ട്വിറ്ററിന്റെ സുരക്ഷാ ഫീച്ചറിന് നാളെ മുതൽ പണം നൽകണം; ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് സേവനം സൗജന്യം

ട്വിറ്ററിന്റെ സുരക്ഷാ ഫീച്ചറിന് നാളെ മുതൽ പണം നൽകണം; ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് സേവനം സൗജന്യം

ന്യൂയോർക്ക്: ട്വിറ്ററിന്റെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറിനും പണമീടാക്കാനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. എസ്.എം.എസ് മുഖേനയുള്ള ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA via SMS) ഫീച്ചറാണ് അക്കൗണ്ടുകൾ സൗജന്യമായി ഉപയോഗിക്കുന്നവരിൽ നിന്ന് എടുത്തുകളയുന്നത്. ഇനി മുതൽ പ്രതിമാസം 11 ഡോളർ നൽകി ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് മാത്രമാകും 2എഫ്എ സൗകര്യം ലഭ്യമാകുക.

പണം അടച്ചില്ലെങ്കിൽ അക്കൗണ്ടിന്‍റെ സുരക്ഷ ഫീച്ചർ നഷ്‌ടപ്പെടുമെന്ന് ട്വിറ്റർ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രതിമാസം എട്ട് ഡോളറാണ് ഉപഭോക്താക്കൾ നൽകേണ്ടി വരിക.

ട്വിറ്റർ അക്കൗണ്ട് ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു ടു ഫാക്ടർ ഒതന്റിക്കേഷൻ. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഈ സേവനം സൗജന്യമായി നൽകുന്നുണ്ട്. ഒരു വെബ്സൈറ്റിലേക്കോ ആപ്ലിക്കേഷനിലേക്കോ പ്രവേശനം ലഭിക്കാൻ ഉപഭോക്താക്കൾ സ്വയമേവ സൃഷ്‌ടിച്ച പാസ്‌വേഡിന് പുറമേ ഇലക്ട്രോണിക് ജനറേറ്റഡ് പാസ്കോഡ് കൂടി നൽകേണ്ടതുണ്ട്.

എസ്.എം.എസായി ലഭിക്കുന്ന ഒ.ടി.പി നമ്പർ രണ്ടാം ഘട്ടത്തിൽ നൽകിയാൽ മാത്രമാണ് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുക. ഇങ്ങനെ പാസ്‌വേഡിന് പുറമേ ലഭിക്കുന്ന സംരക്ഷണം അക്കൗണ്ടിനെ ഭദ്രമാക്കും.

ഇനി മുതൽ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് മാത്രമാകും ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. നിരവധി അധിക ഫീച്ചറുകളുമായി വരുന്ന ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനെടുക്കാൻ മൊബൈൽ യൂസർമാർ പ്രതിമാസം 900 രൂപ മുടക്കണം. വെബ് യൂസർമാർക്ക് 650 രൂപയാണ് ചാർജ്.

ചരിത്രപരമായി 2എഫ്എ ഒരു ജനപ്രിയ രൂപമാണെങ്കിലും എസ്.എം.എസ് വഴിയോ, ടെക്സ്റ്റ് മെസ്സേജുകൾ വഴിയോ ഉള്ള ഈ സംവിധാനം സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കമെന്നാണ് ട്വിറ്റർ അവകാശപ്പെടുന്നത്.

2021 ലെ കണക്കനുസരിച്ച്, ട്വിറ്റർ ഉപയോക്താക്കളിൽ 2.6 ശതമാനം മാത്രമേ 2എഫ്എ രീതി പ്രവർത്തനക്ഷമമാക്കിയിട്ടുള്ളൂ. അവരിൽ 74.4 ശതമാനം പേർ എസ്എംഎസ് വഴിയുള്ള ഓതന്റിഫിക്കേഷൻ ഉപയോഗിച്ചതായി ട്വിറ്റർ അക്കൗണ്ട് സുരക്ഷാ റിപ്പോർട്ട് പറയുന്നു.

എസ്.എം.എസ് വഴി ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അത് പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമുണ്ടെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. മാർച്ച് 20 ന് ശേഷം ഈ സുരക്ഷാ ഫീച്ചറിലേക്ക് ആക്‌സസ് ലഭിക്കാൻ ബ്ലൂ സബ്സ്ക്രൈബർമാർ അല്ലാത്ത ഒരു ഉപയോക്താവിനെയും ട്വിറ്റർ അനുവദിക്കില്ല.

കുറഞ്ഞ പരസ്യങ്ങൾ, കൂടുതൽ റീച്ച്, പേരിന് മുന്നിലൊരു ബ്ലൂ ടിക്ക്, ദൈർഘ്യമേറിയ വിഡിയോ പോസ്റ്റ് ചെയ്യാൻ കഴിയൽ, ദൈർഘ്യമേറിയ പോസ്റ്റുകൾ പങ്കുവെക്കാൻ കഴിയൽ തുടങ്ങി നിരവധി സവിശേഷതകളാണ് ബ്ലൂ യൂസർമാർക്ക് ലഭിക്കുന്നത്.

പണം നൽകാതെ എങ്ങനെ ട്വിറ്റർ അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

പണം നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കൾക്ക് രണ്ട് വഴികളുണ്ട്. ഒരു ഓതന്റിഫിക്കേഷൻ മൊബൈൽ ആപ്പ് അല്ലെങ്കിൽ ഒരു സുരക്ഷ കീ എന്നിവയാണ് ഒരു പാസ്‌വേഡിനപ്പുറം അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന രണ്ട് മാർഗങ്ങൾ.

ഒരു സുരക്ഷ കീ അല്ലെങ്കിൽ ഒരു പോർട്ടബിൾ ഉപകരണം നിങ്ങൾ ഒരു ഓൺലൈൻ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ക്രമരഹിതമായ നമ്പറുകൾ ആവശ്യപ്പെടാറുണ്ട്. ഒരു ഓതന്റിഫിക്കേഷൻ മൊബൈൽ ആപ്പും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്.

എന്നാൽ ഒരു പ്രത്യേക ഫിസിക്കൽ ഉപകരണത്തിന് പകരം, ആപ്പ് നിങ്ങളുടെ ഫോണിലാണ് ഉണ്ടാവുക എന്നത് മാത്രമാണ് വ്യത്യാസം. നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് സുരക്ഷിതമാക്കാൻ ഒരു ഓതന്റിഫിക്കേഷൻ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ മതിയാകും. ആപ്പിൾ അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ അവ സൗജന്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.