ഓസ്‌ട്രേലിയൻ അംബാസഡർ 'ബുഷ്മാസ്റ്ററിൽ' മടങ്ങിയെത്തണമെന്ന് ആഗ്രഹം: ഉക്രെയ്നിൽ വീണ്ടും എംബസി തുറക്കണമെന്ന് സെലെൻസ്‌കി

ഓസ്‌ട്രേലിയൻ അംബാസഡർ 'ബുഷ്മാസ്റ്ററിൽ' മടങ്ങിയെത്തണമെന്ന് ആഗ്രഹം: ഉക്രെയ്നിൽ വീണ്ടും എംബസി തുറക്കണമെന്ന് സെലെൻസ്‌കി

കീവ്: ബുഷ്മാസ്റ്റർ കവചിത വാഹനത്തിൽ ഓസ്‌ട്രേലിയൻ അംബാസഡർ ഉക്രെയ്നിലേക്ക് മടങ്ങിയെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. റഷ്യയുടെ അധിനിവേശത്തിന്റെ തുടക്കത്തിൽ പോളണ്ടിലേക്ക് മാറിയ അംബാസഡറെ തിരികെയെത്തിച്ച് യുദ്ധത്തിൽ തകർന്ന രാജ്യത്ത് എംബസി വീണ്ടും തുറക്കണമെന്നും ഓസ്‌ട്രേലിയയോട് സെലെൻസ്കി ആവശ്യപ്പെട്ടു.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സെലെൻസ്കി ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ രാജ്യവും ഓസ്‌ട്രേലിയയും തമ്മിൽ നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം നിറഞ്ഞ സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം വളരെയധികം പിന്തുണ നല്കുന്നതിലേക്ക് നയിച്ചു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഓസ്‌ട്രേലിയ ഏകദേശം 700 മില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും 90 ബുഷ്മാസ്റ്ററുകളും കൂടാതെ കവച വിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള പ്രതിരോധ ആയുധങ്ങൾ ആയിരുന്നു.

യുദ്ധത്തിന്റെ തുടക്കത്തിൽ ഉക്രെയ്‌നിലെ ഓസ്‌ട്രേലിയയുടെ നയതന്ത്ര ദൗത്യം പോളണ്ടിലേക്ക് മാറ്റിയതിന് ശേഷം മറ്റ് സഖ്യകക്ഷികൾക്ക് അനുസൃതമായി കീവിലേക്ക് അംബാസഡറെ സ്ഥലം മാറ്റാൻ ആൽബനീസി ഭരണകൂടം സമ്മർദ്ദത്തിലായിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ ഉദ്യോഗസ്ഥർക്ക് കീവിൽ ഇല്ലാത്തതിനാൽ പല സുപ്രധാന വിവരങ്ങളും ചർച്ചകളും നഷ്‌ടപ്പെടുന്നുവെന്ന് ഓസ്‌ട്രേലിയയിലെ ഉക്രേനിയൻ അംബാസഡർ വസിൽ മൈറോഷ്നിചെങ്കോ മുമ്പ് പറഞ്ഞിരുന്നു.

മറ്റ് രാജ്യങ്ങൾ ഉക്രെയ്‌നിലേക്ക് മടങ്ങിയെത്തിയിട്ടും, സുരക്ഷാ ഉപദേശം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ അംബാസഡറെ തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തെ വിദേശകാര്യ വകുപ്പ് ന്യായീകരിക്കുകയായിരുന്നു. അതേസമയം കീവിലെ ഓസ്‌ട്രേലിയൻ എംബസി ഇതിനകം തിരിച്ചെത്തിയ 67 രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളിൽ ചേരണമെന്ന് ഓസ്‌ട്രേലിയയുടെ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു.

അധിനിവേശത്തിന്റെ വാര്‍ഷികത്തില്‍ റഷ്യയ്‌ക്കെതിരായ പോരാട്ടത്തെ സഹായിക്കാന്‍ ഉക്രെയ്നിലേക്ക് കൂടുതല്‍ ഡ്രോണുകള്‍ അയയ്ക്കുമെന്ന് ആന്റണി ആൽബാനീസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യക്തമാക്കിയിരുന്നു. റഷ്യൻ സർക്കാരിനും സൈനികർക്കും മാധ്യമ പ്രവർത്തകർക്കുമെതിരായ ഉപരോധം വിപുലീകരിക്കുമെന്നും കീവിനൊപ്പം "എത്ര കാലം വേണമെങ്കിലും" നിൽക്കുമെന്ന പ്രതിജ്ഞയുടെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ ഔട്ട്‌ലെറ്റ് സ്പുട്‌നിക് ഉൾപ്പെടെ 90 റഷ്യന്‍ വ്യക്തികള്‍ക്കും 40 സ്ഥാപനങ്ങള്‍ക്കുമെതിരെ യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും അടക്കം പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഊര്‍ജ്ജം, വിഭവങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന റഷ്യന്‍ മന്ത്രിമാരും ആയുധ നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവ് കണ്‍സേണ്‍, വ്യോമയാന സ്ഥാപനമായ ടുപോളേവ്, അന്തര്‍വാഹിനി ഡെവലപ്പര്‍ അഡ്മിറല്‍റ്റി ഷിപ്പ്യാര്‍ഡ്‌സ് എന്നിവയുള്‍പ്പെടെ പ്രതിരോധത്തിലെ പ്രധാനികളും ഏറ്റവും പുതിയ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

റഷ്യയുടെ ആക്രമണത്തിൽ പങ്കാളികളായ 1,000 ത്തിലധികം വ്യക്തികൾക്കോ സംഘടനകൾക്കോ ഓസ്‌ട്രേലിയ ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.