ലാഭത്തിന്റെ യുക്തിയില്‍ നിന്ന് പുറത്തുകടക്കാം; യേശുവിന്റെ അസാധാരണമായ സ്നേഹത്തിലേക്കു സ്വയം തുറക്കാം: മാര്‍പ്പാപ്പ

ലാഭത്തിന്റെ യുക്തിയില്‍ നിന്ന് പുറത്തുകടക്കാം; യേശുവിന്റെ അസാധാരണമായ സ്നേഹത്തിലേക്കു സ്വയം തുറക്കാം: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: പാപികളായ നമുക്കുവേണ്ടി കുരിശില്‍ മരണമേറ്റ യേശുവിനെപ്പോലെ, ലാഭത്തിന്റെ യുക്തിയില്‍ നിന്ന് പുറത്തുകടന്ന് ദൈവ സ്‌നേഹം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. കണക്കുകൂട്ടലുകള്‍ക്ക് അതീതമായി കവിഞ്ഞൊഴുകുന്ന ദൈവ സ്‌നേഹത്തിന്റെ അസാധാരണത്വത്തിലേക്ക് സ്വയം തുറക്കാനും ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നതായി മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി അഭിസംബോധന ചെയ്യവെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ഉദ്ബോധനം. ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 38 മുതല്‍ 48 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. ഒരു കരണത്തടിക്കുന്നവന് മറുകരണവും കാണിച്ചു കൊടുക്കുക, ശത്രുവിനെ സ്‌നേഹിക്കുക, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയ, യേശുവിന്റെ പ്രബോധനങ്ങളാണ് മാര്‍പ്പാപ്പാ പങ്കുവച്ചത്.

സുവിശേഷത്തില്‍ ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചു കൊടുക്കാനും ശത്രുവിനെ സ്‌നേഹിക്കാനും യേശു പറയുന്ന ഭാഗം വിരോധാഭാസമായി നമുക്കു തോന്നാം. നമ്മെ സ്നേഹിക്കുന്നവരെ തിരിച്ച് സ്നേഹിക്കുന്നത് സാധാരണമാണ്, എന്നാല്‍, യേശു നമ്മെ പ്രചോദിപ്പിക്കുന്നത് ഇങ്ങനെയാണ്: ഈ വിധത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അസാധാരണമായി നിങ്ങള്‍ എന്താണ് ചെയ്യുന്നത്?

'അസാധാരണം' എന്നത് സാധാരണ പരിധിക്കപ്പുറത്തേക്കു കടക്കുന്നതാണ്, അത് നമ്മുടെ പതിവു രീതികളെയും കണക്കുകൂട്ടലുകളെയും കവച്ചുവയ്ക്കുന്നു. എല്ലാം നമ്മുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരിക്കാന്‍ സകലതും നിയന്ത്രണത്തിലാക്കാന്‍ നാം ശ്രമിക്കുന്നു. എന്നാല്‍ കര്‍ത്താവ് 'ഇത് പോരാ' എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

നമ്മുടെ കൊടുക്കല്‍ വാങ്ങല്‍ തമ്മിലുള്ള സന്തുലിതാവസ്ഥ പതിവു പോലെ തുടര്‍ന്നാല്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ദൈവം ഈ യുക്തി പിന്തുടര്‍ന്നിരുന്നെങ്കില്‍, നമുക്ക് രക്ഷയെന്ന പ്രതീക്ഷ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ഭാഗ്യവശാല്‍, ദൈവ സ്നേഹം എല്ലായ്‌പ്പോഴും 'അസാധാരണമാണ്'. അത് മാനുഷിക ബന്ധങ്ങളുടെ സാധാരണ തലങ്ങള്‍ക്കപ്പുറമാണെന്നു മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

നമുക്കു പ്രയോജനപ്രദമായ യുക്തികളില്‍ നിലകൊള്ളാന്‍ നാം ശ്രമിക്കുമ്പോഴും അസാധാരണമായ സ്നേഹത്തിലേക്കു സ്വയം തുറക്കാനാണ് അവിടുന്ന് നമ്മോടാവശ്യപ്പെടുന്നത്. നാം എപ്പോഴും സമനിലയാകാന്‍ ശ്രമിക്കുമ്പോള്‍, സ്‌നേഹത്തിന്റെ അസന്തുലിതാവസ്ഥയില്‍ ജീവിക്കാന്‍ ക്രിസ്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

ദൈവം സന്തുലിതാവസ്ഥയിലായിരുന്നുവെങ്കില്‍, നമുക്ക് ഒരിക്കലും രക്ഷ കൈവരുമായിരുന്നില്ല. നാം വഴിതെറ്റി ദൂരെയായിരിക്കുമ്പോള്‍ യേശു നമ്മെ തേടി വരുമായിരുന്നില്ല. അവസാനം വരെ നമ്മെ സ്‌നേഹിക്കുമായിരുന്നില്ല.

അളവില്ലാതെ ലഭിക്കുന്ന ദാനങ്ങള്‍ക്കു പകരമായി ഒന്നും തിരിച്ചു നല്‍കാന്‍ ശേഷിയില്ലാത്ത നമുക്കു വേണ്ടി അവിടുന്ന് കുരിശിനെ പുല്‍കി. നാം പാപികളായിരിക്കേയാണ് ക്രിസ്തു നമുക്കു വേണ്ടി മരിച്ചത് എന്ന വസ്തുത ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെ പ്രകടമാക്കുന്നു.

ദൈവസ്‌നേഹം എല്ലായ്‌പ്പോഴും അത്യധികമായി നമ്മിലേക്ക് ഒഴുകുന്നു. അത് കണക്കുകൂട്ടലുകള്‍ക്കതീതമാണ്, അനുപാതമില്ലാത്തതാണ്. ഇപ്രകാരം ജീവിക്കാനാണ് അവിടുന്ന് നമ്മോടും ആവശ്യപ്പെടുന്നത്, കാരണം ഇപ്രകാരം മാത്രമേ ൈദവത്തിന് സാക്ഷ്യം വഹിക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ.

സ്വാര്‍ത്ഥ താത്പര്യത്തിന്റെ യുക്തിയില്‍ നിന്ന് കണക്കുകൂട്ടലുകളുടെയും സൗകര്യങ്ങളുടെയും അളവുകോല്‍ കൊണ്ട് സ്‌നേഹത്തെ അളക്കരുതെന്നും അവിടുന്ന് നിര്‍ദേശിക്കുന്നു. കാരണം ഈ സ്‌നേഹമാണ് സംഘര്‍ഷങ്ങളെ സാവധാനം പരിവര്‍ത്തനം ചെയ്യുകയും ദൂരങ്ങള്‍ കുറയ്ക്കുകയും ശത്രുതയെ അതിജീവിക്കുകയും വിദ്വേഷത്തിന്റെ മുറിവുകള്‍ ഉണക്കുകയും ചെയ്യുന്നത്.

തിന്മയോട് തിന്മ കൊണ്ട് പ്രതികരിക്കാനല്ല, മറിച്ച് നന്മ ചെയ്യാന്‍ ധൈര്യമുള്ളവരായിരിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു.

നമുക്ക് സ്വയം ചോദിക്കാം, ഞാന്‍ എന്റെ ജീവിതത്തില്‍ ലാഭത്തിന്റെ യുക്തിയാണോ അതോ, സൗജന്യത്തിന്റെ യുക്തിയാണോ പിന്തുടരുന്നതെന്ന്. ക്രിസ്തുവിന്റെ അനന്യ സാധാരണമായ സ്‌നേഹം എളുപ്പമല്ല, എന്നാലത് സാദ്ധ്യമാണ്.

കണക്കുകൂട്ടലുകളില്ലാതെ ദൈവത്തോട് 'സമ്മതം' എന്ന് ഉത്തരം നല്‍കി, തന്നെ ദൈവ കൃപയുടെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാക്കാന്‍ അവിടുത്തെ അനുവദിച്ച മാതാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം - പാപ്പ സന്ദേശം ഉപസംഹരിച്ചു.

യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.

സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പ ബാധിതര്‍ക്കു വേണ്ടിയും യുദ്ധത്താല്‍ കഷ്ടപ്പെടുന്ന ഉക്രെയ്ന്‍ ജനതയ്ക്കു വേണ്ടിയും ചുഴലിക്കാറ്റിനാല്‍ ദുരിതമനുഭവിക്കുന്ന ന്യൂസീലന്‍ഡിനായും പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. ദുരിതമനുഭവിക്കുന്നവരെ നാം മറക്കരുതെന്നും ദാനധര്‍മ്മങ്ങളില്‍ ശ്രദ്ധാലുക്കളാകാനും പാപ്പാ ആവശ്യപ്പെട്ടു.

പരിശുദ്ധ പിതാവ് ഭൂകമ്പ ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായവും അഭയാര്‍ത്ഥി ക്യാമ്പിലേക്കായി തെര്‍മല്‍ ഷര്‍ട്ടുകളും അയച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.