷ്യയുടെ പിന്തുണയുള്ള സർക്കാർ സേന, പ്രാദേശിക തീവ്രവാദികൾ, തുർക്കിയുടെ നിയന്ത്രണത്തിലുള്ള വിമതർ എന്നിവരുടെ പ്രത്യേക ആക്രമണങ്ങളിൽ അവർക്ക് ആ പ്രദേശത്തിന്റെ അധികാരം നഷ്ടപ്പെടുകയായിരുന്നു. അത് വീണ്ടെടുക്കാനുള്ള ആക്രമണങ്ങളാകാം ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.