ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ മക്വാരി ദ്വീപിലുള്ള മറൈന്‍ പാര്‍ക്ക് മൂന്നിരട്ടി വിപുലീകരിച്ച് പുനര്‍രൂപകല്‍പ്പന ചെയ്യാനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. ടാസ്മാനിയ സംസ്ഥാനത്ത് ദശലക്ഷക്കണക്കിന് പെന്‍ഗ്വിനുകളുടെയും സീലുകളുടെയും ആവാസ കേന്ദ്രമായ മക്വാരി ദ്വീപും പരിസര പ്രദേശങ്ങളുമാണ് സംരക്ഷിത മേഖലയാകാന്‍ ഒരുങ്ങുന്നത്. പരിസ്ഥിതി മന്ത്രി ടാനിയ പ്ലിബര്‍സെക്കാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വന്യജീവികളുടെ അത്ഭതലോകമായ മക്വാരി ദ്വീപ് ദക്ഷിണ പസഫിക് സമുദ്രത്തിലെ ന്യൂസിലന്‍ഡിനും അന്റാര്‍ട്ടിക്കയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. 1997-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം, 388,000 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത മേഖലയില്‍ വരുന്നത്. അതായത് ജര്‍മ്മനി എന്ന രാജ്യത്തിന്റെ വലിപ്പം വരുമിത്.
ദശലക്ഷക്കണക്കിന് കടല്‍പ്പക്ഷികള്‍, സീലുകള്‍, പെന്‍ഗ്വിനുകള്‍ എന്നിവയുടെ നിര്‍ണായക ആവാസകേന്ദ്രമാണിത്. മക്വാരി ഐലന്‍ഡ് മറൈന്‍ പാര്‍ക്കിന്റെ വലുപ്പം മൂന്നിരട്ടിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ടാനിയ പ്ലിബര്‍സെക് പറഞ്ഞു. ഇതിന്റെ ഭാഗമായി ഭൂരിഭാഗം പ്രദേശങ്ങളിലും മത്സ്യബന്ധനം നിരോധിക്കും.
'മക്വാരി ദ്വീപിന് ചുറ്റുമുള്ള സമുദ്ര ജലത്തിന്റെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നത് ഭാവിയില്‍ ഈ സുപ്രധാന ആവാസവ്യവസ്ഥയെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തങ്ങളെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 34 കിലോമീറ്റര്‍ നീളമുള്ള കരയും ചുറ്റും വെള്ളവുമുള്ള പ്രദേശം കടല്‍പ്പക്ഷികള്‍ പെന്‍ഗ്വിനുകള്‍, സീലുകള്‍ എന്നിവയുടെ പ്രജനന കേന്ദ്രമാണ്.
മറൈന്‍ പാര്‍ക്കിന്റെ വിപുലീകരണം ഓസ്ട്രേലിയയുടെ സമുദ്രങ്ങളിലെ സംരക്ഷിത മേഖലയുടെ അളവ് 48.2% ആയി വര്‍ദ്ധിപ്പിക്കുമെന്ന് പ്ലിബര്‍സെക് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ പരിസ്ഥിതി സംരക്ഷകര്‍ സ്വാഗതം ചെയ്തു.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍, മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ജീവജാലങ്ങള്‍ക്ക് ഈ പ്രദേശം അഭയകേന്ദ്രമാകുമെന്ന് അന്റാര്‍ട്ടിക് കണ്‍സര്‍വേഷന്‍ മാനേജര്‍ എമിലി ഗ്രില്ലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അമൂല്യമായ വന്യജീവി സമ്പത്തിന് ഭീഷണിയാണ്. ഈ പ്രഖ്യാപനം സമുദ്ര സംരക്ഷണത്തിനുള്ള ഒരു പ്രധാന സംഭാവനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള മറൈന്‍ പാര്‍ക്ക് 1999 ലാണ് സ്ഥാപിതമായത്. എന്നാല്‍ പിന്നീട് ഇതിന് അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. പുതിയ നിര്‍ദ്ദേശം മേഖലയ്ക്ക് അര്‍ഹമായ സംരക്ഷണം ഉറപ്പാക്കുന്നുവെന്ന് പ്യൂ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാഷണല്‍ ഓഷ്യന്‍സ് മാനേജര്‍ ഫിയോണ മാക്‌സ്വെല്‍ പറഞ്ഞു.
സമുദ്രത്തിലെ താപനില ഉയരുന്നതും മത്സ്യബന്ധനം പോലുള്ള മറ്റ് ഭീഷണികളും മൂലം
സമുദ്രത്തിലെ സമ്പന്നമായ ജൈവിക സമ്പത്ത് നിലനില്‍ക്കാന്‍ പൊരുത്തപ്പെടുകയാണ്.
അതേസമയം, മത്സ്യ ബന്ധനം നിരോധിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മത്സ്യബന്ധന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന സീഫുഡ് ഇന്‍ഡസ്ട്രി ഓസ്ട്രേലിയ പറഞ്ഞു.
തൊഴില്‍, വിനോദസഞ്ചാരം, വിനോദം എന്നിവയ്ക്കായി സമുദ്രത്തെ ആശ്രയിക്കുന്നവര്‍ക്ക് കനത്ത പ്രഹരമാണ് ഈ പ്രഖ്യാപനമെന്ന് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് വെറോണിക്ക പാപകോസ്റ്റ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.