എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇനി കേന്ദ്ര സര്‍ക്കാരിന്റെ തത്സമയ നിരീക്ഷണത്തില്‍

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇനി കേന്ദ്ര സര്‍ക്കാരിന്റെ തത്സമയ നിരീക്ഷണത്തില്‍

ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് ഇനി കേന്ദ്രസർക്കാരിന്റെ തത്സമയ നിരീക്ഷണത്തിൽ. ഏപ്രിൽ ഒന്ന്ന് മുതൽ പുതിയ മാർഗരേഖയും ഇതിനായുള്ള പോർട്ടലും നിലവിൽ വരും.

കേന്ദ്ര നോഡൽ ഏജൻസിയുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് വഴി പദ്ധതി നടപ്പാക്കുന്നവർക്ക് നേരിട്ടാണ് പണമെത്തുക. ഇതിനായി എംപി ലാഡ് ഫണ്ട് കൈകാര്യം ചെയ്യാനായി മാത്രം ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ കേന്ദ്ര നോഡൽ അക്കൗണ്ട് തുറക്കും. ഇതിലേക്ക്‌ വരുന്ന ഫണ്ടിൽ ബാക്കിയുള്ളത് കേന്ദ്ര സഞ്ചിത നിധിയിലേക്ക് തിരിച്ചുപോകില്ല. മറിച്ച് അടുത്ത വർഷത്തേക്ക്‌ കൈമാറും.

പദ്ധതി നടപ്പാക്കുന്ന സംസ്ഥാന, ജില്ലാ അതോറിറ്റികളും പാർലമെന്റ് അംഗങ്ങളും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സബ്‌സിഡിയറി അക്കൗണ്ട് തുടങ്ങണം. ജില്ലാ നോഡൽ അതോറിറ്റിക്ക് അധികമായി സബ്‌സിഡിയറി അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ കേന്ദ്ര നോഡൽ ഏജൻസിയുടെ അനുമതിവാങ്ങണം.

ഏഴ് വർഷത്തിന് ശേഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ എംപി ലാഡ് മാർഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിർബന്ധമാക്കിയത്. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിലെ എംപി ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്റ്റ്‌ മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡൽ ഏജൻസിയായി നിയോഗിച്ചു. 

കേന്ദ്ര ഏജൻസി മുതൽ ഏറ്റവും താഴെയുള്ള ഏജൻസിയുടെ വരെ അക്കൗണ്ടുകൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് മാപ്പിങ് നടപ്പാക്കുക. എല്ലാ അക്കൗണ്ടുകളും പിഎഫ്എംഎസിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. ഇതിലെ വിവരങ്ങൾ ബാങ്കുകളുടെ വെബ് പോർട്ടലുകൾവഴി തത്സമയം പുതുക്കണം.

ജില്ലാ നോഡൽ ഏജൻസികൾക്ക് പണം പിൻവലിക്കാനുള്ള പരിധി കേന്ദ്ര നോഡൽ ഏജൻസി നിശ്ചയിക്കും. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലോ പാർലമെന്റംഗത്തിന്റെ കാലാവധി തുടങ്ങുമ്പോഴോ ആയിരിക്കുമിത്. 

പിൻവലിക്കൽ പരിധി ഉയർത്തുന്നത് ഓരോ കേസും വെവ്വേറെ പരിശോധിച്ച് കേന്ദ്ര നോഡൽ ഏജൻസിയായിരിക്കും. പദ്ധതികളുടെ നടത്തിപ്പ് ഏജൻസികളിൽ നിന്നുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേന്ദ്ര നോഡൽ ഏജൻസിക്ക് നേരിട്ട് നൽകണം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.